കേരളത്തില് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള് കാണുന്നവരുടെ പട്ടിക തയ്യാറാക്കി സംസ്ഥാന പോലീസ്. സംസ്ഥാന പോലീസ് വകുപ്പിന് കീഴിലെ സിസിഎസ്ഇ (The Counter Child Sexual Exploitation) യൂണിറ്റാണ് കുട്ടികളുടെ അശ്ലീല വീഡിയോകള് കാണുന്ന 6,146 പേരുടെ പട്ടിക തയ്യാറാക്കിയത്.
2017ല് ഈ യൂണിറ്റ് സ്ഥാപിതമായതു മുതലാണ് ഇത്തരം വീഡിയോ കാണുന്നവരുടെ വിവരങ്ങള് ശേഖരിക്കാന് തുടങ്ങിയത്. നിലവില് 1,758 പേര്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികളെന്ന് സംശയിക്കുന്നവരില് നിന്ന് 3000ലധികം ഫോണുകളുള്പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. ഇതിനോടകം 400 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവിമാരുടെ സഹായത്തോടെ നടത്തുന്ന റെയ്ഡിലൂടെയാണ് പ്രതികളുടെ കൂടുതല് വിവരങ്ങള് ശേഖരിക്കുന്നതെന്നും സിസിഎസ്ഇ വൃത്തങ്ങള് അറിയിച്ചു. നിലവില് പോലീസിലെ സൈബര് ഡിവിഷന് കീഴില് പ്രവര്ത്തിക്കുന്ന സിസിഎസ്ഇ യൂണിറ്റ് സ്വന്തമായി വികസിപ്പിച്ച സോഫ്റ്റ് വെയറും മറ്റ് സ്വതന്ത്ര ടൂളുകളും ഉപയോഗിച്ചാണ് വിവരങ്ങള് ശേഖരിക്കുന്നത്.നാഷണല് ക്രൈം റെക്കോര്ഡ്സ് ബ്യൂറോയില് നിന്നുള്ള വിവരങ്ങളും സിസിഎസ്ഇ യൂണിറ്റിന് ലഭിക്കുന്നുണ്ട്. പ്രതികളില് പലരും പ്രത്യേക സോഫ്റ്റ് വെയര് ഉപയോഗിച്ച് ഫോണുകളില് നിന്ന് ഡേറ്റ ഡിലീറ്റ് ചെയ്യുന്നു. കൂടാതെ പിടിക്കപ്പെടാതിരിക്കാന് ഇവര് ഫോണുകള് നിരന്തരം മാറ്റി ഉപയോഗിക്കുന്നുണ്ട്. ഇതെല്ലാം തെളിവുകള് ശേഖരിക്കാന് വെല്ലുവിളി തീര്ക്കുന്നുവെന്നും സിസിഎസ്ഇ ഉദ്യോഗസ്ഥര് പറഞ്ഞു.
'ഫോണുകളില് നിന്നും മറ്റ് ഇലക്ട്രോണിക് ഡിവൈസുകളില് നിന്നും ഡേറ്റ ഡിലീറ്റ് ചെയ്ത നിരവധി കേസുകള് നമുക്ക് മുന്നിലെത്തിയിട്ടുണ്ട്. ചില കേസുകളില് പ്രതികളുടെ രണ്ട് മാസത്തെ ഓണ്ലൈന് ഹിസ്റ്ററി വിലയിരുത്തിയ ശേഷമാണ് വിവിധ ഏജന്സികള് ഞങ്ങള്ക്ക് വിവരം നല്കുന്നത്. അതുപ്രകാരം പ്രതികളെ പിടികൂടാന് എത്തുമ്ബോഴേക്കും അവര് തങ്ങളുടെ ഫോണുകളും ഇലക്ട്രോണിക് ഡിവൈസുകളും മാറ്റിയിട്ടുണ്ടാകും. അല്ലെങ്കില് അത്യാധുനിക സോഫ്റ്റ് വെയരഉപയോഗിച്ച് അവയില് നിന്ന് ഡേറ്റ ഡിലീറ്റ് ചെയ്തിട്ടുണ്ടാകും,' ഉദ്യോഗസ്ഥര് പറഞ്ഞു.
'ഈ കുറ്റകൃത്യം ചെയ്തതിന് ഒരിക്കല് പിടിയിലായവര് പിന്നീട് ഒരിക്കലും ഇത്തരം വീഡിയോകള് കാണാന് ശ്രമിക്കില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തില് വ്യക്തമായി. സ്ഥിരം കുറ്റവാളികള് ഈ വിഭാഗത്തിലില്ല. നിയമക്കുരുക്കിലകപ്പെട്ടവര് വീണ്ടും ഈ കുറ്റം ചെയ്യാന് ഭയപ്പെടുന്നു. ഓരോ തവണയും പുതിയ ആളുകളാണ് ഞങ്ങളുടെ പട്ടികയിലുള്പ്പെടുന്നത്,' ഉദ്യോഗസ്ഥര് ദി ന്യൂ ഇന്ത്യ എക്സ്പ്രസിനോട് പറഞ്ഞു.
പ്രതികള്ക്കെതിരെ രജിസ്റ്റര് ചെയ്യുന്ന കേസുകളുടെ സ്ഥിതിയെപ്പറ്റിയും ഉദ്യോഗസ്ഥര് വിശദമാക്കി. ഇത്തരം കേസുകളിലെ ഇരകളുടെ പ്രായം സ്ഥിരീകരിക്കുന്നതില് കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഇതോടെ പ്രതികള്ക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ നിയമസാധുത ചോദ്യപ്പെടും. നിയമപ്രകാരം ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടവരുടെ പ്രായം
തെളിയിക്കാന് അവരുടെ ജനന സര്ട്ടിഫിക്കറ്റ്, സ്കൂള് സര്ട്ടിഫിക്കറ്റ്, മെഡിക്കല് സര്ട്ടിഫിക്കറ്റ് എന്നിവ പോലീസ് ഹാജരാക്കണം.
എന്നാല് ഇത്തരം കേസുകളില് ഈ രേഖകള് ഹാജരാക്കാന് പോലീസിന് കഴിയാറില്ല. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളടങ്ങിയ വീഡിയോകളില് ഭൂരിഭാഗവും രാജ്യത്തിന് പുറത്തുനിന്നുള്ളവയാണ്. അതിനാല് പ്രതികള്ക്കെതിരെ പോക്സോ വകുപ്പുകള് ചുമത്താനും കഴിയില്ല. അതേസമയം ചൈല്ഡ് പോണോഗ്രഫി നിയമവിരുദ്ധമാക്കുന്ന ഐടി ആക്ടിലെ സെക്ഷന് 67ബി പല കേസുകളിലും പോലീസിന് പിടിവള്ളിയാകാറുണ്ട്.