ചണ്ഡിഗഡ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പഞ്ചാബിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ (എഎപി) സർപഞ്ച് അശ്വനി കുമാർ വെടിയേറ്റു മരിച്ചു. തൺ തരൺ ജില്ലയിലെ ടൂട്ട് ഗ്രാമത്തിലെ സർപഞ്ചായ ഇദ്ദേഹത്തിന് നേരെ ചൊവ്വാഴ്ച പ്രാദേശിക വിപണിയിലേക്ക് പോകുന്നതിനിടെയാണ് അജ്ഞാതർ വെടിയുതിർത്തത്. ആക്രമണത്തിൽ ഒപ്പമുണ്ടായിരുന്ന സഹായി ചാംകൗർ സിംഗിന് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് സമാനമായ രീതിയിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്.
മകൻ, അക്കൗണ്ടന്റ്, ഡ്രൈവർ എന്നിവർക്കൊപ്പം ഇന്നോവ കാറിൽ സഞ്ചരിക്കുകയായിരുന്ന അശ്വനി കുമാറിനെ ബൈക്കിലെത്തിയ സംഘം വഴിയിൽ തടഞ്ഞ് തുരുതുരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അശ്വനി കുമാറിനെ ഉടൻ തന്നെ പാട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സഹായി ചികിത്സയിൽ തുടരുകയാണ്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് ഗുരുതരമായ ആശങ്കകളുയർത്തി ലുധിയാനയിലും അമൃത്സറിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ശനിയാഴ്ച ലുധിയാനയിലെ മനേവാൾ ഗ്രാമത്തിലെ മുൻ സർപഞ്ച് നവ്തേജ് സിംഗ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. വീട്ടിലേക്ക് മടങ്ങുകയായിരുന്ന അദ്ദേഹത്തിന്റെ കാർ തടഞ്ഞ് ബൈക്കിലെത്തിയ അക്രമികൾ പത്ത് റൗണ്ടോളം വെടിയുതിർക്കുകയായിരുന്നു. കാറിലെ ഡാഷ്‌ക്യാമിൽ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
അതേദിവസം അമൃത്സറിൽ മേക്കപ്പ് ആർട്ടിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മാഡ് സന്ധുവും (മധുസൂദൻ) വെടിയേറ്റ് കൊല്ലപ്പെട്ടു. എൽജിബിടിക്യു+ (LGBTQ+) സമൂഹത്തിലെ അംഗമായിരുന്ന സന്ധുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഒരു ഗുണ്ടാസംഘാംഗത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഏറ്റെടുത്തിരുന്നു. തുടർച്ചയായ ഇത്തരം കൊലപാതകങ്ങൾ സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായി തകർന്നതിന്റെ തെളിവാണെന്ന വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്.