റൂർക്കല: കാർഷിക അവശിഷ്ടമായ ചക്കമടൽ ഉപയോഗിച്ച് കുടിവെള്ളത്തിലെ അമിതമായ ഫ്ലൂറൈഡ് അംശം വേഗത്തിൽ നീക്കം ചെയ്യാനുള്ള നൂതന സാങ്കേതികവിദ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) റൂർക്കലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്തു. കെമിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ പ്രൊഫ. സുസ്മിത മിശ്ര, ഗവേഷക ബിരുദധാരിയായ ഡോ. പ്രതിമ മിൻസ് എന്നിവരടങ്ങുന്ന സംഘമാണ് പരിസ്ഥിതി സൗഹൃദപരമായ ഈ കണ്ടെത്തലിന് പിന്നിൽ. സാങ്കേതികവിദ്യക്ക് ഗവേഷക സംഘം ഔദ്യോഗിക പേറ്റന്റും കരസ്ഥമാക്കിയിട്ടുണ്ട്.
ചക്കമടലിൽനിന്ന് നിർമ്മിച്ച ആക്റ്റിവേറ്റഡ് കാർബണിൽ സിർക്കോണിയം സന്നിവേശിപ്പിച്ചാണ് ശുദ്ധീകരണത്തിനുള്ള ഈ പദാർത്ഥം വികസിപ്പിച്ചെടുത്തത്. ഒരു ലിറ്ററിൽ 1 മുതൽ 5 മില്ലിഗ്രാം വരെ ഫ്ലൂറൈഡ് അടങ്ങിയ ജലത്തിൽ നടത്തിയ ലബോറട്ടറി പരീക്ഷണങ്ങളിൽ, വെറും 10 മുതൽ 20 മിനിറ്റിനുള്ളിൽ 90 മുതൽ 97 ശതമാനം വരെ ഫ്ലൂറൈഡ് നീക്കം ചെയ്യാൻ ഇതിലൂടെ സാധിച്ചതായി സംഘം വ്യക്തമാക്കി.
കുടിവെള്ളത്തിൽ ഫ്ലൂറൈഡിന്റെ സാന്നിധ്യം അമിതമാകുന്നത് പല്ലുകളെയും അസ്ഥികളെയും ദോഷകരമായി ബാധിക്കുന്ന 'ഫ്ലൂറോസിസ്' എന്ന രോഗത്തിന് ഇടയാക്കാറുണ്ട്. നിലവിൽ ഉപയോഗത്തിലുള്ള റിവേഴ്സ് ഓസ്മോസിസ്, അയൺ എക്സ്ചേഞ്ച്, ആക്റ്റിവേറ്റഡ് അലുമിന തുടങ്ങിയ ശുദ്ധീകരണ സംവിധാനങ്ങൾക്ക് സാമ്പത്തികമായും പ്രവർത്തനപരമായും വിവിധ പരിമിതികളുണ്ട്. എന്നാൽ, കാർഷിക അവശിഷ്ടങ്ങൾ പ്രയോജനപ്പെടുത്തി നിർമ്മിക്കുന്ന ഈ പുതിയ പദാർത്ഥത്തിന് ഗ്രാമിന് ഏകദേശം 37 രൂപ മാത്രമാണ് ഉൽപ്പാദനച്ചെലവ് കണക്കാക്കുന്നത്.
നിലവിൽ ഈ സാങ്കേതികവിദ്യ 'ടെക്നോളജി റീഡിനസ് ലെവൽ 4' (TRL 4) ഘട്ടത്തിലാണ്. ലബോറട്ടറി പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ, ഇതിന്റെ ഫീൽഡ് തലത്തിലുള്ള പ്രായോഗികക്ഷമതയും പ്രവർത്തനച്ചെലവും വിലയിരുത്തുന്നതിനായി ഫിസിക്കൽ പ്രോട്ടോടൈപ്പ് വികസിപ്പിച്ച് ദീർഘകാല നിരീക്ഷണം നടത്താനാണ് ഗവേഷക സംഘത്തിന്റെ തീരുമാനം.
