കാഞ്ഞങ്ങാട്: സ്കൂട്ടറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിയെ മാറ്റാനുള്ള ആൾമാറാട്ടശ്രമം ഹൊസ്ദുർഗ് പോലീസ് പിടികൂടി. അപകടമുണ്ടാക്കിയ യഥാർഥ പ്രതിയായ കൊളവയൽ സ്വദേശി ദസ്തഗീർ (20), കുറ്റം സ്വന്തം തലയിലേറ്റെടുത്ത് പോലീസിനെ തെറ്റിദ്ധരിപ്പിച്ച ബേക്കൽ പള്ളിക്കര സ്വദേശി മുഹമ്മദ് റാഷിദ് (24) എന്നിവരെ ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം 22-ന് രാവിലെ 8:45-ന് അജാനൂർ ഇട്ടമ്മൽ കവലയിലായിരുന്നു കേസിനാസ്പദമായ അപകടം. കാഞ്ഞങ്ങാട്ട് ദീർഘകാലമായി കൂലിപ്പണി ചെയ്തുവന്നിരുന്ന തമിഴ്‌നാട് സ്വദേശി കൊളഞ്ചി (65) സൈക്കിളിൽ സഞ്ചരിക്കവേ, എതിരെവന്ന കെ.എൽ.60 എം.5464 നമ്പർ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണാനന്തരം ബന്ധുക്കൾ മൃതദേഹം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയിരുന്നു.
തുടർന്ന് അപകടമരണത്തിന് കേസെടുത്ത പോലീസ് സ്കൂട്ടറിന്റെ ആർ.സി. ഉടമയുമായി ബന്ധപ്പെട്ടു. ഉടമ വിദേശത്താണെന്നും വാഹനം ഉപയോഗിക്കുന്നത് ഭാര്യയാണെന്നും അറിയിച്ചതിനെത്തുടർന്ന്, താനാണ് സ്കൂട്ടർ ഓടിച്ചതെന്ന് അവകാശപ്പെട്ട് ബന്ധുവായ മുഹമ്മദ് റാഷിദ് ലൈസൻസുമായി സ്റ്റേഷനിൽ ഹാജരായി. ബന്ധുവായ കുട്ടിയെ സ്കൂളിലാക്കി മടങ്ങവേ മറ്റൊരു ബന്ധുവായ ദസ്തഗീറിനെ ഒപ്പംകൂട്ടി യാത്രചെയ്യുമ്പോഴാണ് അപകടമുണ്ടായതെന്ന് ഇയാൾ മൊഴി നൽകി. ഇതേത്തുടർന്ന് ഭാരതീയ ന്യായസംഹിതയിലെ 281, 106(1) വകുപ്പുകൾ പ്രകാരം റാഷിദിനെതിരെ പോലീസ് കേസെടുത്തു.
എന്നാൽ, അപകടസമയത്ത് സ്കൂട്ടറിൽ ഒരാൾ മാത്രമാണുണ്ടായിരുന്നതെന്ന നാട്ടുകാരുടെ പ്രതികരണത്തിൽ സംശയം തോന്നിയ എസ്.ഐ. കെ. ജ്യോതിഷ്‌കുമാർ അന്വേഷണം ഊർജിതമാക്കി. അപകടസ്ഥലത്തെയും പരിസരത്തെയും 15-ലധികം സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് ദൃക്‌സാക്ഷികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയതോടെയാണ് ആൾമാറാട്ടം പുറത്തുവന്നത്.
ഡ്രൈവിങ് ലൈസൻസില്ലാത്ത ദസ്തഗീറാണ് സ്കൂട്ടർ ഓടിച്ചിരുന്നതെന്നും, ഇയാളെ രക്ഷിക്കാനാണ് മുഹമ്മദ് റാഷിദ് കുറ്റം ഏറ്റെടുത്തതെന്നും പോലീസ് സ്ഥിരീകരിച്ചു. തുടർന്ന്, ഭാരതീയ ന്യായസംഹിതയിലെ വകുപ്പുകൾക്ക് പുറമെ മോട്ടോർ വാഹന നിയമത്തിലെ 3(1) വകുപ്പ് (ലൈസൻസില്ലാതെ വാഹനം ഓടിക്കൽ) കൂടി ചുമത്തി ദസ്തഗീറിനെതിരെ കേസെടുത്തു. പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജമൊഴി നൽകിയതിനും മുഹമ്മദ് റാഷിദിനെതിരെ കേരള പോലീസ് ആക്ട് 117(ഡി) പ്രകാരവും കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തു.
