Wednesday, 6 September 2023

അഫ്‌ഗാനിസ്ഥാന്‍ പൊരുതി കീഴടങ്ങി; ശ്രീലങ്ക ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍

SHARE

അഫ്‌ഗാനിസ്ഥാന്‍ പൊരുതി കീഴടങ്ങി; ശ്രീലങ്ക ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് ഓപ്പണര്‍മാരായ പാതും നിസങ്കയും ദിമുത് കരുണരത്നെയും മികച്ച തുടക്കമാണ് നല്‍കിയത്


ലാഹോര്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ചരിത്രം കുറിക്കാനുള്ള അവസരത്തിനരികെ അഫ്‌ഗാനിസ്ഥാന്‍ പൊരുതി വീണു. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 292 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ അഫ്‌ഗാന്‍ 37.4 ഓവറില്‍ 289 റണ്‍സില്‍ പുറത്താവുകയായിരുന്നു. മധ്യനിരയുടെയും വാലറ്റത്തിന്‍റേയും വെടിക്കെട്ടിനൊടുവില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു അഫ്‌ഗാന്‍. സ്കോര്‍: ശ്രീലങ്ക- 291/8 (50), അഫ്‌ഗാന്‍- 289 (37.4). ജയത്തോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ബംഗ്ലാദേശിന് പിന്നാലെ ശ്രീലങ്ക സൂപ്പര്‍ ഫോറിലെത്തിയപ്പോള്‍ അഫ്‌ഗാനിസ്ഥാന്‍ നാടകീയമായി പുറത്തായി. 


കുശാലിന്‍റെ കുശാലടി

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് ഓപ്പണര്‍മാരായ പാതും നിസങ്കയും ദിമുത് കരുണരത്നെയും മികച്ച തുടക്കമാണ് നല്‍കിയത്. 35 പന്തില്‍ 32 റണ്‍സെടുത്ത കരുണരത്നെ ഇന്നിംഗ്‌സിലെ 11-ാം ഓവറില്‍ മടങ്ങുമ്പോള്‍ ടീം സ്കോര്‍ 63 ഉണ്ടായിരുന്നു. അധികം വൈകാതെ പാതും നിസങ്കയും(40 പന്തില്‍ 41), സദീര സമരവിക്രമയും(8 പന്തില്‍ 3) മടങ്ങിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസും ചരിത് അസലങ്കയും ലങ്കയുടെ രക്ഷയ്‌ക്കെത്തി. അസലങ്ക 43 പന്തില്‍ 36 ഉം ധനഞ്ജയ ഡിസില്‍വ 19 പന്തില്‍ 14 ഉം ക്യാപ്റ്റന്‍ ദാസുന്‍ ശനക 8 പന്തില്‍ 5 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ കുശാല്‍ മെന്‍ഡിസ് സെഞ്ചുറിക്കരികെ പുറത്തായി. 84 പന്ത് നേരിട്ട മെന്‍ഡിസ് ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 92 റണ്‍സ് കണ്ടെത്തി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മഹീഷ തീക്ഷനയും(24 പന്തില്‍ 28), ദുനിതും(39 പന്തില്‍ 33*) ലങ്കയെ 50 ഓവറില്‍ 291-8 എന്ന മോശമല്ലാത്ത സ്കോറില്‍ എത്തിക്കുകയായിരുന്നു. 

കസറി മധ്യനിര, വാലറ്റം

മറുപടി ബാറ്റിംഗില്‍ അഞ്ച് ഓവറില്‍ 27 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ രണ്ട് അഫ്‌ഗാനിസ്ഥാന്‍ ഓപ്പണര്‍മാരെയും കാശുന്‍ രജിത പുറത്താക്കി. റഹ്‌മാനുള്ള ഗുര്‍ബാസ് 8 പന്തില്‍ 4 ഉം ഇബ്രാഹിം സദ്രാന്‍ 14 പന്തില്‍ 7 ഉം റണ്‍സേ നേടിയുള്ളൂ. ഗുല്‍ബാദിന്‍ നൈബ് 16 പന്തില്‍ 22 റണ്‍സുമായി മടങ്ങിയപ്പോള്‍ റഹ്‌മത്ത് ഷാ(40 പന്തില്‍ 45), ക്യാപ്റ്റന്‍ ഹഷ‌്‌മത്തുള്ള ഷാഹിദി(66 പന്തില്‍ 59), മുഹമ്മദ് നബി(32 പന്തില്‍ 65), കരീം ജനത്(13 പന്തില്‍ 22) എന്നിവരുടെ പ്രകടനം അഫ്‌ഗാന് പ്രതീക്ഷ നല്‍കി. അതിവേഗം സ്കോര്‍ ചെയ്ത നബി 6 ഫോറും 5 സിക്‌സും പറത്തി. 33 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോഴേക്ക് 7 വിക്കറ്റ് നഷ്‌ടമായെങ്കിലും 247 റണ്‍സുണ്ടായിരുന്നു അഫ്‌ഗാന്. 17 ഓവറും മൂന്ന് വിക്കറ്റും കയ്യിലിരിക്കേ ജയിക്കാന്‍ വേണ്ടത് 45 റണ്‍സ്. അവിടുന്നങ്ങോട്ട് വെടിക്കെട്ടുമായി നജീബുള്ള സദ്രാനും റാഷിദ് ഖാനും കുതിച്ചു.

ജയിക്കാന്‍ അഫ്‌ഗാന് 86 പന്തില്‍ 16 റണ്‍സ് മാത്രം മതിയെന്നിരിക്കേ നജീബുള്ളയെ(15 പന്തില്‍ 23) രജിതയുടെ പന്തില്‍ സബ്റ്റിറ്റ്യൂട്ട് ഫീള്‍ഡര്‍ ദുഷാന്‍ ഹേമന്ദ സൂപ്പര്‍ ക്യാച്ചില്‍ പറഞ്ഞയച്ചത് വഴിത്തിരിവായി. സൂപ്പര്‍ ഫോറിലെത്താന്‍ അഫ്‌ഗാനിസ്ഥാന് നിര്‍ണായകമായ 38--ാം ഓവര്‍ എറിഞ്ഞ ധനഞ്ജയ അഫ്‌ഗാന്‍റെ പ്രതീക്ഷകള്‍ എറിഞ്ഞിട്ടു. മുജീബുര്‍ സദ്രാനും ഫസല്‍ഹഖ് ഫറൂഖിയും അക്കൗണ്ട് തുറക്കാതെ മടങ്ങിയപ്പോള്‍ 16 പന്തില്‍ 27* റണ്‍സുമായി റാഷിദ് ഖാന്‍ ഒരറ്റത്ത് നിരാശയോടെ നില്‍പുണ്ടായിരുന്നു.
SHARE

Author: verified_user