ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക വിഭാഗമായ 'ഇമാം മഹ്‌മൂദർ ഖാഫില'യുമായി (ഐ.എം.കെ) ബന്ധപ്പെട്ട അതിർത്തി കടന്നുള്ള ഭീകര ഗൂഢാലോചനാ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വ്യാപക പരിശോധന നടത്തി. അസം, പശ്ചിമ ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലായി 16 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. അസമിൽ പത്തും പശ്ചിമ ബംഗാളിൽ അഞ്ചും കേരളത്തിൽ ഒരു കേന്ദ്രത്തിലുമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
കേസുമായി ബന്ധപ്പെട്ട് 11 പ്രതികൾക്കെതിരെ ഗുവാഹത്തിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യു.എ.പി.എ) എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ജെ.എം.ബിയുടെ പ്രവർത്തനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടനയുടെ മുതിർന്ന നേതാവായ 'ഇമാം മഹ്‌മൂദ് ഹബീബുള്ള'യാണ് ഐ.എം.കെ രൂപീകരിച്ചതെന്ന് എൻ.ഐ.എ വ്യക്തമാക്കി. പശ്ചിമ ബംഗാൾ, അസം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്വാധീനമുറപ്പിക്കാനായിരുന്നു ഇവരുടെ നീക്കം. രഹസ്യ യോഗങ്ങൾ, തീവ്രവാദ ക്ലാസുകൾ, ഡിജിറ്റൽ മാധ്യമങ്ങൾ, ലഘുലേഖകൾ എന്നിവയിലൂടെ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനും രാജ്യവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാനും ഇവർ ശ്രമിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
അസമിലെ പ്രവർത്തനങ്ങൾക്ക് നസീമുദ്ദീനും ത്രിപുരയിലെ പ്രവർത്തനങ്ങൾക്ക് ജാഗീർ മിയയുമാണ് നേതൃത്വം നൽകിയിരുന്നത്. ഇവർ മുഖേന സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും നേതൃത്വത്തോട് കൂറ് പുലർത്താൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. റെയ്ഡുകളിൽ നിർണായക രേഖകളും മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഭീകര ശൃംഖലയുടെ വേരുകൾ കണ്ടെത്താനും കൂടുതൽ തെളിവുകൾ ശേഖരിക്കാനുമുള്ള നടപടികൾ തുടരുകയാണെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി.