പാലാ: പ്രളയത്തിന് പിന്നാലെ പാലാ നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമുള്ള കുടിവെള്ള സ്രോതസ്സുകളിൽ ഗുരുതരമായ മലിനീകരണം കണ്ടെത്തി. ആൽഫോൻസാ കോളേജിലെ പി.ജി. ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തിയ സമഗ്ര ജലപരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പരിശോധിച്ച ജലസാംപിളുകളിൽ 67 ശതമാനത്തിലും അപകടകാരിയായ ഇ-കോളി (E. coli) ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
പാലാ നഗരസഭയിലെ 23 വാർഡുകൾ, സമീപ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ കിണറുകൾ ഉൾപ്പെടെയുള്ള ഇരുനൂറോളം സ്രോതസ്സുകളിൽ നിന്നാണ് സാംപിളുകൾ ശേഖരിച്ചത്. ജലത്തിന്റെ പി.എച്ച് (pH), ടി.ഡി.എസ് (TDS), ആൽക്കലിനിറ്റി, ക്ലോറിനിറ്റി, ടോട്ടൽ ഹാർഡ്നസ്, സൾഫേറ്റ്, ഫീക്കൽ കോളിഫോം, ഇ-കോളി തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു ശാസ്ത്രീയ പരിശോധന.
മലിനീകരണത്തിന്റെ തീവ്രതയും ആരോഗ്യപ്രശ്നങ്ങളും
മനുഷ്യ-മൃഗ വിസർജ്യങ്ങളിലൂടെയാണ് ജലത്തിൽ ഇ-കോളി ബാക്ടീരിയ പടരുന്നത്.
ഇ-കോളിക്ക് പുറമെ, പല സാംപിളുകളിലും പി.എച്ച്, ടി.ഡി.എസ് തോതുകളും അനുവദനീയമായ പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വെള്ളം നേരിട്ട് ഉപയോഗിക്കുന്നത് കോളറ, ടൈഫോയ്ഡ്, വയറിളക്കം തുടങ്ങിയ ഗുരുതരമായ ജലജന്യ രോഗങ്ങൾക്ക് വഴിവെക്കുമെന്നതിനാൽ അടിയന്തര മുൻകരുതലുകൾ അനിവാര്യമാണ്.
പ്രധാന നിർദേശങ്ങൾ
വെള്ളം തിളപ്പിച്ചുമാത്രം കുടിക്കുക: കുടിവെള്ളം കുറഞ്ഞത് 100°C-ൽ തിളപ്പിച്ചാറ്റിയ ശേഷം മാത്രം ഉപയോഗിക്കുക.
സ്രോതസ്സുകളുടെ ക്ലോറിനേഷൻ: കിണറുകളും ടാങ്കുകളും നിശ്ചിത അളവിൽ ശാസ്ത്രീയമായി ക്ലോറിനേറ്റ് ചെയ്യുകയും, തുടർന്ന് വീണ്ടും ഗുണനിലവാര പരിശോധന നടത്തുകയും വേണം.
ചോർച്ചാ പരിശോധന:
കിണറുകൾ, കുഴൽക്കിണറുകൾ എന്നിവയുടെ സമീപമുള്ള ഡ്രെയിനേജ് സംവിധാനങ്ങളിലും സെപ്റ്റിക് ടാങ്കുകളിലും ചോർച്ചയോ വിള്ളലുകളോ ഇല്ലെന്ന് ഉറപ്പുവരുത്തുക. തുടർനിരീക്ഷണങ്ങൾ: പ്രളയാനന്തര ജലപരിശോധന എല്ലാ തദ്ദേശ സ്ഥാപനങ്ങളും നിർബന്ധമാക്കണം.
മീനച്ചിലാറിന്റെ തീരപ്രദേശങ്ങളായ പാലാ, കരൂർ, ഭരണങ്ങാനം, ഈരാറ്റുപേട്ട, പൂഞ്ഞാർ, മുത്തോലി, കടനാട്, കിടങ്ങൂർ മേഖലകളെ ഉൾപ്പെടുത്തി ഒരു വർഷം നീളുന്ന തുടർ ജലപഠനത്തിനും ഗവേഷക സംഘം തുടക്കം കുറിച്ചിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യസുരക്ഷ മുൻനിർത്തി അടിയന്തര സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ തദ്ദേശ ഭരണകൂടവും ആരോഗ്യ വകുപ്പും ഊർജിതമാക്കണമെന്ന ആവശ്യം ശക്തമാണ്.KH news correspondent.
https://www.keralahotelnews.com/2026/10/25.html