കൊച്ചി: പിറവത്ത് സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കക്കാട് പൊതുകുന്നത്ത് സ്വദേശി അരുൺ പ്രകാശ് (31) ആണ് മരിച്ചത്. കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അരുണിന്റെ സുഹൃത്തുക്കളായ ജിഷ്ണു, ചന്ദ്രൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച പുലർച്ചെ പിറവം സ്നേഹഭവൻ റോഡിലാണ് സംഭവം നടന്നത്. ജിഷ്ണുവിന്റെ മാതാവിനോട് അരുൺ ഫോണിലൂടെ അപമര്യാദയായി സംസാരിച്ചതിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ബുധനാഴ്ച രാത്രി വൈകി പിറവത്തെ ബാറിലിരുന്ന ജിഷ്ണു, അരുണിനെ ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നു. ഈ സമയം അരുണും മറ്റ് രണ്ട് സുഹൃത്തുക്കളും പള്ളിക്കവല ഭാഗത്തുണ്ടായിരുന്നു. തുടർന്ന് ബാറിൽ നിന്ന് പള്ളിക്കവലയിലേക്ക് പോകുന്ന வழിയാണ് ജിഷ്ണു പെട്രോൾ വാങ്ങിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന് ഇരുവരും സ്നേഹഭവൻ റോഡിലേക്ക് മാറുകയും അവിടെവെച്ച് രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. മാതാവിനെ വിളിച്ച് അനാവശ്യം പറഞ്ഞതിനെക്കുറിച്ച് ചോദിച്ചതിന് പിന്നാലെ, ജിഷ്ണു കയ്യിലുണ്ടായിരുന്ന കുപ്പിയിലെ പെട്രോൾ അരുണിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗീവർഗീസ് പോലീസിന് മൊഴി നൽകി.
പെട്രോളൊഴിച്ച ശേഷം ഭയപ്പെടുത്താനായി ജിഷ്ണു പലതവണ ലൈറ്റർ കത്തിച്ചെങ്കിലും, ദേഹത്തേക്ക് തീ കൊളുത്തുമെന്ന് കരുതിയില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. തീ ആളിപ്പടർന്നയുടൻ ഒപ്പമുണ്ടായിരുന്നവർ ചേർന്ന് അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റു. തുടർന്ന് സുഹൃത്തുക്കളായ ഗീവർഗീസും പ്രഫുല്ലും ചേർന്നാണ് ആംബുലൻസിൽ ഇവരെ ആശുപത്രിയിലെത്തിച്ചത്.
പ്രാഥമികമായി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും അരുണിന്റെ ജീവൻ രക്ഷിക്കാനായില്ല. കൈകൾക്ക് പൊള്ളലേറ്റ ജിഷ്ണു പിറവത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയിരുന്നു.
ഉറ്റസുഹൃത്തുക്കളായ ഇവർക്കിടയിൽ പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചത്. സിനിമാ മേഖലയിൽ കാരവാൻ സർവീസ് നടത്തിയിരുന്ന ജിഷ്ണു ഏതാനും മാസങ്ങൾക്ക് മുൻപ് വിദേശത്തേക്ക് പോയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാൾ മക്കളോടൊപ്പം നാട്ടിൽ തിരിച്ചെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
