മലയാളി യുവതിക്ക് ഷെയ്ഖ് മുഹമ്മദിന്റെ പ്രശംസ
അബുദാബി: യുഎഇ ദേശീയ പതാകദിനത്തോടനുബന്ധിച്ച് അബുദാബിയിലെ ചരിത്രപ്രസിദ്ധമായ ഖസ്ർ അൽ ഹൊസ്നിൽ നടന്ന ചടങ്ങിൽ പങ്കെടുത്തതിന്റെ ചാരിതാർത്ഥ്യത്തിലാണ് കോട്ടയം ചിങ്ങവനം സ്വദേശിനി അർച്ചന തോമസ് ഷീല. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിലേക്കുള്ള ക്ഷണം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് അർച്ചന വ്യക്തമാക്കുന്നു.
രാജ്യത്തിന് നൽകിയ നിസ്വാർത്ഥ സേവനങ്ങളെയും മികച്ച പ്രവർത്തനങ്ങളെയും മുൻനിർത്തിയാണ് 29-കാരിയായ അർച്ചനയെ അധികൃതർ ഈ അപൂർവ വേദിയിലേക്ക് തിരഞ്ഞെടുത്തത്. ഡോക്ടർമാർ മുതൽ സാധാരണ കൃഷിയിടങ്ങളിലെ തൊഴിലാളികൾ വരെ ഉൾപ്പെടെ വിവിധ മേഖലകളിൽ മികവുതെളിയിച്ച 56 അതിഥികളാണ് ചടങ്ങിൽ പങ്കെടുത്തത്. അബുദാബി പോർട്സ് ഗ്രൂപ്പിന്റെ ഫുജൈറ ടെർമിനൽ ഉദ്യോഗസ്ഥയായ തൃശൂർ കുന്നംകുളം സ്വദേശി ഷംജ മുജീബും അർച്ചനയ്ക്കൊപ്പം ഈ ചടങ്ങിൽ പങ്കെടുത്തു. ഈ വർഷം ഈ ഉന്നത വേദിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യക്കാർ ഇവർ രണ്ടുപേർ മാത്രമാണ്.
ചടങ്ങിൽ പങ്കെടുത്തവരുമായി സൗഹൃദം പങ്കുവെച്ച യുഎഇ പ്രസിഡന്റ്, രാജ്യത്തിന്റെ പുരോഗതിയിൽ പങ്കാളികളാകുന്ന സമർപ്പിതരായ വ്യക്തികളെ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കുകയും അവരുടെ സാന്നിധ്യത്തിന് നന്ദി അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ 15 വർഷമായി കുടുംബത്തോടൊപ്പം അബുദാബിയിൽ കഴിയുന്ന അർച്ചന, സ്കൂൾ-കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത് യുഎഇയിലാണ്. ഓയിൽ ആൻഡ് കൺസൾട്ടൻസി മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമുള്ള ഇവർ, കഴിഞ്ഞ ഒരു വർഷമായി അബുദാബിയിലെ സെമി-ഗവൺമെന്റ് സ്ഥാപനമായ ടാക്ക (TAQA) വാട്ടർ ട്രാൻസ്മിഷൻ കമ്പനിയിൽ സ്ട്രാറ്റജി ആൻഡ് പെർഫോമൻസ് എൻജിനീയറായി സേവനമനുഷ്ഠിക്കുകയാണ്. തോമസ് ഏബ്രഹാമിന്റെയും ഷീലാമ്മ തോമസിന്റെയും മകളാണ്. അതുൽ ഏബ്രഹാം സഹോദരനാണ്. കുടുംബത്തിന്റെയും തൊഴിലിടത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും അകമഴിഞ്ഞ പിന്തുണയാണ് തന്റെ നേട്ടങ്ങൾക്ക് കരുത്തായതെന്ന് അർച്ചന പറഞ്ഞു.
KH NEWS English Summary
Two Keralite Women Represent India at UAE Flag Day Ceremony Led by UAE President
Abu Dhabi: Archana Thomas Sheela, a native of Chingavanam, Kottayam, and Shamja Mujeeb from Kunnamkulam, Thrissur, brought great pride to the Indian diaspora as they were selected to attend the UAE Flag Day ceremony held at the historic Qasr Al Hosn in Abu Dhabi.
Presided over by UAE President His Highness Sheikh Mohamed bin Zayed Al Nahyan, the prestigious flag-hoisting ceremony hosted a select group of 56 dignitaries and professionals recognized for their selfless service and contributions to the nation. Archana, a 29-year-old Strategy and Performance Engineer at TAQA Water Transmission, and Shamja, an employee at Abu Dhabi Ports Group's Fujairah Terminal, were the only two Indian expatriates chosen for the occasion. During the event, President Sheikh Mohamed bin Zayed personally interacted with the attendees, expressing appreciation for their commitment and invaluable contributions to the country.


