തിരുവനന്തപുരം: ഭരണനിർവഹണം പൂർണ്ണമായും കടലാസ് രഹിതമാക്കുന്നതിന്റെ (പേപ്പർലെസ്) ഭാഗമായി സമഗ്ര ഡിജിറ്റൽ പരിഷ്കാരങ്ങളിലേക്ക് കേരള പോലീസ് കടക്കുന്നു. കേസുകളുടെ കുറ്റപത്രങ്ങളും അന്തിമ റിപ്പോർട്ടുകളും ഡിജിറ്റൽ പകർപ്പുകളായി നൽകുന്നതുൾപ്പെടെയുള്ള നിർണ്ണായക തീരുമാനങ്ങൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ (എ.ഡി.ജി.പിമാർ) യോഗത്തിൽ കൈക്കൊണ്ടു.
കേസുകളിലെ കുറ്റപത്രങ്ങളുടെയും അന്തിമ അന്വേഷണ റിപ്പോർട്ടുകളുടെയും ഹാർഡ് കോപ്പികൾ അച്ചടിച്ച് നൽകുന്ന പരമ്പരാഗത രീതിക്ക് പകരം പ്രതികൾക്കും അഭിഭാഷകർക്കും ഡിജിറ്റൽ പകർപ്പുകൾ ലഭ്യമാക്കുന്നതിനുള്ള സാധ്യതയാണ് പോലീസ് പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾക്കായി പോലീസ് മേധാവി (ഡി.ജി.പി) ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ചർച്ച നടത്തും. തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനായി പോലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രങ്ങൾ പേപ്പറിൽ അച്ചടിക്കുന്നതിലൂടെയുണ്ടാകുന്ന സമയനഷ്ടവും സാമ്പത്തിക ബാധ്യതയും ഒഴിവാക്കി, ഒറ്റ ക്ലിക്കിലൂടെ ഇ-പകർപ്പുകൾ കൈമാറുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ക്ഷണക്കത്തുകളും ഡിജിറ്റലാക്കുന്നു
പാസിംഗ് ഔട്ട് പരേഡുകൾ, കെട്ടിട ഉദ്ഘാടനങ്ങൾ തുടങ്ങിയ വകുപ്പുതല ചടങ്ങുകൾക്കുള്ള അച്ചടിച്ച ക്ഷണക്കത്തുകൾ ഒഴിവാക്കാനും യോഗം തീരുമാനിച്ചു. ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ തുടങ്ങിയ വിശിഷ്ടാതിഥികൾക്ക് മാത്രമായിരിക്കും ഇനി മുതൽ അച്ചടിച്ച ക്ഷണക്കത്തുകൾ നൽകുക. മറ്റ് ഉദ്യോഗസ്ഥർക്കും ക്ഷണിതാക്കൾക്കും ഡിജിറ്റൽ ക്ഷണക്കത്തുകളാകും അയക്കുക.
ഇതിനുപുറമെ, വകുപ്പിലെ എല്ലാ യൂണിറ്റ് മേധാവികളും ഓഫീസുകളും ഡിജിറ്റൽ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി പേപ്പർലെസ് മീറ്റിംഗുകൾ സംഘടിപ്പിക്കണം. കോടതി സമൻസുകൾ കൈകാര്യം ചെയ്യുന്നതുൾപ്പെടെയുള്ള മറ്റ് നടപടിക്രമങ്ങൾ കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പുമായി സംയോജിപ്പിക്കുന്നതിനുള്ള സാങ്കേതിക നടപടികളും വേഗത്തിലാക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്. അനാവശ്യ ചെലവുകളും കാലതാമസവും ഒഴിവാക്കി പോലീസ് സേവനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഈ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം.