തിരുവനന്തപുരം: ശാസ്ത്രീയമല്ലാത്ത മാലിന്യ സംസ്കരണവും ദുർഗന്ധവും മൂലം ഫാമുകൾ അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും സംരംഭകർക്ക് കൃത്യമായ മാർഗനിർദേശം നൽകാനുമായി സംസ്ഥാനത്ത് ലൈവ് സ്റ്റോക്ക് ഫാമുകളുടെ പ്രവർത്തനങ്ങളിൽ നിർണായക ഇളവുകളും പുതിയ മാനദണ്ഡങ്ങളും ഏർപ്പെടുത്തി. 2024-ലെ കേരള പഞ്ചായത്ത് രാജ് (ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ) ഭേദഗതി ചട്ടങ്ങളും കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുടെ (KSPCB) പുതുക്കിയ മാർഗനിർദേശങ്ങളും മുൻനിർത്തിയാണ് പുതിയ ചട്ടങ്ങൾ നിലവിൽ വന്നത്.
ആർക്കൊക്കെ തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസ് ആവശ്യമില്ല?
ചെറുകിട കർഷകർക്ക് ആശ്വാസകരമായ രീതിയിലാണ് ലൈസൻസിങ് പരിധി നിശ്ചയിച്ചിരിക്കുന്നത്. താഴെ പറയുന്ന പരിധിവരെ മൃഗങ്ങളെയോ പക്ഷികളെയോ വളർത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസോ ബിൽഡിങ് പെർമിറ്റോ ആവശ്യമില്ല:
കന്നുകാലികൾ: 10 മുതിർന്ന പശുക്കൾ/എരുമകൾ വരെ
ആട്, മുയൽ, ടർക്കി: 50 എണ്ണം വരെ
കോഴികൾ: 500 എണ്ണം വരെ
കാടകൾ: 1,000 എണ്ണം വരെ
മറ്റ് പക്ഷികൾ: 15 എമു, 2 ഒട്ടകപ്പക്ഷി വരെ
(ശ്രദ്ധിക്കുക: 5 എണ്ണത്തിൽ കൂടുതൽ പന്നികളുണ്ടെങ്കിൽ തദ്ദേശ സ്ഥാപന ലൈസൻസ് നിർബന്ധമാണ്).
മുതിർന്ന മൃഗങ്ങളെയും പക്ഷികളെയും നിർണയിക്കുന്ന പ്രായപരിധി:
പശു / എരുമ: 18 മാസത്തിന് മുകളിൽ
ആട്: 1 വയസ്സിന് മുകളിൽ
പന്നി / മുയൽ: 6 മാസത്തിന് മുകളിൽ
ഇറച്ചിക്കോഴി / ഇറച്ചി താറാവ്: 22 ദിവസത്തിന് മുകളിൽ
മുട്ടക്കോഴി: 6 മാസത്തിന് മുകളിൽ
കാട: 5 ആഴ്ചക്ക് മുകളിൽ
അയൽവീടുകളുമായുള്ള ദൂരപരിധി മാനദണ്ഡങ്ങൾ
ജനസാന്ദ്രത കണക്കിലെടുത്ത് പന്നി ഫാമുകൾ ഒഴികെയുള്ളവയ്ക്ക് മൂന്ന് വിഭാഗങ്ങളിലായാണ് ദൂരപരിധി നിശ്ചയിച്ചിട്ടുള്ളത്:
| ഫാം വിഭാഗം | മൃഗങ്ങളുടെ / പക്ഷികളുടെ എണ്ണം | പാലിക്കേണ്ട കുറഞ്ഞ ദൂരം |
| ചെറുകിട | 15 – 20 കന്നുകാലികൾ | 10 മീറ്റർ |
| ഇടത്തരം | 21 – 200 കന്നുകാലികൾ / 51 – 500 ആടുകൾ / 51 – 400 മുയലുകൾ / 501 – 5,000 കോഴി അല്ലെങ്കിൽ താറാവ് | 25 മീറ്റർ |
| വൻകിട | 200-ൽ കൂടുതൽ കന്നുകാലികൾ / 500-ൽ കൂടുതൽ ആടുകൾ / 400-ൽ കൂടുതൽ മുയലുകൾ / 5,000-ൽ കൂടുതൽ പക്ഷികൾ | 50 മീറ്റർ |
പൗൾട്രി ഫാമുകൾ: 5,000 വരെ മലിനീകരണ ബോർഡ് അനുമതി വേണ്ട
5,000 എണ്ണം വരെയുള്ള പൗൾട്രി ഫാമുകൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ സമ്മതപത്രം (Consent/NOC) ആവശ്യമില്ല. ഇത് അഞ്ഞൂറിനും അയ്യായിരത്തിനും ഇടയിൽ പക്ഷികളെ വളർത്തുന്ന ചെറുകിട കർഷകർക്ക് പഞ്ചായത്ത് ലൈസൻസ് എളുപ്പത്തിൽ ലഭിക്കാൻ സഹായകരമാകും.
ശുചിത്വ നിർദേശങ്ങൾ:
പൗൾട്രി ഷെഡുകളുടെ ഇറമ്പ് ഉയരം (Eave Height) 7 മുതൽ 8 അടിയിൽ കൂടരുത്.
തറയിൽ ഈച്ചശല്യവും ദുർഗന്ധവും ഒഴിവാക്കാൻ ചകിരിച്ചോറോ മരപ്പൊടിയോ വിതറുകയും കൃത്യമായി മാറ്റുകയും വേണം.
കുമ്മായം വിതറുന്നതിനൊപ്പം വിസർജ്ജ്യം രണ്ട് ദിവസത്തിലൊരിക്കൽ മാറ്റി കമ്പോസ്റ്റാക്കണം.
5,000-ൽ കൂടുതൽ പക്ഷികളുള്ള വൻകിട ഫാമുകൾക്ക് അടച്ചുകെട്ടിയ (enclosed) ഷെഡുകൾ നിർബന്ധമാണ്. കൂടാതെ, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സിറ്റിങ് ക്രൈറ്റീരിയ (റസിഡൻഷ്യൽ സോണിൽ നിന്ന് 500 മീറ്റർ, ദേശീയപാതയിൽ നിന്ന് 100 മീറ്റർ, കുടിവെള്ള സ്രോതസ്സുകളിൽ നിന്ന് 100 മീറ്റർ അകലം) പാലിക്കണം.
പന്നി ഫാമുകൾക്ക് കർശന വ്യവസ്ഥകൾ
5 എണ്ണത്തിൽ താഴെ: ബോർഡ് അനുമതി ആവശ്യമില്ലെങ്കിലും ബയോഗ്യാസ് പ്ലാന്റ്, സെപ്റ്റിക് ടാങ്ക്, സോക്ക് പിറ്റ് നിർബന്ധമാണ്.
6 മുതൽ 15 വരെ: അയൽവീടുകളിൽ നിന്ന് കുറഞ്ഞത് 50 മീറ്റർ അകലം.
16 മുതൽ 50 വരെ: 75 മീറ്റർ അകലം.
50-ൽ കൂടുതൽ: കുറഞ്ഞത് 100 മീറ്റർ അകലം.
തീറ്റയ്ക്കായി എത്തിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും അടച്ച പാത്രങ്ങളിലോ ശീതീകരണ വാഹനങ്ങളിലോ കൊണ്ടുവരണം. ഉറവിടം അപേക്ഷയിൽ വ്യക്തമാക്കുകയും ലോഗ് ബുക്ക് സൂക്ഷിക്കുകയും വേണം.
മാലിന്യ സംസ്കരണം: ബയോഗ്യാസ് പ്ലാന്റ് നിർബന്ധമല്ല; ബദൽ മാർഗങ്ങൾ
ഫാമുകളിൽ മാലിന്യ സംസ്കരണത്തിനായി ബയോഗ്യാസ് പ്ലാന്റ് തന്നെ വേണമെന്ന നിബന്ധനയില്ല. പകരം അംഗീകൃത ബദൽ മാർഗങ്ങൾ ഏർപ്പെടുത്തിയാൽ മതിയാകും:
തുമ്പൂർമൂഴി മോഡൽ എയ്റോബിക് കമ്പോസ്റ്റിങ്
ട്രൈക്കോഡർമ കമ്പോസ്റ്റിങ്
ഇ.എം സൊല്യൂഷൻ (EM Solution) കമ്പോസ്റ്റിങ്
മഴമറ മാതൃകയിലുള്ള ചാണകപ്പുരകൾ (ചാണകം ഉണക്കി വിൽക്കുന്ന രീതി)
ലൈസൻസ് ആവശ്യമില്ലാത്ത ചെറുകിട ഫാമുകളിലും (ഉദാഹരണത്തിന് 5 മുതൽ 10 വരെ പശുക്കൾ, 100 മുതൽ 500 വരെ കോഴികൾ) മേൽക്കൂരയുള്ള വളക്കുഴിയും ദ്രവമാലിന്യ ശേഖരണ ടാങ്കും നിർബന്ധമാണ്.
ഒറ്റ അപേക്ഷയിലൂടെ 5 വർഷം വരെ ലൈസൻസ്
അപേക്ഷാ സമർപ്പണം: ഫോം 1-ൽ നിശ്ചിത രേഖകൾ (സ്ഥലത്തിന്റെ വിസ്തീർണ്ണം, സ്കെച്ച്, കെട്ടിട പ്ലാൻ, മാലിന്യ സംസ്കരണ വിവരങ്ങൾ) സഹിതം പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കണം.
തീരുമാനം: അപേക്ഷ ലഭിച്ച് രണ്ടാഴ്ചക്കകം പഞ്ചായത്ത് സെക്രട്ടറി തീരുമാനമെടുക്കും.
കാലാവധി: വ്യവസ്ഥകൾ പാലിച്ച് ഒറ്റയടിക്ക് പരമാവധി 5 വർഷം വരെ കാലാവധിയുള്ള ലൈസൻസ് സ്വന്തമാക്കാം.
ശിക്ഷാ നടപടികൾ: അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഫാമുകൾ 15 ദിവസത്തെ നോട്ടീസ് നൽകി അടച്ചുപൂട്ടാൻ സെക്രട്ടറിക്ക് അധികാരമുണ്ട്. ചട്ടലംഘനം നടത്തുന്നവർക്ക് 10,000 രൂപ വരെ പിഴയും, കുറ്റം തുടരുന്ന ഓരോ ദിവസത്തിനും 200 രൂപ വീതം അധിക പിഴയും ചുമത്തും.


