ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ നിർദ്ദിഷ്ട 11,200 മെഗാവാട്ട് സിയാങ് അപ്പർ മൾട്ടിപർപ്പസ് ജലവൈദ്യുത പദ്ധതിക്കെതിരെ നടന്ന സമരം കനത്ത അക്രമത്തിലേക്ക് വഴിമാറി. ഈസ്റ്റ് സിയാങ് ജില്ലയിലെ പസിഘാട്ടിൽ വെള്ളിയാഴ്ച രാത്രി ആരംഭിച്ച സംഘർഷങ്ങളിൽ നാഷണൽ ഹൈഡ്രോഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻ.എച്ച്.പി.സി) ഓഫീസ്, പോലീസ് സ്റ്റേഷൻ എന്നിവയ്ക്ക് നേരെ പ്രക്ഷോഭകർ തീവെപ്പ് നടത്തി. രണ്ട് എം.എൽ.എമാരുടെയും സംസ്ഥാന ബി.ജെ.പി അധ്യക്ഷന്റെയും വസതികൾ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു.
മണിക്കൂറുകളോളം നീണ്ടുനിന്ന കല്ലേറിൽ നാല്പതിലധികം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഒരു ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിനെ (ഡി.എസ്.പി) വിദഗ്ദ്ധ ചികിത്സയ്ക്കായി അസമിലെ ദിബ്രൂഗഢിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രക്ഷോഭകരെ പിരിച്ചുവിടാൻ പോലീസ് പ്രയോഗിച്ച കണ്ണീർവാതക ഷെല്ലേറ്റ് ഒരു പ്രതിഷേധക്കാരനും പരിക്കേറ്റിട്ടുണ്ട്.
അക്രമികൾ ഒമ്പത് പോലീസ് വാഹനങ്ങൾ തകർത്തു. കൂടാതെ, പരിക്കേറ്റ കേന്ദ്ര സുരക്ഷാ സേനാംഗങ്ങളെ പ്രവേശിപ്പിച്ച ആശുപത്രിക്ക് നേരെയും കല്ലേറുണ്ടായി. ഗോത്രവിഭാഗ അവകാശ സംഘടനയായ 'അദി ബാനെ കെബാംഗ് യുണൈറ്റഡ്' ഉൾപ്പെടെയുള്ള സംഘടനകൾ ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് സമാധാനപരമായി പൂർത്തിയായതിന് പിന്നാലെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. 'ജെൻ സി' എന്ന് സ്വയം വിശേഷിപ്പിച്ച ഒരു സംഘം യുവാക്കൾ പസിഘാട്ട്-ബോലെങ് ദേശീയപാത ഉപരോധിക്കുകയും തുടർന്ന് ലഹരി ഉപയോഗിച്ചെത്തിയ ഇരുന്നൂറിലധികം വരുന്ന സംഘം പോലീസിനും മജിസ്ട്രേറ്റിനും നേരെ അക്രമം അഴിച്ചുവിടുകയുമായിരുന്നുവെന്ന് പസിഘാട്ട് ഐ.ജി.പി ഹിബു തമാങ് വ്യക്തമാക്കി.
സംഘർഷാവസ്ഥയെത്തുടർന്ന് പസിഘാട്ട്, മേബോ, റുക്സിൻ എന്നീ മേഖലകളിൽ പൊതുയോഗങ്ങൾക്കും റാലികൾക്കും ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ജയന്തി പെർട്ടിൻ കർശന നിരോധനാജ്ഞയും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു, വിഷയത്തിൽ സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട സംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു.
