നേപ്പാളിലെ നുവാകോട്ട് ത്രിശൂലി താഴ്‌വരയിലുള്ള ത്രിഭുവൻ ത്രിശൂലി സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പലും ഇംഗ്ലീഷ് അധ്യാപകനുമായ രാജേന്ദ്ര ദവാഡിയുടെ (47) അവസരോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി.
ബുധനാഴ്ച രാവിലെ 9:20-ന് ഗ്രാമം പ്രളയത്തിൽ ഒലിച്ചുപോയെന്നും ഉടൻ ഒഴിഞ്ഞുപോകണമെന്നും കാണിച്ച് അദ്ദേഹത്തിന് ഒരു സുഹൃത്തിന്റെ ഫോൺ സന്ദേശം ലഭിച്ചു. ആ സമയം 1,643 വിദ്യാർഥികളാണ് സ്‌കൂളിൽ ഉണ്ടായിരുന്നത്. നദിയിൽ നിന്ന് ഏകദേശം 60 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കോൺക്രീറ്റ് കെട്ടിടമായതിനാൽ തുടക്കത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് കരുതിയതെങ്കിലും, ജലനിരപ്പ് അതിവേഗം ഉയരുന്നതായി തൊട്ടുപിന്നാലെ മറ്റൊരു രക്ഷിതാവ് നേരിട്ടെത്തി മുന്നറിയിപ്പ് നൽകി.
സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കിയ പ്രിൻസിപ്പൽ ഉടൻ തന്നെ അപായമണി മുഴക്കുകയും ക്ലാസ് മുറികൾ പൂർണ്ണമായും ഒഴിപ്പിക്കാൻ അധ്യാപകർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. അതോടൊപ്പം സ്കൂൾ ബസുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. തുടർന്ന് വിദ്യാർഥികളെയും അധ്യാപകരെയും സുരക്ഷിതമായി കുന്നിൻമുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പരിഭ്രാന്തരായ ചില കുട്ടികളെ മോട്ടോർ സൈക്കിളുകളിലാണ് മുകളിലെത്തിച്ചത്. എല്ലാവരും കുന്നിൻമുകളിലെ വലിയൊരു മരച്ചുവട്ടിൽ അഭയം പ്രാപിച്ച് നിമിഷങ്ങൾക്കകം ത്രിശൂലി നദിയിലെ പ്രളയജലത്തിൽ സ്‌കൂൾ കെട്ടിടം പൂർണ്ണമായും തകർന്നു വീണു.
1,643 കുട്ടികളെയും ഒപ്പമുണ്ടായിരുന്ന അധ്യാപകരെയും രക്ഷിക്കാൻ കഴിഞ്ഞെങ്കിലും രണ്ട് ജീവനുകൾ സ്‌കൂളിന് നഷ്ടമായി. അധ്യാപകനായ സന്തോഷ് പരിയാർ (32), സ്‌കൂൾ ജീവനക്കാരനായ സുൽത്താൻ ലാമ എന്നിവരാണ് ദുരന്തത്തിൽ മരണപ്പെട്ടത്. നദീതീരത്തെ തന്റെ വാടകമുറിയിൽ നിന്ന് സാധനങ്ങൾ എടുക്കാൻ പോയ സന്തോഷും സ്‌കൂളിന്റെ വാതിലുകൾ പൂട്ടാൻ തിരികെപ്പോയ സുൽത്താനും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോവുകയായിരുന്നു.
സ്‌കൂൾ നിന്നിടത്ത് ഇന്ന് ഒരു ചെളിക്കൂന മാത്രമാണ് ബാക്കിയുള്ളത്.
കൺമുന്നിൽ ദുരന്തം എത്തിയപ്പോഴേക്കും സമയോചിതമായി പ്രവർത്തിക്കാനുള്ള മനസ്സാനിധ്യമാണ് ആയിരക്കണക്കിന് വിദ്യാർഥികളുടെ ജീവൻ രക്ഷിച്ചത്. ഹീറോ എന്നാണ് നാട്ടുകാരും പ്രിയപ്പെട്ട വിദ്യാർഥികളും ഇന്ന് ദവാഡിയയെ വിശേഷിപ്പിക്കുന്നത്.
