എല്ലാ മാറ്റങ്ങളും ഗതാഗത വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെയും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതിനു ശേഷം മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു
തിരുവനന്തപുരം: വാഹനങ്ങളുടെ നിറം, എൻജിൻ, ഷാസി ഉൾപ്പെടെയുള്ള പ്രധാന ഘടകങ്ങളിൽ വരുത്താവുന്ന മാറ്റങ്ങൾക്ക് കർശന നിബന്ധനകളോടെ അനുമതി നൽകി മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കി. ഗതാഗത കമ്മീഷണർ ജി. സ്പർജൻ കുമാറാണ് ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. 1988-ലെ മോട്ടോർ വാഹന നിയമത്തിലെയും കേന്ദ്ര-സംസ്ഥാന ചട്ടങ്ങളിലെയും വ്യവസ്ഥകൾ പൂർണ്ണമായും പാലിച്ചുകൊണ്ട് ഏഴ് പ്രധാന മാറ്റങ്ങൾ വരുത്താനാണ് ഉത്തരവിലൂടെ അനുമതിയുള്ളത്.
എല്ലാവിധ രൂപമാറ്റങ്ങൾക്കും രജിസ്റ്ററിങ് അതോറിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാണ്. കൂടാതെ, വരുത്തുന്ന മാറ്റങ്ങൾ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ (ആർ.സി.) രേഖപ്പെടുത്തിയ ശേഷം മാത്രമേ പ്രാബല്യത്തിൽ വരികയുള്ളൂ എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പ്രധാന മാർഗനിർദേശങ്ങൾ:
നിറം മാറ്റം: വാഹനത്തിന്റെ നിറം മാറ്റുന്നതിന് രജിസ്റ്ററിങ് അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങി ആർ.സി. ബുക്കിൽ രേഖപ്പെടുത്തണം. കേന്ദ്ര മോട്ടോർ വാഹന ചട്ടം (സി.എം.വി.ആർ.) 121 പ്രകാരമോ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനപ്രകാരമോ നിരോധിച്ചിട്ടുള്ള നിറങ്ങൾ ഉപയോഗിക്കാൻ പാടില്ല.
എൻജിൻ മാറ്റിവെക്കൽ: വാഹനത്തിന്റെ നിർമാതാവ് നിശ്ചയിച്ചിട്ടുള്ള അതേ സ്പെസിഫിക്കേഷനിലുള്ള (ഒരേ മോഡൽ, കപ്പാസിറ്റി, പവർ മുതലായവ) എൻജിൻ മാത്രമേ ഘടിപ്പിക്കാവൂ. അതേ നിർമാതാവിന്റെ എൻജിൻ തന്നെയായിരിക്കണം ഇത്. മറ്റ് വാഹനങ്ങളുടെയോ വിഭിന്ന സ്പെസിഫിക്കേഷനുകളിലുള്ളതോ ആയ എൻജിനുകൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
ഷാസിയും ബോഡിയും: ഷാസി ഫ്രെയിം മാറ്റുന്നതിനും ബോഡി ഘടനയിൽ വരുത്തുന്ന വ്യത്യാസങ്ങൾക്കും മുൻകൂർ അനുമതിയും ആർ.സി.യിൽ രേഖപ്പെടുത്തലും അനിവാര്യമാണ്. ഒരു പ്രത്യേക തരം വാഹനത്തിനായി നിർമിച്ച ഷാസി മറ്റൊന്നിനായി പുനരുപയോഗിക്കാൻ അനുമതിയുണ്ടാകില്ല.
മറ്റ് ഘടനാപരമായ മാറ്റങ്ങൾ: വാഹനത്തിന്റെ ഇന്ധന തരം മാറ്റൽ (Fuel Type), പ്രൊപ്പൽഷൻ സിസ്റ്റം പരിഷ്കരിക്കൽ, വാഹനം ഭിന്നശേഷി സൗഹൃദമാക്കി മാറ്റൽ എന്നിവയ്ക്കും നിബന്ധനകൾക്ക് വിധേയമായി അനുമതി ലഭിക്കും.
അനധികൃത വാഹന രൂപമാറ്റങ്ങൾക്കെതിരെയുള്ള പരിശോധനകളും നടപടികളും ശക്തമായി തുടരുന്നതിനിടയിലാണ് വ്യക്തമായ മാർഗരേഖയോടെയുള്ള ഈ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ഇതുസംബന്ധിച്ച വിശദമായ സർക്കുലർ എല്ലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാർക്കും ആർ.ടി.ഒ., സബ് ആർ.ടി.ഒ. ഓഫീസുകൾക്കും കൈമാറി.
