കോഴിക്കോട്: അന്താരാഷ്ട്ര ലഹരി മൊത്തവിൽപ്പനക്കാരനെ കർണാടകയിലെ ഹസനിൽ നിന്നും പിടികൂടി കുന്ദമംഗലം പൊലീസ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപനക്കാരനാണ് പിടിയിലായിരിക്കുന്നത്. 2025 ജനുവരി 21 ന് കുന്ദമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസിൽ രണ്ട് ടാൻസാനിയൻ സ്വദേശികളും, നൈജീരിയൻ സ്വദേശിയും ഉൾപ്പെടെ 8 പേർ നേരത്തേ അറസ്റ്റിലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന 9-ാമത്തെ പ്രതിയാണ് ഇംറാൻ. നേരത്തെ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിനായി ബാംഗ്ലൂരിൽ കൊണ്ടുപോവുകയും, തെളിവെടുപ്പിനിടെ പ്രതികൾ താമസിച്ച ലോഡ്ജിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇവിടെ നിന്നാണ് കൂട്ടുപ്രതികളെ കുറിച്ച് കുന്ദമംഗലം പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് കുന്ദമംഗലം പൊലീസ് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നത്.
ഇയാൾ ആഫ്രിക്കൻ സ്വദേശികളിൽ നിന്നും മയക്കുമരുന്ന് മൊത്തമായി വാങ്ങി സൂക്ഷിച്ച് ആവശ്യപ്രകാരം വിതരണക്കാർക്ക് മൊത്തമായി നൽകുകയായിരുന്നു പതിവ് രീതി. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എംഡിഎംഎ എത്തിക്കുന്നതിലെ മുഖ്യ കണ്ണിയാണ് ഇംറാൻ എന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. ആന്ധ്ര, ബാംഗ്ലൂർ, തിരുവമ്പാടി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കഞ്ചാവ് കേസുകളുണ്ട്. ഈ കേസുകളിലെല്ലാം ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി ഒളിവിൽ കഴിഞ്ഞുവരവെയാണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലാവുന്നത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക