കൊച്ചി: വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡുകൾ ഭേദിക്കുമ്പോഴും പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞ 12 വർഷത്തിനിടെ ഒരു ദീർഘകാല വൈദ്യുതി വാങ്ങൽ കരാർ പോലും ഒപ്പിടാതെ സംസ്ഥാനം. ദീർഘവീക്ഷണമില്ലാത്ത നയങ്ങളും ഹ്രസ്വകാല കരാറുകളിലെ അമിത ആശ്രയത്വവുമാണ് കേരളത്തെ നിലവിലെ രൂക്ഷമായ ഊർജപ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നാണ് വിലയിരുത്തൽ. നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സൗരോർജ, കാറ്റാടി പദ്ധതികൾക്ക് പുറമെ പരമ്പരാഗത ഊർജ സ്രോതസ്സുകളിൽ നിന്നുള്ള ദീർഘകാല സംഭരണം പൂർണമായും നിലച്ച മട്ടാണ്.
സംസ്ഥാനത്ത് പീക്ക് അവറുകളിലെ വൈദ്യുതി ആവശ്യം 5,400 മെഗാവാട്ടായി ഉയർന്നെങ്കിലും ലഭ്യമാകുന്നത് 4,300 മെഗാവാട്ട് മാത്രമാണ്. ഇതിൽ 1,800 മെഗാവാട്ട് ആഭ്യന്തര ജലവൈദ്യുത പദ്ധതികളിൽ നിന്നും 1,700 മെഗാവാട്ട് കേന്ദ്രവിഹിതത്തിൽ നിന്നുമാണ് ലഭിക്കുന്നത്. ബാക്കിയുള്ളതിൽ 750 മെഗാവാട്ട് മാത്രമാണ് ദീർഘകാല കരാർ പ്രകാരം ലഭിക്കുന്നത്. ഈ 750 മെഗാവാട്ടാകട്ടെ, 2014-ലോ അതിനു മുൻപോ ഒപ്പുവെച്ച കരാറുകളിൽ നിന്നുള്ളതാണ്.
ഭാവിയിലെ ആവശ്യകത മുൻകൂട്ടി കണ്ട് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് 25 വർഷത്തെ ദീർഘകാല കരാറുകളിലേക്ക് സംസ്ഥാനം കടന്നത്. ഝാർഖണ്ഡിലെ മൈത്തൺ പവർ പ്ലാന്റിൽനിന്ന് 2013-ലും 2014-ലുമായി 300 മെഗാവാട്ട് (150 മെഗാവാട്ട് വീതം), ജിൻഡാൽ പവർ ലിമിറ്റഡിൽനിന്ന് 200 മെഗാവാട്ട്, ചത്തീസ്ഗഢിലെ ബാൽകോയിൽനിന്ന് 100 മെഗാവാട്ട്, പശ്ചിമബംഗാളിലെ ദാമോദർ വാലി കോർപ്പറേഷന്റെ മെജിയ (100 മെഗാവാട്ട്), രഘുനാഥ്പുര (50 മെഗാവാട്ട്) തെർമൽ പവർ സ്റ്റേഷനുകളിൽനിന്നുമടക്കം വൈദ്യുതി ഉറപ്പാക്കിയത് അക്കാലത്താണ്. പിന്നീട് വിവാദങ്ങളിൽപെട്ട് റദ്ദാക്കപ്പെട്ട, യൂണിറ്റിന് 4.29 രൂപ നിരക്കിലുള്ള 465 മെഗാവാട്ടിന്റെ കരാറും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
തുടർന്ന് 500 മെഗാവാട്ടിനായി 15 വർഷത്തെ കരാറിന് ടെൻഡർ ക്ഷണിച്ചെങ്കിലും, പങ്കെടുത്ത എം.ബി. പവർ, ശാരദ എനർജി എന്നീ കമ്പനികൾ യൂണിറ്റിന് യഥാക്രമം 6.52 രൂപ, 6.39 രൂപ നിരക്കുകൾ രേഖപ്പെടുത്തിയതിനെ തുടർന്ന് ടെൻഡർ റദ്ദാക്കുകയാണുണ്ടായത്. എന്നാൽ, പിന്നീട് ദീർഘകാലാടിസ്ഥാനത്തിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി കണ്ടെത്താൻ കാര്യക്ഷമമായ നടപടിയുണ്ടായില്ല. പകരം, യൂണിറ്റിന് 6.19 രൂപ മുതൽ 8.69 രൂപ വരെ ഉയർന്ന നിരക്ക് നൽകി ഹ്രസ്വകാല കരാറുകളിലൂടെ വൈദ്യുതി വാങ്ങേണ്ടി വന്നത് ബോർഡിനും സംസ്ഥാന ഖജനാവിനും കനത്ത സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്.