ന്യൂഡൽഹി: ടിബറ്റിന്റെ പരമ്പരാഗത ബുദ്ധമതസ്വത്വം ഇല്ലാതാക്കാനും ഇന്ത്യയുമായുള്ള യഥാർഥ നിയന്ത്രണരേഖയ്ക്ക് സമീപം സൈനിക ശേഷി വർധിപ്പിക്കാനുമുള്ള ഇരട്ടതന്ത്രം ചൈന നടപ്പിലാക്കുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി മേഖലയിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിക്കായി നടക്കുന്നതെന്ന് ഇന്ത്യൻ ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ടിബറ്റിലെ പ്രമുഖ ബുദ്ധ കേന്ദ്രങ്ങളിലൊന്ന് തകർത്ത് രൂപം മാറ്റിയതായുള്ള വിവരങ്ങളുടെ തുടർച്ചയായാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ടിബറ്റിലെ ഖാം മേഖലയിലുള്ള 99 അടി ഉയരമുണ്ടായിരുന്ന ഒരു പ്രശസ്തമായ ബുദ്ധ പ്രതിമ ചൈനീസ് അധികൃതർ പൊളിച്ചുനീക്കിയതായി ഉപഗ്രഹ ചിത്രങ്ങളും ദൃക്‌സാക്ഷി മൊഴികളും വ്യക്തമാക്കുന്നു. ഒരുകാലത്ത് ഈ പ്രദേശം ടിബറ്റൻ ബുദ്ധമത വിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രമായിരുന്നു. ചൈനീസ് സാംസ്കാരിക വിപ്ലവകാലത്ത്, അതായത് 1973-ലുണ്ടായ വലിയ ഭൂകമ്പത്തിന് ശേഷം പ്രദേശത്തെ ഭൂകമ്പങ്ങളിൽനിന്ന് സംരക്ഷിക്കുമെന്ന വിശ്വാസത്തിൽ ജനങ്ങൾ സംഭാവന പിരിച്ചാണ് പ്രതിമ നിർമിച്ചത്.
ഇത് നിന്നിരുന്ന സ്ഥലം ഇപ്പോൾ 'ഡ്രാഗോ കൗണ്ടി റെഡ് ആർമി കാവൽറി ഡിവിഷൻ റേസ്‌കോഴ്‌സ്' എന്ന പേരിൽ ഒരു കായിക വിനോദ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാനായി 'റെഡ് ടൂറിസം' എന്ന പേരിൽ ഇവിടെ സർക്കാർ പരിപാടികൾ സംഘടിപ്പിച്ചുവരികയാണ്.
ടൂറിസം, ഗ്രാമവികസനം, സ്പോർട്സ് സൗകര്യങ്ങൾ എന്നീ പേരുകളിൽ ചൈന നടത്തുന്ന പല നിർമാണ പ്രവർത്തനങ്ങളും സൈനിക ആവശ്യങ്ങൾക്കുകൂടി ഉപയോഗിക്കാൻ സാധിക്കുന്നവയാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. അതിർത്തിയിലേക്ക് പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരെയും യുദ്ധവാഹനങ്ങളെയും വേഗത്തിൽ എത്തിക്കാൻ സഹായിക്കുന്ന തരത്തിലാണ് ഈ വികസന പദ്ധതികൾ ആസൂത്രണംചെയ്തിരിക്കുന്നത്.
ഭാവിയിൽ എന്തെങ്കിലും പ്രത്യാഘാതങ്ങൾ ഉണ്ടായാൽ ഉപയോഗപ്പെടുത്താവുന്ന രീതിയിൽ ടിബറ്റൻ ഗ്രാമങ്ങളെ ചൈന മാറ്റിത്തീർക്കുകയാണെന്നും ഇന്റലിജൻസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിർത്തി ഗ്രാമങ്ങളിലെ കുട്ടികൾക്ക് ചെറുപ്പത്തിലേ സൈനിക പരിശീലനം നൽകുന്നുണ്ട്. ഇവരെ 'ലിബ' എന്നറിയപ്പെടുന്ന പ്രാദേശിക അതിർത്തി പട്രോളിങ് സംഘങ്ങളുടെ ഭാഗമാക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.
ഇതിനുപുറമെ, മേഖലയിലെ ജനസംഖ്യാ അനുപാതത്തിൽ മാറ്റംവരുത്താനായി ഹാൻ വംശജരെ ഈ പ്രദേശങ്ങളിലേക്ക് കുടിയേറാൻ ചൈന പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യയോട് ചേർന്നുകിടക്കുന്ന അതിർത്തി ജില്ലകളിൽ തദ്ദേശീയരായ ടിബറ്റൻ ജനങ്ങളുടെ അനുപാതം കുറച്ചുകൊണ്ട് ജനസംഖ്യാ ഘടനയിൽ ക്രമേണ മാറ്റംവരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജനസംഖ്യാ മാറ്റങ്ങൾക്ക് സമാന്തരമായി, സ്കൂളുകളിലും പൊതുസ്ഥാപനങ്ങളിലും ചൈനീസ് ഭാഷ നിർബന്ധിതമായി ഉപയോഗിക്കുന്നത് അധികൃതർ വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം, ടിബറ്റൻ ഭാഷ, ലിപി, സാംസ്കാരിക വിദ്യാഭ്യാസം എന്നിവ പാർശ്വവത്കരിക്കപ്പെടുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ തലമുറയെ അവരുടെ ഭാഷ, ചരിത്രം, മതപരമായ പാരമ്പര്യങ്ങൾ എന്നിവയിൽനിന്ന് അകറ്റിക്കൊണ്ട് ടിബറ്റൻ സാംസ്കാരിക സ്വത്വത്തെ ദുർബലപ്പെടുത്താനാണ് ചൈന ലക്ഷ്യമിടുന്നതെന്നാണ് സൂചന.
അന്താരാഷ്ട്ര തലത്തിൽ ടിബറ്റിനെ 'ഷിസാങ്' എന്ന് പുനർനാമകരണം ചെയ്യുന്നത് വഴി മേഖലയുടെ ചരിത്രപരമായ സ്വത്വം ഇല്ലാതാക്കാനും ചൈന ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. 'ടിബറ്റ്' എന്ന പേരുമായി ബന്ധപ്പെട്ടിരിക്കുന്ന ചരിത്രപരവും സാംസ്കാരികവുമായ സ്വത്വത്തെ ദുർബലപ്പെടുത്തി മേഖലയെ ഒരു ഭരണപ്രദേശമായി മാത്രം പുനർനിർവചിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തൽ.
ചൈനയുടെ ഈ നീക്കങ്ങൾ ഇന്ത്യയുടെ അതിർത്തി സുരക്ഷയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ബ്രഹ്മപുത്ര, സിന്ധു, സത്ലജ് തുടങ്ങിയ പ്രധാന നദികളുടെ ഉത്ഭവസ്ഥാനം ടിബറ്റൻ പീഠപ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും തന്ത്രപ്രധാനമായ ജലസ്രോതസ്സുകളിൽ ഒന്നാണിത്. ടിബറ്റിൽ പിടിമുറിക്കുകയും ഡാമുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുകയും ചെയ്യുന്നതുവഴി ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുടെ മേൽ തന്ത്രപരമായ മേൽക്കൈ നേടാനാണ് ചൈനയുടെ നീക്കമെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു. മേഖലയിലെ ചൈനയുടെ നീക്കങ്ങൾ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.