എറണാകുളം: ആഗോള വിനോദസഞ്ചാര ദിനം ഇന്ന് ലോകമെമ്പാടും ആചരിക്കുന്നു. വിനോദസഞ്ചാര മേഖലയുടെ ആധുനികവൽക്കരണവും സാങ്കേതിക മുന്നേറ്റവും മുൻനിർത്തി 'ടൂറിസത്തിന്റെ പുനർരൂപകൽപ്പനയ്ക്ക് ഡിജിറ്റൽ അജണ്ടയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും' എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക പ്രമേയം. യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (UNWTO) ആഹ്വാനപ്രകാരം 1980 മുതലാണ് സെപ്റ്റംബർ 27 വിനോദസഞ്ചാര ദിനമായി ആചരിച്ചുപോരുന്നത്.
കേവലം വിനോദയാത്രകൾക്കപ്പുറം, രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും സാംസ്‌കാരിക വിനിമയം സാധ്യമാക്കുന്നതിനുമുള്ള പ്രധാന ചാലകശക്തിയായാണ് ആധുനിക ലോകം വിനോദസഞ്ചാര മേഖലയെ വിലയിരുത്തുന്നത്.
ആഗോളതലത്തിൽ ഫ്രാൻസ് ഒന്നാമത്
കഴിഞ്ഞ വർഷം ആഗോളതലത്തിൽ 152 കോടി രാജ്യാന്തര വിനോദസഞ്ചാരികളാണ് വിവിധ രാജ്യങ്ങൾ സന്ദർശിച്ചത്. 10.2 കോടി സഞ്ചാരികളെ വരവേറ്റ് ഫ്രാൻസ് പട്ടികയിൽ ഒന്നാമതെത്തി. സ്പെയിൻ, അമേരിക്ക എന്നീ രാജ്യങ്ങളാണ് സന്ദർശകരുടെ എണ്ണത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ഇൻഡെക്സിൽ മുന്നേറി ഇന്ത്യ; കേരളത്തിന് മികച്ച വരുമാനം
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് ഇൻഡക്സിൽ (TTDI) മികച്ച മുന്നേറ്റം കാഴ്ചവെച്ച ഇന്ത്യ, 119 രാജ്യങ്ങളുടെ പട്ടികയിൽ 39-ാം സ്ഥാനം സ്വന്തമാക്കി. താജ്മഹൽ, വാരണാസി, ജയ്പുർ, ഗോവ, കേരളം, ലേ-ലഡാക്ക് തുടങ്ങിയ കേന്ദ്രങ്ങളാണ് വിദേശ സഞ്ചാരികളെ ഇന്ത്യയിലേക്ക് പ്രധാനമായും ആകർഷിക്കുന്നത്.
ദേശീയ വിനോദസഞ്ചാര ഭൂപടത്തിൽ കേരളവും സുപ്രധാന പങ്കാണ് വഹിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം രണ്ട് കോടിയിലധികം സഞ്ചാരികളാണ് സംസ്ഥാനത്തെത്തിയത്. വിനോദസഞ്ചാര മേഖലയിൽ നിന്ന് 50,702 കോടി രൂപയുടെ വരുമാനവും കേരളം നേടി. ഡിജിറ്റൽ സംവിധാനങ്ങളുടെയും നൂതന സാങ്കേതികവിദ്യകളുടെയും സഹായത്തോടെ ടൂറിസം മേഖലയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള വിപുലമായ പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവിഷ്കരിക്കുന്നത്.