- 🔺സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്.
- 🔺വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം.
- 🔺വയനാട്ടിൽ കർശന നിർദേശം.

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് ടൂറിസം വകുപ്പിനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾക്കും (ഡി.ടി.പി.സി.) പ്രത്യേക നിർദേശം നൽകി. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും സമീപ പ്രദേശങ്ങളിലുമുള്ള വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങളോട് ചേർന്നുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തുന്നത്. മുന്നറിയിപ്പുകൾ പിൻവലിക്കുന്നതുവരെ ഈ നിയന്ത്രണങ്ങൾ തുടരണമെന്ന് അധികൃതർ വ്യക്തമാക്കി.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര മേഖലകളിലേക്കുള്ള പ്രവേശനത്തിനും മഴ ശമിക്കുന്നതുവരെ കർശന നിയന്ത്രണമുണ്ടാകും. അപകടസാധ്യതയുള്ള പാതകളിൽ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കാനും ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനും നിർദേശമുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും എത്തുന്ന സഞ്ചാരികളിലേക്ക് സുരക്ഷാ മുന്നറിയിപ്പുകൾ എത്തിക്കാനും, അപകടങ്ങളോ ഒറ്റപ്പെടലുകളോ ഉണ്ടായാൽ ബന്ധപ്പെടാനുള്ള അടിയന്തര ഹെൽപ്പ്ലൈൻ നമ്പറുകൾ ലഭ്യമാക്കാനും പ്രത്യേക നടപടികൾ സ്വീകരിക്കും.
അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ ആരംഭിക്കും.
വയനാട്ടിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ് പോയിന്റുകൾ, അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങൾ, ഹോംസ്റ്റേകൾ എന്നിവയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ.