പ്രശസ്ത ശാസ്ത്രജ്ഞന് ഡോ. രഘുനാഥ് അനന്ത് മാഷേല്‍കറുടെ (Dr Raghunath Mashelkar) അനുമോദന ചടങ്ങില്‍ അദ്ദേഹത്തെ കുറിച്ച് വികാരഭരിതമായി സംസാരിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. മാഷേല്‍കറുടെ പുസ്തക പ്രകാശനവും 54 ഓണററി പിഎച്ച്ഡികള്‍ നേടിയ അദ്ദേഹത്തിന്റെ അപൂര്‍വ നേട്ടവും ചടങ്ങില്‍ ആഘോഷിച്ചു. അന്താരാഷ്ട്ര ഹ്യൂമന്‍ സോളിഡാരിറ്റി ഡേയോടനുബന്ധിച്ച് മുംബൈയിലെ ഹോട്ടല്‍ താജ്മഹല്‍ പാലസിലാണ് ചടങ്ങ് നടന്നത്.
പത്മവിഭൂഷന് അവാര്‍ഡ് ജേതാവ് കൂടിയായ മാഷേല്‍കറും സുശീല്‍ ഹോര്‍ഡെയും ചേര്‍ന്ന് രചിച്ച മോര് ഫ്രം ലെസ് ഫോര്‍ മോര് ഇന്നൊവേഷന്‍സ് ഹോളി ഗ്രെയ്ല്‍ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു.
പരിപാടിയില്‍ മാഷേല്‍കര്‍ റിലയന്‍സിന്റെ ജൈത്രയാത്രയില്‍ എങ്ങനെയാണ് സ്വാധീനം ചെലുത്തിയതെന്ന് മുകേഷ് അംബാനി സംസാരിച്ചു. ഡോ. മാഷേല്‍കറുടെ ജീവിതയാത്രയില്‍ ആധുനിക ഇന്ത്യയുടെ യാത്ര താന്‍ കാണുന്നുവെന്നാണ് മുകേഷ് അംബാനി പറഞ്ഞത്. പ്രൊഫസര്‍ എം.എം. ശര്‍മ്മയും മാഷേല്‍കറും തന്റെ വ്യക്തിജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളാണെന്ന് അംബാനി പറഞ്ഞു. തന്റെ ചിന്തകളെ ഈ രണ്ട് വ്യക്തിത്വങ്ങളും സ്വാധീനിച്ചിട്ടുണ്ടെന്നും റിലയന്‍സിന്റെ ചില നേട്ടങ്ങള്‍ക്ക് ഇരുവരും പ്രചോദനമായിട്ടുണ്ടെന്നും അംബാനി വെളിപ്പെടുത്തി.
"ഡോ. മാഷേല്‍കറുടെ ജീവിതയാത്രയില്‍ ആധുനിക ഇന്ത്യയുടെ യാത്ര ഞാന്‍ കാണുന്നു. മുംബൈയിലെ തെരുവുവിളക്കുകള്‍ക്ക് കീഴില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടി രാജ്യത്തിന്റെ ശാസ്ത്ര ഭാവനയെ മുഴുവന്‍ പ്രകാശിപ്പിക്കുന്ന തരത്തില്‍ വളരുന്നു. അമ്മയുടെ സ്നേഹവും ദൃഢനിശ്ചയവുമാണ് കുട്ടിക്കാലത്ത് അദ്ദേഹത്തെ നയിച്ചത്. ദാരിദ്ര്യത്തില്‍ നിന്നും ലോകത്തിന്റെ മുഴുവന്‍ ആദരവും നേടുന്ന വ്യക്തിയായി അദ്ദേഹം വളര്‍ന്നു. തന്റെ പുസ്തകങ്ങളിലും പ്രസംഗങ്ങളിലും ഇന്ത്യന്‍ സമൂഹത്തെ ഒരു മഞ്ഞുമലയായി അദ്ദേഹം പലപ്പോഴും വിശേഷിപ്പിച്ചിട്ടുണ്ട്. അവിടെ മിക്കയാളുകളും കഴിയുന്നത് ദൃശ്യമായ ഉപരിതലത്തിന് താഴെയാണ്", അംബാനി തുടര്‍ന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.