പട്‌ന: ബിഹാറിലെ സമസ്തിപുരിൽ വീടിന് പുറത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഗുജറാത്തിലെ സൂറത്തിൽനിന്ന് മകൻ പോലീസിന്റെ പിടിയിലായി. സമസ്തിപുർ ദർവ ഗ്രാമവാസിയായ രഘുവീർ സാഹ്നി (50) കൊല്ലപ്പെട്ട കേസിലാണ് മകൻ ശിവ് ശങ്കറിനെ (26) പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 26-ന് രാത്രിയിലായിരുന്നു സംഭവം.
കുടുംബസ്വത്ത് വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും കുടുംബപ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ജോലിസംബന്ധമായി സൂറത്തിൽ താമസിക്കുകയായിരുന്ന പ്രതി, പിതാവിനെ വധിക്കാൻ മുൻകൂട്ടി പദ്ധതി തയ്യാറാക്കിയാണ് നാട്ടിലെത്തിയത്.
ആസൂത്രിത നീക്കങ്ങൾ
സൈബർ തെളിവുകൾ ഒഴിവാക്കുന്നതിനായി യാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ ശിവ് ശങ്കർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ട്രെയിൻ മാർഗം പട്‌നയിലും തുടർന്ന് ഹാജിപുരിലും എത്തിയ പ്രതി, വൈകുന്നേരത്തോടെ സമസ്തിപുരിലെ പട്ടോറി റെയിൽവേ സ്റ്റേഷനിലിറങ്ങി. അവിടെനിന്ന് ഓട്ടോറിക്ഷയിലും തുടർന്ന് നാല് കിലോമീറ്ററോളം വിജനമായ വഴികളിലൂടെ നടന്നുമാണ് അർദ്ധരാത്രിയോടെ സ്വന്തം ഗ്രാമത്തിലെത്തിയത്.
പിൻവാതിലിലൂടെ വീടിനകത്ത് കടന്ന ശിവ് ശങ്കർ, അവിടെ സൂക്ഷിച്ചിരുന്ന കോടാലിയെടുത്ത് വീടിന് മുൻവശത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന രഘുവീറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ആയുധം അവിടെത്തന്നെ ഉപേക്ഷിച്ച് ഇയാൾ ഉടൻ റെയിൽവേ സ്റ്റേഷനിലേക്ക് മടങ്ങി.
പിഴച്ച ഫോൺ കോൾ;
കൊലപാതകം നടത്തി തിരികെ പോകാൻ പട്ടോറി റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതി, ഫോൺ ഓൺ ചെയ്ത് ഭാര്യയെ വിളിച്ചു സംസാരിച്ചു. തുടർന്ന് വീണ്ടും ഫോൺ ഓഫ് ചെയ്തെങ്കിലും ഈ ഒറ്റ കോൾ അന്വേഷണസംഘത്തിന് നിർണായക തെളിവായി മാറി.
പിതാവിന്റെ സംസ്കാരച്ചടങ്ങിൽ മകൻ പങ്കെടുക്കാതിരുന്നത് പോലീസിന് ആദ്യമേ സംശയത്തിന് ഇടയാക്കിയിരുന്നു. സൈബർ സെൽ നടത്തിയ വിശദമായ ടവർ ലൊക്കേഷൻ പരിശോധനയിൽ, കൊലപാതകം നടന്ന രാത്രിയിൽ ശിവ് ശങ്കറിന്റെ ഫോൺ പട്ടോറി സ്റ്റേഷൻ പരിധിയിൽ സജീവമായിരുന്നെന്നും തുടർന്ന് 36 മണിക്കൂറുകൾക്ക് ശേഷം സൂറത്തിൽ വെച്ച് ഓൺ ആയെന്നും കണ്ടെത്തി.
ഫോറൻസിക് പരിശോധനയിൽ കൊല്ലപ്പെട്ടയാളുമായി അടുത്ത ബന്ധമുള്ള ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലെത്തിയിരുന്നു. ഡിജിറ്റൽ തെളിവുകളുടെയും ഫോൺ രേഖകളുടെയും അടിസ്ഥാനത്തിൽ സൂറത്തിലെത്തിയ ബിഹാർ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പട്ടോറി ഡി.എസ്.പി ബി.കെ. മേഘാവി അറിയിച്ചു.
