മലപ്പുറം: നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. ഇന്ന് നടത്തിയ തിരച്ചിലിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇന്നലെ രാത്രി തന്നെ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
ഇപ്പോഴും ഒരു സ്ത്രീയെ കൂടി കാണാതായിട്ടുണ്ട്. കൂടുതൽ പേർ ഒഴുക്കിൽപ്പെട്ടോ എന്ന കാര്യത്തിലും പരിശോധന നടക്കുന്നുണ്ട്. പ്രദേശത്ത് തിരച്ചിൽ ഊർജിതമായി തുടരുകയാണ്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
വെള്ളം പെട്ടെന്ന് ഇരച്ചെത്തിയതോടെ പലരും ഓടിരക്ഷപ്പെട്ടു. ഒഴുക്കിൽപ്പെട്ട ചിലർ മരക്കൊമ്പിലും പാറപ്പുറത്തും കയറി രക്ഷതേടി. നാട്ടുകാർ കയറിട്ട് ഇവരെ കരയിലെത്തിച്ചു. പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ട്രോമാകെയർ പ്രവർത്തകരും സ്ഥലത്തെത്തി തിരച്ചിലിൽ മുഴുകി. ഇരുട്ടായതോടെ രക്ഷാപ്രവർത്തനവും തിരച്ചിലും ദുഷ്‌കരമായി. ഇവിടെ പുഴയുടെ തീരത്തോ സമീപപ്രദേശങ്ങളിലോ മഴയില്ലെങ്കിലും മുകൾഭാഗത്തെ മഴവെള്ളം നിമിഷങ്ങൾക്കകം പുഴയിൽ ഒഴുകിയെത്തും. ഞായറാഴ്ചയും സഭവിച്ചത് ഇതുതന്നെയാണ്. പുഴയിൽ വെള്ളം ഉയരുന്നതിന്റെ സൂചന ലഭിക്കുന്നതിന് മുൻപുതന്നെ ഒഴുക്ക് ശക്തമായി. അപകടത്തിൽപ്പെടുന്നവരിൽ പ്രദേശവാസികൾ കുറവാണെന്നും പുറത്തുനിന്നെത്തുന്നവരാണ് കൂടുതലെന്നും നാട്ടുകാർ പറയുന്നു.
രക്ഷകരായത് നാട്ടുകാർ
കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിൽ ശ്രദ്ധയിൽപ്പെട്ട് മുന്നറിയിപ്പ് നൽകിയത് നാട്ടുകാരും വനം വകുപ്പും. അതിനിടെ ഒഴുക്കിൽപ്പെട്ട ചേക്കാട് സ്വദേശികളായ ആറംഗസംഘത്തിൽ പുഴയിൽ കുടുങ്ങിയ നാലുപേരെ നാട്ടുകാർ രക്ഷപ്പെടുത്തുകയും ചെയ്തു.
രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. പുറ്റമണ്ണ ഞാറകണ്ടൻ നൗഷാദ് (37), കരുവാരക്കുണ്ട് പുന്നക്കാട് തച്ചുപറമ്പൻ ഷബീർ ബാബു (40), വണ്ടൂർ എലിയക്കോടൻ മുഹമ്മദ് സദുറുൽ (21), കോട്ടക്കുന്ന് കുപ്പനത്ത് ഫർഹാൻ (23), വണ്ടൂർ ചെട്ടിയറമ്മൽ ചാലാർ മിർദ്ദ (39), പുളിയങ്ങോട് നെല്ലിശേരി ഫിറോസ് (43) എന്നിവരാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
മരിച്ച ഒരാളുടെ മൃതദേഹം പൊട്ടിക്കല്ല് മുട്ടിക്കുണ്ട് നിന്നും മറ്റൊരാളുടേത് ആന്റണിക്കാട് അയനിക്കുണ്ട് ഭാഗത്തുനിന്നുമാണ് കണ്ടെത്തിയത്. പാറക്കെട്ടുകളിൽ ഇടിച്ച് ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു. ഇവർ തിരൂർ സ്വദേശികളാണെന്ന് സംശയമുണ്ട്.
നിലമ്പൂർ ഡിവൈ.എസ്.പി. റഫീഖിന്റെ നേതൃത്വത്തിൽ കാളികാവ്, പൂക്കോട്ടുംപാടം പോലീസ് സബ് ഇൻസ്പെക്ടർ വി. മനോജ് കുമാർ, അബ്ദുൾ കരീം എന്നിവരടക്കമുള്ള പോലീസ് സംഘവും ചക്കിക്കുഴി വനം വകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചർ ദിവാകരനുണ്ണിയും സംഘവും നിലമ്പൂർ അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി.