തിരുവനന്തപുരം: ഉച്ചയൂണിനായി പതിവായി ആളുകൾ എത്തിയിരുന്ന ശ്രീകണ്ഠേശ്വരം ക്ഷേത്രം റോഡിലെ ‘കുടുംബശ്രീ അനന്തപുരി കഫേ’ ഇന്നലെ മുതൽ അടഞ്ഞു. കഫേയ്ക്ക് മുന്നിലെത്തിയവർക്ക് കാണാനായത്, “കഫേ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുന്നു” എന്ന ബോർഡാണ്.
കോവിഡ് കാലത്ത് തലസ്ഥാനത്ത് ആരംഭിച്ച കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളിലൊന്നായിരുന്നു അനന്തപുരി കഫേ. കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭിച്ചിരുന്നതിനാൽ നിരവധി പേർ കഫേയുടെ സ്ഥിരം ഉപഭോക്താക്കളായിരുന്നു.
ആറ് വർഷത്തോളം പ്രവർത്തിച്ച ശേഷമാണ് കഫേയുടെ അടുക്കളയിൽ തീ അണഞ്ഞത്. ഭക്ഷണത്തിന് ആവശ്യക്കാരില്ലാത്തതല്ല, മറിച്ച് കഫേ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധികളാണ് അടച്ചുപൂട്ടലിന് കാരണമെന്നാണ് സൂചന.
കേരളത്തിൽ യാതൊരുവിധ ഗ്രാന്റും സബ്സിഡിയുമില്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ ഹോട്ടൽ റസ്റ്റോറന്റ് മേഖലയിലെ പ്രതിസന്ധികൾ എത്രത്തോളം വലുതാണെന്ന് ബന്ധപ്പെട്ട അധികാരികൾ മനസ്സിലാക്കണമെന്ന് കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു . അനുദിനം വർദ്ധിച്ചുവരുന്ന എല്ലാ മേഖലയിലെ അവശ്യവസ്തുക്കളുടെ വിലക്കയറ്റം ഇടത്തരം സാധാരണ ഹോട്ടൽ ഉടമകൾക്ക് താങ്ങാവുന്നതിലും അധികമാണ് എന്നാൽ സർക്കാരിന്റെ എല്ലാവിധ സബ്സിഡിയും ഗ്രാന്റും പരിഗണനയും ലഭിച്ചിട്ടും ഇവിടെ ജനകീയ ഹോട്ടലുകൾ പൂട്ടിപ്പോകുന്നത് ഇപ്പോൾ നിത്യസംഭവമാകുന്നു.അപ്പോൾ പിന്നെ സാധാരണ ഹോട്ടൽ ഉടമകൾ എങ്ങനെ പിടിച്ചു നിൽക്കുമെന്നാണ് സംഘാടകർ ചോദിക്കുന്നത് .
പ്രവർത്തനച്ചെലവുകൾ താങ്ങാനാകാത്ത സാഹചര്യത്തിലാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രം റോഡിലെ കുടുംബശ്രീ അനന്തപുരി കഫേ അടച്ചുപൂട്ടേണ്ടി വന്നത്. വൈദ്യുതി ബിൽ അടയ്ക്കാൻ കഴിയാതെ വന്നതോടെ കഴിഞ്ഞ 31ന് കെഎസ്ഇബി കണക്‌ഷൻ വിച്ഛേദിച്ചു.
വൈദ്യുതി ബില്ലിനായി ചെലവഴിക്കുന്ന തുക കോർപറേഷനിൽനിന്ന് തിരിച്ചുകിട്ടുമെന്ന ഉറപ്പിലായിരുന്നു വർഷങ്ങളായി ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്ന് കഫേ പ്രസിഡന്റ് സരോജം പറഞ്ഞു. ഇതിനിടെ കടം വാങ്ങിയും വൈദ്യുതി ബില്ലുകൾ അടച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആറു വർഷത്തെ വൈദ്യുതി ബില്ലുകൾ സംബന്ധിച്ച രേഖകൾ സമർപ്പിച്ചിട്ടും ഇതുവരെ തുക ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
ഹോട്ടലിന്റെ ദൈനംദിന പ്രവർത്തനങ്ങളും കടബാധ്യതയിലൂടെയാണ് മുന്നോട്ടുപോയിരുന്നത്. ഗ്യാസ് സിലിണ്ടറുകൾ പോലും കുടിശ്ശികയിൽ വാങ്ങേണ്ട സാഹചര്യമുണ്ടായിരുന്നു. പലചരക്ക് കടയിലും വലിയ തുക കുടിശ്ശികയുണ്ട്. പത്ത് പേർ ജോലി ചെയ്തിരുന്ന ഹോട്ടലിൽ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് അഞ്ച് പേർ മറ്റു ജോലികൾ തേടി പോയി. ശേഷിക്കുന്ന ജീവനക്കാരും ഇനി എന്തുചെയ്യണമെന്ന ആശങ്കയിലാണ്.
ഹോട്ടലിന്റെ പ്രവർത്തനം പ്രതിസന്ധിയിലാണെന്ന് ഒന്നര മാസം മുമ്പ് തന്നെ കോർപറേഷനെ അറിയിച്ചിരുന്നതായി സരോജം പറഞ്ഞു. ഹോട്ടലിന്റെ ദുരവസ്ഥ വിശദീകരിച്ച് ഇന്നലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയതായും അവർ അറിയിച്ചു. ഇന്ന് മേയറെയും നേരിൽ പരാതി അറിയിക്കുമെന്നും സരോജം വ്യക്തമാക്കി.