ജനീവ: ആഗോളതലത്തിൽ കോളറ ബാധിച്ചുള്ള മരണസംഖ്യ ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ.) മുന്നറിയിപ്പ്. കഴിഞ്ഞ ഒരു വർഷത്തിനിടെ രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും മരണനിരക്കിൽ 30 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയതായി സംഘടനയുടെ ഏറ്റവും പുതിയ എപ്പിഡെമിയോളജിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. 1999-ന് ശേഷം ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന വാർഷിക മരണനിരക്കാണിത്.
47 രാജ്യങ്ങളിൽ നിന്നായി 4,51,499 കേസുകളും 7,870 മരണങ്ങളുമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ പരിശോധനാ സൗകര്യങ്ങളുടെയും വിവരശേഖരണത്തിന്റെയും പരിമിതികൾ മൂലം യഥാർഥ കണക്കുകൾ ഇതിലും ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
ആഫ്രിക്കൻ മേഖലയിൽ സ്ഥിതി രൂക്ഷം
ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെയും മരണങ്ങളുടെയും 90 ശതമാനത്തോളവും അങ്കോള, ബംഗ്ലാദേശ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, നൈജീരിയ, സൗത്ത് സുഡാൻ, സുഡാൻ, യെമൻ എന്നീ ഏഴ് രാജ്യങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിൽ ആഫ്രിക്കൻ മേഖലയിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷം. 2024-നെ അപേക്ഷിച്ച് ആഫ്രിക്കയിൽ രോഗബാധയിൽ 34 ശതമാനവും മരണങ്ങളിൽ 58 ശതമാനവും വർധനവ് രേഖപ്പെടുത്തി.
മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന 'വിബ്രിയോ കോളറേ' ബാക്ടീരിയയാണ് രോഗകാരണം. സമയബന്ധിതമായി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ രോഗം ഗുരുതരമായ നിർജ്ജലീകരണത്തിലേക്കും മരണത്തിലേക്കും നയിക്കാം. ആകെ മരണങ്ങളിൽ അഞ്ചിലൊന്നും ആശുപത്രികൾക്ക് പുറത്താണ് സംഭവിച്ചതെന്ന കണ്ടെത്തൽ, പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലെ പോരായ്മകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ശുദ്ധജല ലഭ്യതയും ശുചിത്വവും ഉറപ്പാക്കുന്നതിനൊപ്പം രോഗനിരീക്ഷണവും പ്രതിരോധ കുത്തിവെപ്പുകളും ശക്തമാക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ. ഹെൽത്ത് എമർജൻസീസ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ചിക്വെ ഇഹെക്വിയാസു വ്യക്തമാക്കി. ഇതിന്റെ ഭാഗമായി കോളറ വാക്സിൻ ഉത്പാദനം 30 ദശലക്ഷത്തിൽ നിന്ന് 80 ദശലക്ഷമായി ഉയർത്തുകയും താത്കാലികമായി നിർത്തിവെച്ചിരുന്ന മുൻകരുതൽ വാക്സിനേഷൻ ഡ്രൈവുകൾ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.
മെനിഞ്ചൈറ്റിസ്, പ്ലേഗ് രോഗബാധകൾ
കോളറയ്ക്ക് പുറമെ മറ്റ് രണ്ട് പകർച്ചവ്യാധികളായ മെനിഞ്ചൈറ്റിസ്, പ്ലേഗ് എന്നിവ സംബന്ധിച്ച വിവരങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്:
മെനിഞ്ചൈറ്റിസ്: ആഫ്രിക്കൻ മെനിഞ്ചൈറ്റിസ് ബെൽറ്റിലെ 24 രാജ്യങ്ങളിലായി കഴിഞ്ഞ വർഷം 21,526 സംശയകരമായ കേസുകളും 971 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അഞ്ച് തരം ബാക്ടീരിയകളെ പ്രതിരോധിക്കുന്ന പുതിയ 'Men5CV' വാക്സിൻ നൈജർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ലഭ്യമാക്കിയത് രോഗപ്രതിരോധത്തിൽ നിർണായക വഴിത്തിരിവായിട്ടുണ്ട്.
പ്ലേഗ്: 2019 മുതൽ 2025 വരെയുള്ള കാലയളവിൽ 10 രാജ്യങ്ങളിലായി 3,847 പ്ലേഗ് കേസുകളും 423 മരണങ്ങളും സ്ഥിരീകരിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മഡഗാസ്കർ എന്നിവിടങ്ങളിൽ ഇപ്പോഴും സാന്നിധ്യമുള്ള ഈ രോഗത്തെ നിയന്ത്രിക്കാൻ മൃഗങ്ങളിലും എലികളിലും കൃത്യമായ നിരീക്ഷണം അനിവാര്യമാണെന്ന് സംഘടന വ്യക്തമാക്കി.
സംസ്ഥാനത്ത് കോളറ കൂടി സ്ഥിരീകരിച്ചതോടെ ആരോഗ്യ മേഖല ആശങ്കയിലാണ്. മലിനജലത്തിലൂടെ പടർന്ന് പിടിക്കുന്ന വിബ്രിയോ കോളറെ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന കോളറ ജീവനെടുക്കാൻ പോന്ന അപകടകാരിയാണ്. പക്ഷെ സ്വയം ശ്രദ്ധിച്ചാൽ വരുതിയിൽ നിർത്താൻ കഴിയുന്ന രോഗം പടർന്ന് പിടിക്കുന്നത് മലയാളിയുടെ അശ്രദ്ധയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പറയുകയാണ് മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിലെ കമ്മ്യൂണിറ്റി മെഡിസിൻ അഡി. പ്രൊഫസ്സറായ ഡോ ടി എസ് അനീഷ്.
KH NEWS SPECIAL REPORT
കേരളത്തിൽ ഡെങ്കി പനി, എലിപ്പനി പോലുളള പകർച്ചവ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്, പക്ഷെ, കേരളത്തിൽ ഡെങ്കി പനി ആഗോള വ്യാപകമായ ഒരു പകർച്ചവ്യാധിയുടെ ഭാഗമായാണ് ഉണ്ടായിട്ടുള്ളത് അതുകൊണ്ട് തന്നെ ശ്രദ്ധക്കുറവ്കൊണ്ട് വന്ന അസുഖമായി ഡെങ്കിപ്പനിയെ കണക്കാക്കാൻ കഴിയില്ല. പക്ഷെ, കുടിവെള്ളത്തിലൂടെ ഒരു രോഗം പടർന്ന് പിടിക്കുകയാണെങ്കിൽ അതിലെ പ്രധാന കാരണം അശ്രദ്ധ തന്നെയാണ്. കോളറയെ പൂർണമായും തടഞ്ഞ് നിർത്താൻ സാധിക്കുകയും സ്വയം നിയന്ത്രിക്കുന്നത് വഴി വ്യാപ്തി കുറക്കാനും സാധിക്കുന്ന അസുഖമാണ്. ആഗോളതാപനം മൂലം മുൻകാലങ്ങളെ അപേക്ഷിച്ച് ശുദ്ധജലം ലഭിക്കാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് തന്നെ ലഭ്യമായ സ്രോതസുകളിലെ വെള്ളം മലിനമാകാനുള്ള സാധ്യതയും കൂടുതലാണ്. പക്ഷെ മലയാളികൾ പൊതുവെ വെള്ളം ഉറവിടത്തിൽ നിന്ന് തന്നെ കുടിക്കുന്ന ശീലമുള്ളവരല്ല അതിനാൽ കോളറ പടർന്ന് പിടിക്കുന്നത് നമുക്ക് നേരെ വിരൽ ചൂണ്ടുന്ന വിഷയമാണ്. കഴിഞ്ഞ വേനൽക്കാലം മുതൽ കേരളത്തിൽ വ്യാപകമായ മഞ്ഞപ്പിത്ത ബാധയുണ്ട്, അതിനൊപ്പമാണ് ഇപ്പോൾ കോളറ ബാധ ഉണ്ടായിരിക്കുന്നത് ഇത്തരത്തിലുളള ജല ജന്യ രോഗങ്ങൾ പടർന്ന് പിടിക്കുന്നത് തികഞ്ഞ അനാസ്ഥകൊണ്ടാണ് എന്നെ പറയാൻ സാധിക്കുകയുള്ളു.KH NEWS SPECIAL REPORT