മുംബൈ: മുംബൈ കോർപ്പറേഷന്റെ പരിസ്ഥിതി സൗഹൃദ ദീപാവലി പ്രചാരണത്തിൽനിന്ന് നടി ദിയ മിർസ ഉൾപ്പെട്ട വീഡിയോ നീക്കംചെയ്ത സംഭവത്തിൽ ബോംബെ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് ഓർമ്മിപ്പിച്ച കോടതി, വിവാദമായ വീഡിയോ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ ഉടനടി പുനഃസ്ഥാപിക്കാൻ നഗരസഭയോട് ഉത്തരവിട്ടു. വിഷയത്തിൽ കോടതി സ്വമേധയാ ഇടപെട്ട് കേസെടുക്കുകയായിരുന്നു.
ചില വ്യക്തികളുടെ സങ്കുചിത മനോഭാവം അത്യന്തം വേദനാജനകമാണെന്ന് ജസ്റ്റിസ് ഗിരീഷ് കുൽക്കർണി, ജസ്റ്റിസ് നീല ഗോഖലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണവും വായു-ശബ്ദ മലിനീകരണ നിയന്ത്രണവും ലക്ഷ്യമിട്ട് തയ്യാറാക്കിയ സന്ദേശത്തിന് വർഗീയനിറം നൽകിയത് നിർഭാഗ്യകരമാണ്. ജാതി, മത, വംശ ഭേദമന്യേ സമൂഹത്തിലെ ഓരോ വ്യക്തിയെയും ബഹുമാനിക്കാൻ പൗരന്മാർ ബാധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾക്കെതിരെ രംഗത്തുവന്ന രാഷ്ട്രീയ നേതാക്കൾ ഇത്തരം അവബോധങ്ങൾ മുൻകൈയെടുത്ത് പ്രചരിപ്പിക്കാറുണ്ടോ എന്നും കോടതി ആരാഞ്ഞു.
നഗരത്തിൽ വായുമലിനീകരണം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ, പടക്കങ്ങളുടെ ഉപയോഗം കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ദീപാവലി പ്രോത്സാഹിപ്പിക്കാനും ബോംബെ ഹൈക്കോടതിയുടെ മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സെലിബ്രിറ്റികളെ ഉൾപ്പെടുത്തി നഗരസഭ വീഡിയോ തയ്യാറാക്കിയത്. എന്നാൽ, ബി.ജെ.പി. മുംബൈ അധ്യക്ഷൻ അമിത് സതം, മേയർ റിതു താവ്ഡെ എന്നിവർ വീഡിയോയ്ക്കെതിരെ പ്രതിഷേധമുയർത്തിയതിനെത്തുടർന്ന് നഗരസഭ ഇത് പിൻവലിക്കുകയായിരുന്നു. തുടർന്നാണ് കർശന നിർദേശങ്ങളുമായി ഹൈക്കോടതി വീണ്ടും ഇടപെട്ടത്.
