ധാക്ക: ബംഗ്ലാദേശിന്റെ പ്രഥമ ആണവോർജ നിലയമായ രൂപുർ പദ്ധതിക്കായുള്ള ആണവ ഇന്ധനവുമായി (യുറേനിയം) എത്തിയ റഷ്യൻ ചരക്കുവിമാനത്തിന് പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശനാനുമതി നിഷേധിച്ചതായി റിപ്പോർട്ട്. സെപ്റ്റംബർ 24-ന് ബംഗ്ലാദേശിൽ എത്തിച്ചേരേണ്ടിയിരുന്ന ഇന്ധന നീക്കമാണ് ഇതോടെ അനിശ്ചിതത്വത്തിലായത്.
റഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ആണവോർജ ഏജൻസിയായ 'റോസാറ്റം' (Rosatom) ആണ് രൂപുർ ആണവനിലയത്തിന്റെ നിർമാണത്തിനും ഇന്ധന വിതരണത്തിനും മേൽനോട്ടം വഹിക്കുന്നത്. അസർബൈജാൻ, കസാഖസ്താൻ, പാകിസ്താൻ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ വ്യോമപാതയിലൂടെ സഞ്ചരിച്ച് ധാക്കയിലെത്താനായിരുന്നു വിമാനത്തിന്റെ യാത്രാപദ്ധതി നിശ്ചയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം പാകിസ്താൻ വ്യോമാതിർത്തി ഉപയോഗിക്കാനുള്ള അനുമതി റദ്ദാക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യോമപാത നിഷേധിക്കപ്പെട്ടതായി പ്രൊജക്റ്റ് പ്രതിനിധി ഫക്കീർ മഹ്ബൂബ് അനം സ്ഥിരീകരിച്ചെങ്കിലും, ഇതിന്റെ വ്യക്തമായ കാരണം ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഏത് രാജ്യമാണ് അനുമതി നിഷേധിച്ചതെന്ന കാര്യത്തിൽ ബംഗ്ലാദേശ് അറ്റോമിക് എനർജി കമ്മീഷൻ (BAEC) ഇതുവരെ പ്രതികരിച്ചിട്ടില്ല.
സംഭവം സാങ്കേതികവും നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടതുമായ ചില തടസ്സങ്ങൾ മൂലമാണെന്ന് ധാക്കയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ വിശദീകരിച്ചു. ബംഗ്ലാദേശുമായുള്ള ഉഭയകക്ഷി ബന്ധത്തെ പാകിസ്താൻ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും, അനാവശ്യ പ്രചാരണങ്ങൾക്ക് വഴിപ്പെടാതെ വിഷയത്തെ സാങ്കേതിക വീക്ഷണകോണിൽ നിന്ന് വിലയിരുത്തണമെന്നും പാക് എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കടുത്ത ഊർജ പ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശ്, എത്രയും വേഗം രൂപുർ ആണവനിലയത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഈ തിരിച്ചടി. ഇന്ധന വിതരണത്തിലുണ്ടായ ഈ തടസ്സം ആണവനിലയം കമ്മീഷൻ ചെയ്യുന്ന നടപടികൾ കൂടുതൽ വൈകിപ്പിക്കാൻ ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.