സിഡി മാത്രമല്ല ഫീച്ചർ ഫോണുകളെന്നും ഡംബ് ഫോണുകളെന്നും വിളിക്കുന്ന സാധാരണ കീപ്പാഡ് ഫോണുകൾ, ഡിജിറ്റൽ ക്യാമറകൾ, ടൈപ്പ്റൈറ്ററുകൾ, ലാൻഡ് ലൈനുകൾ, വിനൈൽ റെക്കോഡുകൾ തുടങ്ങിയവയ്ക്കും സമീപകാലത്തായി വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും ആഗോള തലത്തിൽ ഈ പ്രതിഭാസം പ്രകടമാണെന്നും ടെക് ക്രഞ്ച് റിപ്പോർട്ടിൽ പറയുന്നു.ജെൻ സി തലമുറയിലുള്ളവരും ഈ പഴയകാല സാങ്കേതിക വിദ്യകളുടെ ഉപയോക്താക്കളാണ്. തങ്ങൾ അനുഭവിച്ചിട്ടില്ലാത്ത പഴയകാല സാങ്കേതിക വിദ്യകളോടുള്ള ആകർഷണമാണ് ഇതിനുള്ള കാരണങ്ങളിലൊന്ന്. നിരന്തരമായ നോട്ടിഫിക്കേഷനുകൾ, ആസക്തിയുണ്ടാക്കുന്ന ആപ്പുകൾ, വഴിതെറ്റിക്കുന്ന അൽഗൊരിതങ്ങൾ എന്നിവയിൽനിന്ന് മാറി നിൽക്കാനുള്ള ആഗ്രഹവും ഇതിന് കാരണമാണ്.
വിനൈൽ റെക്കോഡുകൾക്ക് കേരളത്തിലും പ്രിയം
എല്ലാ പ്രായത്തിലുള്ളവരും വിനൈൽ റെക്കോഡുകൾ വാങ്ങാനെത്തുന്നുണ്ടെന്ന് വിനൈൽ ഡിസ്കുകളുടെ ഉടമ തിരുവനന്തപുരം ആലങ്കോടുള്ള സ്മാർട്സിറ്റി കടയുടമ നിസാമുദ്ദീൻ പറയുന്നു.
പാട്ടുകളുടെ പകർപ്പാവകാശമുള്ള മിക്ക കമ്പനികളും ഇന്ന് പഴയ സിനിമകളിലെ പാട്ടുകൾ വിനൈൽ പതിപ്പിൽ വിപണിയിലെത്തിക്കുന്നുണ്ട്. സമീപകാലത്തായി ഇതിന് ജനപ്രീതിയേറിയിട്ടുണ്ട്. എല്ലാ പ്രായത്തിലുമുള്ള ലോകത്തെമ്പാടമുള്ള മലയാളികൾ തങ്ങളുടെ പക്കൽനിന്ന് വിനൈൽ വാങ്ങുന്നുണ്ടെന്ന് നിസാമുദ്ദീൻ പറഞ്ഞു.
മലയാളം പാട്ടുകളുടെ വിനൈൽ റെക്കോഡുകൾ ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലും ഇത് ധാരാളമായി എത്തുന്നുണ്ട്. അതിൽ മിക്കതും വിപിൻ വാങ്ങാറുണ്ട്. തിരുവോണത്തിന് പുറത്തിറങ്ങിയ തിരുവോണ തരംഗിണിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. വിനൈലിന് പുറമെ വിവിധ കാസറ്റ് പ്ലെയറുകളുടെയും, കാസറ്റുകളുടെയും സിഡികളുടെയും ശേഖരം വിപിൻദാസിന്റെ കൈവശമുണ്ട്. അതേസമയം മലയാളം ഗാനങ്ങളുടെ കാസറ്റുകളും സിഡികളും വിപണിയിൽ ലഭ്യമല്ലെന്നും വിപിൻ പറഞ്ഞു.
വിനൈൽ റെക്കോഡുകളുടെ വിൽപ്പനയിൽ 17.7% വർധനവുണ്ടായിട്ടുണ്ടെന്നാണ് ടെക് ക്രഞ്ച് റിപ്പോർട്ടിൽ RIAA റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ തലമുറകളായി സിഡികളും വിനൈൽ ഡിസ്കുകളും കൈമാറിവരുന്നവരുടെ എണ്ണം ഇതിൽ ഉൾപ്പെടുന്നില്ല. അതുകൂടി കണക്കാക്കിയാൽ ഉപയോക്താക്കളുടെ യഥാർഥ എണ്ണം ഇനിയും വർധിച്ചേക്കാം.