ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് തിരംഗാ മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥി നേതാക്കളുടെ വിവരങ്ങൾ പുറത്തുവിടാത്ത ഡൽഹി പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) അധ്യക്ഷ നേഹ ബോറ, അഭിജീത് ദീപ്കെ എന്നിവരെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾ പിന്നിട്ടിട്ടും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. നേഹ ബോറ എവിടെയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവ് ആനി രാജ ഉൾപ്പെടെയുള്ള പ്രമുഖർ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു.
നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയ പൊലീസ് വാഹനത്തിൽ യൂണിഫോം ധരിക്കാത്ത രണ്ട് വ്യക്തികൾ ഉണ്ടായിരുന്നുവെന്നും, ഇത് സംഭവത്തിൽ വലിയ ദുരൂഹത സൃഷ്ടിക്കുന്നുണ്ടെന്നും ഐസ ആരോപിച്ചു. പ്രതിഷേധക്കാരെ അടിച്ചമർത്താൻ ഡൽഹി പൊലീസ് പുറത്തുനിന്നുള്ള ആളുകളെയാണോ നിയോഗിച്ചിരിക്കുന്നതെന്നും സംഘടന ചോദിച്ചു.
പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന നേതാക്കളും രംഗത്തെത്തി. പൊതുനിരത്തിലൂടെ ദേശീയപതാകയുമേന്തി നടക്കുന്നത് കുറ്റകരമല്ലെന്ന് ചൂണ്ടിക്കാട്ടിയ ഡോ. ശശി തരൂർ എംപി, വിഷയത്തിൽ രാജ്യത്തോട് വിശദീകരണം നൽകാൻ ഡൽഹി പൊലീസ് ബാധ്യസ്ഥരാണെന്ന് എക്സിൽ (ട്വിറ്റർ) കുറിച്ചു.
ഒരു പൗരനെ കസ്റ്റഡിയിലെടുത്ത ശേഷം ആ വിവരം രഹസ്യമാക്കി വെക്കാൻ പൊലീസിന് ഏത് നിയമമാണ് അനുവാദം നൽകുന്നതെന്ന് ജോൺ ബ്രിട്ടാസ് എംപി ചോദിച്ചു. മണ്ഡി ഹൗസിൽ നിന്നാണ് നേഹ ബോറയെ കസ്റ്റഡിയിലെടുത്തതെന്നും ഫോൺ പോലും കൈവശമില്ലാതെ ഒറ്റയ്ക്കാണ് അവരെ കൊണ്ടുപോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "തടങ്കൽ എന്നത് നിർബന്ധിത അപ്രത്യക്ഷമാക്കലായി മാറാൻ പാടില്ല. നേഹ എവിടെയാണെന്ന് പൊലീസ് വെളിപ്പെടുത്തണം. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണാനുള്ള നിയമപരമായ അവകാശം ഉറപ്പാക്കുകയും കസ്റ്റഡിയുടെ കാരണം വ്യക്തമാക്കുകയും വേണം. പൊലീസ് സേന നിയമത്തിന് അതീതരല്ല, വിധേയരാണ്," എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
