കടബാധ്യത കുതിക്കുന്നു
ഭവന വായ്പ ഒഴികെയുള്ള കടബാധ്യതയിൽ ഇന്ത്യ ഇപ്പോൾ യു.എസ്., ചൈന തുടങ്ങിയ വൻകിട രാജ്യങ്ങളെയും മറികടന്നിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കടക്കാരായി ഇന്ത്യക്കാർ മാറുന്ന ഗുരുതര സാഹചര്യമാണിത്.
ജി.ഡി.പി. അനുപാതം: രാജ്യത്തെ ഭവനേതര വായ്പകൾ ജി.ഡി.പി.യുടെ 32.3 ശതമാനമാണ്. ഉപഭോഗത്തിന് മുൻതൂക്കം നൽകുന്ന അമേരിക്കയെക്കാളും ബാങ്ക് വായ്പകളെ അമിതമായി ആശ്രയിക്കുന്ന ചൈനയെക്കാളും കൂടുതലാണിത്.
കോവിഡ് ആഘാതം: 2020-ന് ശേഷമാണ് കടബാധ്യതയിൽ വലിയ കുതിപ്പുണ്ടായത്. കോവിഡിനെ തുടർന്ന് രാജ്യത്തിന്റെ ജി.ഡി.പി.യിലുണ്ടായ ഇടിവും അതിജീവനത്തിനായി സാധാരണക്കാർ വായ്പകളെ ആശ്രയിച്ചതുമാണ് ഇതിന് പ്രധാന കാരണം.
വരുമാനവും കടവും: കുടുംബങ്ങളുടെ മൊത്തം വരുമാനത്തിന്റെ ഏകദേശ കണക്കായ 'ഹൗസ് ഹോൾഡ് ഗ്രോസ് വാല്യൂ ആഡഡ്' (HGVA) പ്രകാരം സാമ്പത്തിക ബാധ്യത 2017-ലെ 59 ശതമാനത്തിൽ നിന്ന് 72 ശതമാനമായി ഉയർന്നു.
ഏറ്റവും താഴ്ന്ന സമ്പാദ്യനിരക്ക്
50 വർഷത്തെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന സമ്പാദ്യനിരക്കാണ് രാജ്യത്ത് ഇന്നുള്ളത്. ജി.ഡി.പി.യുടെ ശതമാനമായി കണക്കാക്കുന്ന കുടുംബ സമ്പാദ്യം (Net Household Financial Savings) കുത്തനെ ഇടിഞ്ഞു. ആളുകൾക്ക് സമ്പാദ്യശീലം കുറഞ്ഞതുകൊണ്ടല്ല ഇത് സംഭവിക്കുന്നത്, മറിച്ച് വായ്പാബാധ്യത കൂടിയതാണ് സമ്പാദ്യം ഇല്ലാതാക്കിയത്. ഇതിനുപുറമേ ആദായനികുതിയും ജി.എസ്.ടിയും ജനങ്ങളുടെ കൈവശമുള്ള പണത്തിന്റെ വലിയൊരു പങ്കും കവർന്നെടുക്കുന്നു.
കടുത്ത കടക്കെണി
ആർ.ബി.ഐ.യുടെ കണക്കനുസരിച്ച് ഇന്ത്യയിലെ 45 ശതമാനം വായ്പക്കാരും തിരിച്ചടവിൽ ബുദ്ധിമുട്ട നേരിടുന്നവരാണ്. ഇതിൽ പകുതിയോളം പേരും വായ്പയെടുക്കുന്നത് നിത്യജീവിതത്തിലെ ആവശ്യങ്ങൾക്കാണ്. ഇടത്തരക്കാരിൽ 10 ശതമാനം ആളുകൾ രൂക്ഷമായ കടക്കെണിയിലാണ്. പഴയ വായ്പ തിരിച്ചടയ്ക്കാൻ പുതിയ വായ്പ എടുക്കുന്ന അവസ്ഥയിലേക്ക് അവരെ നയിച്ചത് വരുമാനമില്ലായ്മയും സോഷ്യൽ മീഡിയ നൽകുന്ന വ്യാജ മോഹങ്ങളുമാണ്.
കടം വാങ്ങി ആഘോഷിക്കുന്ന ജീവിതം സാമ്പത്തിക തകർച്ചയുടെ സൂചനയാണ്. പുതിയ കാറും വിദേശയാത്രയും കടത്തിന്മേൽ കെട്ടിപ്പൊക്കിയ 'മിഥ്യാ സമ്പന്നത' മാത്രമാകാം. വരുമാനം ഉയരാതെ കടം കൂടുന്നത് ശുഭകരമല്ല. ആഗ്രഹങ്ങൾ സാമ്പത്തിക ഭദ്രതയെ തകർക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. സമ്പാദ്യത്തേക്കാൾ ബാധ്യത വളരുന്ന കാലഘട്ടത്തിൽ 'കൈവശമുള്ളത് സ്വന്തം പണമാണോ അതോ തിരിച്ചടയ്‌ക്കേണ്ട കടമാണോ?' എന്ന ചോദ്യം ഓരോരുത്തരും ചോദിക്കേണ്ടതുണ്ട്.
