തിരുവന്തപുരം വിജയദശമി ദിനത്തിൽ അറിവിന്റെയും കലകളുടെയും ലോകത്തേക്ക് കാൽവെച്ച് കുരുന്നുകൾ. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭച്ചടങ്ങുകൾ പുലർച്ചെ മുതൽ ആരംഭിച്ചു. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതി ക്ഷേത്രം, തിരൂർ തുഞ്ചൻപറമ്പ്, ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം തുടങ്ങി പ്രധാന ആരാധനാലയങ്ങളിലെല്ലാം വിദ്യാരംഭത്തിനായി വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ സരസ്വതീനടയ്ക്ക് സമീപം പ്രത്യേക വിദ്യാമണ്ഡപമൊരുക്കി വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 40 ഗുരുക്കന്മാരുടെ നേതൃത്വത്തിലാണ് ഇവിടെ ചടങ്ങുകൾ നടക്കുന്നത്. പ്രശസ്ത തീർഥാടന കേന്ദ്രമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ നാല് മണിക്ക് നട തുറന്നതോടെ വിദ്യാരംഭച്ചടങ്ങുകൾക്ക് തുടക്കമായി. മലയാളികൾ ഉൾപ്പെടെ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി ഭക്തരാണ് ഇവിടെ എത്തിച്ചേർന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പുഷ്പരഥോത്സവം നടന്നു. വാദ്യമേളങ്ങളുടെയും മന്ത്രജപങ്ങളുടെയും അകമ്പടിയോടെ നടന്ന രഥോത്സവത്തിൽ, പൂജാരി ഭക്തർക്ക് നേരെ പൂജിച്ച നാണയങ്ങൾ വിതറുന്ന പരമ്പരാഗത ചടങ്ങും നടന്നു. വൈകിട്ട് നടക്കുന്ന വിജയോത്സവത്തോടെ കൊല്ലൂരിലെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകും.
തലസ്ഥാന ജില്ലയിലും വിദ്യാരംഭ ചടങ്ങുകൾ സജീവമായി പുരോഗമിക്കുകയാണ്. കോട്ടയ്ക്കകം നവരാത്രി മണ്ഡപം, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വ്യാസന്റെ നട, പൂജപ്പുര സരസ്വതി ക്ഷേത്രം, ആര്യശാല ഭഗവതി ക്ഷേത്രം, ചെന്തിട്ട ഭഗവതി ക്ഷേത്രം, കരിക്കകം ചാമുണ്ഡി ക്ഷേത്രം എന്നിവയ്ക്ക് പുറമെ ജില്ലയിലെ പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളിലും വിപുലമായ എഴുത്തിനിരുത്ത് ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും KH ന്യൂസിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.

