പ്രധാന മാർഗനിർദേശങ്ങൾ:
- തിരിച്ചറിയൽ രേഖകൾ: മാധ്യമപ്രവർത്തകർ തങ്ങളുടെ സ്ഥാപനങ്ങൾ നൽകുന്ന സാധുവായ തിരിച്ചറിയൽ കാർഡോ പി.ഐ.ബി, ഡി.ഐ.പി അക്രഡിറ്റേഷൻ കാർഡുകളോ നിർബന്ധമായും കൈവശം വെക്കണം. തിക്കിലും തിരക്കിലും അപകടങ്ങൾ ഒഴിവാകുന്ന രീതിയിൽ, തിരിച്ചറിയൽ കാർഡുകൾ വ്യക്തമായി കാണത്തക്കവിധം സുരക്ഷിതമായി ധരിക്കേണ്ടതാണ്.
- സുരക്ഷാ മുൻകരുതലുകൾ: സംഘർഷസാധ്യതയുള്ള മേഖലകളിൽ പോകുന്നവർ പ്രഥമശുശ്രൂഷാ സാമഗ്രികൾ, കുടിവെള്ളം, സംരക്ഷണ കണ്ണടകൾ (Eye Protection Glasses) എന്നിവയടങ്ങിയ എമർജൻസി കിറ്റുകൾ കരുതണം. കണ്ണീർവാതക ഷെല്ലുകൾ ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളിൽ സ്പർശിക്കരുത്. പൊലീസ് ബാരിക്കേഡുകളിലോ വാഹനങ്ങളിലോ ക്യാമറകൾ സ്ഥാപിക്കരുതെന്നും നിർദേശമുണ്ട്.
- മാധ്യമധർമവും നിഷ്പക്ഷതയും: റിപ്പോർട്ടിങ്ങിനിടെ ഒരു പക്ഷത്തോടും ആഭിമുഖ്യം പുലർത്തുകയോ പ്രകോപനങ്ങൾ സൃഷ്ടിക്കുകയോ ചെയ്യരുത്. പൊലീസിന്റെയോ പ്രതിഷേധക്കാരുടെയോ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന വിധത്തിൽ ഇടപെടലുകൾ നടത്തരുത്.
- പൊലീസുമായുള്ള സഹകരണം: നിയമാനുസൃതമായ പൊലീസ് നിർദേശങ്ങൾ പാലിക്കുകയും അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുകയും വേണം. തങ്ങൾ മാധ്യമപ്രവർത്തകരാണെന്ന വിവരം ശാന്തമായി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണം. സംഘർഷാവസ്ഥ രൂക്ഷമാകുന്ന ഘട്ടങ്ങളിൽ സുരക്ഷിതമായ അകലം പാലിക്കാൻ ശ്രദ്ധിക്കണം.
- വസ്തുതാ പരിശോധന: വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ഒന്നിലധികം വിശ്വസനീയമായ സ്രോതസ്സുകളിലൂടെ വിവരങ്ങൾ സ്ഥിരീകരിക്കണം. എല്ലാ കക്ഷികളുടെയും പ്രസ്താവനകൾ തുല്യപ്രാധാന്യത്തോടെയും സൂക്ഷ്മമായും പരിശോധിക്കേണ്ടതാണ്.
- തത്സമയ സംപ്രേഷണത്തിലെ നിയന്ത്രണം: സുരക്ഷാസേനയുടെ തന്ത്രപരമായ നീക്കങ്ങൾ, തത്സമയ വിന്യാസം, രക്ഷാപ്രവർത്തന വഴികൾ എന്നിവ ക്രമസമാധാനപാലനത്തിന് തടസ്സമാകുന്ന രീതിയിൽ തത്സമയം സംപ്രേഷണം ചെയ്യരുത്.
മാധ്യമ മത്സരങ്ങളുടെയോ എക്സ്ക്ലൂസീവ് വാർത്തകളുടെയോ പേരിൽ മാധ്യമപ്രവർത്തകരുടെ ജീവനും സുരക്ഷയും പണയപ്പെടുത്തരുതെന്നും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ കർശന നിർദേശം നൽകി.


