കണ്ണൂർ: ഡൽഹിയിൽ നടക്കുന്ന വിവിധ പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കാൻ കേരളത്തിൽനിന്ന് എത്തുന്ന, പ്രത്യക്ഷ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത യുവതീയുവാക്കളുടെ വിവരങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം (ഐ.ബി.) നിരീക്ഷിക്കുന്നു. അംഗീകൃത രാഷ്ട്രീയ-യുവജന സംഘടനകളിൽ ഉൾപ്പെടാത്ത നൂറുകണക്കിനാളുകൾ തലസ്ഥാനത്തെ സമരങ്ങളിൽ പങ്കെടുക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവരെ ഡൽഹിയിലെത്തിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശമുണ്ട്.
ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസി സംസ്ഥാന പോലീസിൽനിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും സമാന്തരമായി റിപ്പോർട്ട് തയ്യാറാക്കും. സമരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥി-യുവജന സംഘടനാ പ്രവർത്തകരുടെ കൃത്യമായ കണക്കുകൾ നേതാക്കൾ നൽകാറുണ്ട്. എന്നാൽ, ഒരു സംഘടനയിലും രജിസ്റ്റർ ചെയ്യാത്ത യുവാക്കൾ വലിയ തോതിൽ ഡൽഹിയിലെത്തുന്നത് സുരക്ഷാ വിഭാഗങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളുമായി ബന്ധമുള്ളവരും നിരോധിത സംഘടനകളുടെ മുൻ പ്രവർത്തകരും ഇത്തരം സംഘങ്ങളിലുണ്ടോയെന്ന് സ്പെഷ്യൽ ബ്രാഞ്ച് പരിശോധിച്ചുവരികയാണ്.
സമരക്കാർ ഡൽഹിയിൽ തങ്ങുന്ന സ്ഥലങ്ങൾ, അവർക്ക് ലഭ്യമാകുന്ന പ്രാദേശിക സഹായങ്ങൾ, സാമ്പത്തിക സ്രോതസ്സുകൾ എന്നിവയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന സമരത്തിൽ രഹസ്യാന്വേഷണ വിവരങ്ങൾ മുൻകൂട്ടി ലഭിക്കുന്നതിൽ വീഴ്ചയുണ്ടായതായി ഡൽഹി പോലീസ് വിലയിരുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരീക്ഷിക്കുന്നതിനുള്ള ഇന്റലിജൻസ് സംവിധാനം വിപുലീകരിച്ചത്.
ഡൽഹിയിലെത്തുന്നവരുടെ രാഷ്ട്രീയ പശ്ചാത്തലം, സഹകരിക്കുന്ന സംഘടനകൾ, താമസസൗകര്യമൊരുക്കുന്നവർ, നേതാക്കളുടെയും സംഘാടകരുടെയും പങ്കാളിത്തം, ആളുകളെ സംഘടിപ്പിക്കുന്ന രീതി എന്നിവ സംബന്ധിച്ച് സമഗ്രമായ വിവരങ്ങൾ ശേഖരിക്കാൻ ഇന്റലിജൻസ് വിഭാഗത്തിനും സ്പെഷ്യൽ ബ്രാഞ്ചിനും നിർദേശം നൽകിയിട്ടുണ്ട്.