പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ കൂട്ടി; ഒക്ടോബർ 12 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷൻ എടുക്കുന്നതിനുള്ള നിരക്കുകൾ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ കുത്തനെ വർധിപ്പിച്ചു. ചില വിഭാഗങ്ങളിൽ മൂന്നിരട്ടിയിലധികമാണ് വർധന. പരിഷ്കരിച്ച നിരക്കുകൾ ഒക്ടോബർ 12 മുതൽ നിലവിൽവരും. ലോഡ് (കിലോവാട്ട്) അടിസ്ഥാനമാക്കി നിരക്കുകൾ ഏകീകരിച്ചതോടെ അപേക്ഷ നൽകുന്ന ഘട്ടത്തിൽത്തന്നെ തുക ഒടുക്കാൻ സാധിക്കും.
നിലവിലെ ലൈനിൽനിന്ന് 200 മീറ്ററിനുള്ളിൽ പുതിയ പോസ്റ്റോ അധിക അനുബന്ധ ഉപകരണങ്ങളോ ആവശ്യമുള്ളവർക്കും അല്ലാത്തവർക്കും ഇനിമുതൽ ഒരേ നിരക്കായിരിക്കും. മുൻപ് ഇവ പ്രത്യേകം കണക്കാക്കിയായിരുന്നു ഈടാക്കിയിരുന്നത്. എന്നാൽ 200 മീറ്ററിന് മുകളിലുള്ള കണക്ഷനുകൾക്ക് ഉപകരണങ്ങളുടെ ആവശ്യകത കണക്കാക്കിയുള്ള നിലവിലെ രീതി തുടരും. ഇതും രണ്ടുമാസത്തിനകം പരിഷ്കരിച്ച് ശുപാർശ സമർപ്പിക്കാൻ കെ.എസ്.ഇ.ബിക്ക് നിർദേശം നൽകിയിട്ടുണ്ട്.
പ്രധാന നിരക്കുകൾ ചുരുക്കത്തിൽ:
ഗാർഹിക സിംഗിൾ ഫെയ്സ്:
2 കിലോവാട്ട് വരെ: 2,000 രൂപ (മുൻപ് 5 കിലോവാട്ട് വരെ 1,740 രൂപയായിരുന്നു).
2 മുതൽ 5 കിലോവാട്ട് വരെ: 5,000 രൂപ.
ഗാർഹികേതര സിംഗിൾ ഫെയ്സ്:
1 കിലോവാട്ട് വരെ: 2,500 രൂപ.
2 കിലോവാട്ട് വരെ: 3,000 രൂപ.
ത്രീ ഫെയ്സ് കണക്ഷനുകൾ:
5 മുതൽ 7 കിലോവാട്ട് വരെ: 8,000 രൂപ (മുൻപ് 5 മുതൽ 10 കിലോവാട്ട് വരെ 4,220 രൂപ).
7 മുതൽ 10 കിലോവാട്ട് വരെ: 10,000 രൂപ.
10 മുതൽ 30 കിലോവാട്ട് വരെ: കിലോവാട്ടിന് 1,560 രൂപ നിരക്കിൽ (25 കിലോവാട്ടിന് 39,000 രൂപ; മുൻപ് ഇത് 14,420 രൂപയായിരുന്നു).
30 മുതൽ 40 കിലോവാട്ട് വരെ: കിലോവാട്ടിന് 2,890 രൂപ.
50 മുതൽ 100 കിലോവാട്ട് വരെ: കിലോവാട്ടിന് 5,670 രൂപ. ഇതിലൂടെ 50 കിലോവാട്ട് ലോഡുള്ള കണക്ഷന് മുൻപ് നൽകിയിരുന്ന 21,750 രൂപയ്ക്ക് പകരം ഇനി 2.11 ലക്ഷം രൂപയോളം അടയ്ക്കേണ്ടിവരും. എന്നാൽ ഈ വിഭാഗത്തിൽ ട്രാൻസ്ഫോർമറോ അനുബന്ധ സാധനങ്ങളോ ആവശ്യമെങ്കിൽ അധികച്ചെലവ് ഉപഭോക്താവിൽനിന്ന് ഈടാക്കില്ല.
ഫെയ്സ് മാറ്റം:
കണക്ടഡ് ലോഡിൽ മാറ്റം വരുത്താതെ സിംഗിൾ ഫെയ്സിൽനിന്ന് ത്രീ ഫെയ്സിലേക്ക് മാറ്റുന്നതിന് കിലോവാട്ടിന് 700 രൂപ വീതം ഫീസ് നൽകണം.