കായംകുളം: സ്വർണ ബ്രേസ് ലെറ്റ് മോഷ്ടിച്ചുവെന്നാരോപിച്ച് ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തതിനെത്തുടർന്ന് മധ്യവയസ്‌കൻ മരിച്ച സംഭവത്തിൽ മൂന്നും നാലും അഞ്ചും പ്രതികളെ കായംകുളം ജ്യുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ചേരാവള്ളി സ്വദേശിയായ 49 വയസ്സുള്ള സജി എന്ന ഷിബുവാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 8ന് വൈകുന്നേരം 06:30-ഓടു കൂടിയാണ് സംഭവം. ബീഡി വാങ്ങാൻ പോയി തിരികെ വരുന്ന വഴി വീടിന് സമീപത്തെ തോട്ടിൽ വീണ ഷിബുവിനെ, ഭാര്യയുടെ നിലവിളി കേട്ട് എത്തിയ അയൽവാസികളായ ഏഴോളം പേർ കനാലിൽ നിന്നും കരകയറ്റിയ ശേഷം മോഷണത്തിന്റെ പേരിൽ മർദ്ദിക്കുകയായിരുന്നു.
നാലാം പ്രതിയായ വിഷ്ണുവിന്റെ രണ്ട് വയസുള്ള മകന്റെ കൈയിൽ കിടന്ന രണ്ടര ഗ്രാം തൂക്കം വരുന്ന സ്വർണ്ണ ബ്രേസ് ലെറ്റ് മോഷണം ചെയ്‌തെടുത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ അറസ്റ്റിലായ കായംകുളം വില്ലേജിൽ ചേരാവള്ളി മുറിയിൽ കുന്നയ്യത്ത് കോയിക്കൽ വീട്ടിൽ സുരേഷിന്റെ ഭാര്യ കനി (51), കനിയുടെ മകൻ വിഷ്ണു (30), വിഷ്ണുവിന്റെ ഭാര്യ ചിഞ്ചു എന്ന അഞ്ജന (28) എന്നിവരെയാണ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. കായംകുളം ഡിവൈ.എസ്.പി. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷായുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.