കോങ്ങാട്: പഠനത്തിൽ മിടുക്കി. നല്ലൊരു നർത്തകി... ചല്ലിക്കലിൽ ബസിൽനിന്ന് തെറിച്ചുവീണു മരിച്ച ഗൗരി. ജി. കൃഷ്ണയെക്കുറിച്ച് ഓർത്തപ്പോൾ, ഗൗരിയെ മുൻപ് പഠിപ്പിച്ചിരുന്ന കെ.പി.ആർ.പി. ഹൈസ്കൂളിലെ പ്രധാനാധ്യാപിക ആർ. ബീനമോളിന്റെ വാക്കുകൾ മുറിഞ്ഞു. ബുധനാഴ്ച രാവിലെ കോളേജിലേക്കിറങ്ങിയ ഗൗരിയുടെ മൃതദേഹം ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെ, കോങ്ങാട് ‘കരുണ’ വീട്ടിലേക്കെത്തുമ്പോൾ നിലയ്ക്കാത്ത നിലവിളികളായിരുന്നു.
അവസാനമായി ഒരുനോക്ക് കാണാൻ രാത്രി വൈകിയും നിരവധി സഹപാഠികളും അധ്യാപകരും വീട്ടിലെത്തി. എല്ലാ പ്രവർത്തനങ്ങളിലും സജീവമായ ഗൗരി പഠനത്തിൽ മികവു തുടർന്നിരുന്നുവെന്ന് യുവക്ഷേത്ര വൈസ് പ്രിൻസിപ്പൽ ലാലു ഓലിക്കൽ കുനൽ ഓർത്തു. ഗൗരി എട്ടാം ക്ലാസുമുതൽ 12-ാം ക്ലാസുവരെ പഠിച്ച കോങ്ങാട് കെ.പി.ആർ.പി. ഹയർസെക്കൻഡറി സ്കൂളിലെയും യുവക്ഷേത്ര കോളേജിലെയുമെല്ലാം വിദ്യാർഥികളും അധ്യാപകരും ഗൗരിയെ കാണാനെത്തിയിരുന്നു. കോങ്ങാട് ജി.യു.പി. സ്കൂളിലും കെ.പി.ആർ.പി. ഹയർസെക്കൻഡറി സ്കൂളിലും നീണ്ടകാലം പി.ടി.എ. പ്രസിഡന്റുകൂടിയായിരുന്നു ഗൗരിയുടെ അച്ഛൻ ഗോപീകൃഷ്ണ.
ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനി മരിച്ചു
കോങ്ങാട്: കോങ്ങാട് ചല്ലിക്കലിൽ സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനി മരിച്ചു. കോങ്ങാട് ‘കരുണ’യിൽ എം.പി. ഗോപീകൃഷ്ണയുടെ മകൾ ഗൗരി. ജി. കൃഷ്ണയാണ് (19) മരിച്ചത്. മുണ്ടൂർ എഴക്കാട് യുവക്ഷേത്ര കോളേജിലെ രണ്ടാംവർഷ ബി.എസ്‌സി. കെമിസ്ട്രി വിദ്യാർഥിനിയാണ്. ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് അപകടം.
രാവിലെ കോളേജിലേക്ക് പോകുന്നതിനായി ചല്ലിക്കലിൽനിന്ന് കോങ്ങാട്-പറളി റൂട്ടിലോടുന്ന സ്വകാര്യബസിൽ കയറിയതാണ് വിദ്യാർഥിനി. പെട്ടെന്ന് പുറകിലേക്ക് മറിഞ്ഞുവീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. റോഡിലേക്കുവീണ ഗൗരിയുടെ ശരീരത്തിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി.
ഗുരുതരപരിക്കേറ്റ ഗൗരിയെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടർന്ന്, വിദഗ്ധ ചികിത്സയ്ക്കായി നെന്മാറയിലെ സ്വകാര്യ ആശുപത്രിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്ഥിതി ഗുരുതരമായി. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംസ്കാരം വ്യാഴാഴ്ച 11-ന് തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.
അമ്മ: ബീന (ട്യൂഷൻ അധ്യാപിക). സഹോദരൻ: ഗൗതം (അകത്തേത്തറ എൻ.എസ്.എസ്. എൻജിനിയറിങ് കോളേജ് വിദ്യാർഥി).