പാരീസ്: ഹിന്ദു സംഘടനാ പ്രതിനിധികളുടെ സ്വകാര്യ സന്ദർശനത്തിനിടെ വനിതാ ജീവനക്കാരെ ജോലിസ്ഥലത്തുനിന്ന് മാറ്റിനിർത്തിയെന്ന പരാതിയെ തുടർന്ന് ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പാരീസിലെ ഈഫൽ ടവർ താത്കാലികമായി അടച്ചു. ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ത (ബി.എ.പി.എസ് - BAPS) പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിനിടെയാണ് സംഭവം.
ശനിയാഴ്ച നൂറോളം പേർ അടങ്ങുന്ന സംഘം ഈഫൽ ടവർ സന്ദർശിച്ചപ്പോൾ, അവർ കടന്നുപോകുന്ന വഴികളിൽ ജോലി ചെയ്തിരുന്ന വനിതാ ജീവനക്കാരോട് മാറിനിൽക്കാൻ ആവശ്യപ്പെടുകയും അവരുടെ സ്ഥാനത്ത് പുരുഷ ജീവനക്കാരെ നിയോഗിക്കുകയും ചെയ്തെന്നാണ് യൂണിയൻ പ്രതിനിധികൾ വ്യക്തമാക്കുന്നത്. ലിംഗവിവേചനപരമായ ഈ നടപടിക്കെതിരെ ജീവനക്കാർക്കിടയിൽ കടുത്ത പ്രതിഷേധം ഉയരുകയും തിങ്കളാഴ്ച രാവിലെ ജനറൽ ബോഡി യോഗം ചേരുകയും ചെയ്തു. തുടർന്നാണ് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ടവർ തുറക്കുന്നത് വൈകിപ്പിച്ചത്.
സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ പാരീസ് നഗരസഭാ അധികൃതർ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു. എത്രയും വേഗം സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരുമെന്ന് പാരീസ് മേയർ ഇമ്മാനുവൽ ഗ്രിഗ്വാർ അറിയിച്ചു.
സ്ത്രീകളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്ന പ്രതിനിധി സംഘത്തിന്റെ ആവശ്യം സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്ന് ഈഫൽ ടവർ ഓപ്പറേറ്റിങ് കമ്പനിയായ സെറ്റെ (SETE) സമ്മതിച്ചു. സംഭവത്തിൽ മാനേജ്‌മെന്റ് ജീവനക്കാരോട് ക്ഷമാപണം നടത്തിയതായും കാര്യങ്ങൾ വ്യക്തമായി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും സെറ്റെ പ്രസിഡന്റ് ഏരിയൽ വെയ്ൽ വ്യക്തമാക്കി.
സംഭവത്തിനെതിരെ ഫ്രഞ്ച് നാഷണൽ അസംബ്ലി പ്രസിഡന്റ് യായേൽ ബ്രോൺ-പിവെറ്റ് ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തെത്തി. ഫ്രാൻസിന്റെ മൂല്യങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും പൊതുജീവിതത്തിൽ സ്ത്രീകൾക്കുള്ള തുല്യ പങ്കാളിത്തം ഇല്ലാതാക്കാനുള്ള ഒരു നീക്കവും അംഗീകരിക്കില്ലെന്നും അവർ വ്യക്തമാക്കി. പാരീസ് പ്രാന്തപ്രദേശത്ത് പുതിയതായി നിർമ്മിച്ച സ്വാമിനാരായൺ ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങുകൾക്കായി ഫ്രാൻസിലെത്തിയതായിരുന്നു സംഘം.
— കെ.എച്ച് ന്യൂസ്, പാരീസ് കറസ്പോണ്ടന്റ്
