Friday, 18 July 2025

കിയ കാരൻസ് ക്ലാവിസ്: വില, സവിശേഷതകൾ, എഞ്ചിൻ ഓപ്ഷനുകൾ

SHARE

 
കാരന്‍സില്‍നിന്ന് ക്ലാവിസിലേക്കുള്ള ദൂരം നാലുവര്‍ഷമേയുള്ളൂ. എന്നാല്‍ ആ നാലുവര്‍ഷം കൊണ്ട് കിയ ഈ കുടുംബവാഹനത്തിന് നല്‍കിയത് ആരുംമോഹിക്കുന്ന മാറ്റങ്ങളാണ്. സെവന്‍ സീറ്ററുകളിലേക്കുള്ള ഇന്ത്യക്കാരുടെ മാറ്റങ്ങളുടെ തുടക്കക്കാരനായിരുന്നു കിയയുടെ കാരന്‍സ് എന്ന മള്‍ട്ടി പര്‍പ്പസ് വാഹനം (എംപിവി). നാലുവര്‍ഷംമുന്‍പ് എംപിവി എന്നീ മൂന്നക്ഷരത്തിന് പുതിയ മാനം നല്‍കിയായിരുന്നു വരവ്. അതുകൊണ്ടുതന്നെ ആദ്യമൊന്നു മടിച്ചെങ്കിലും പിന്നീട് ഇന്ത്യക്കാര്‍ ഈ പുതിയമുഖത്തെ തങ്ങള്‍ക്കൊപ്പം ചേര്‍ത്തു. ഇപ്പോള്‍ രണ്ടുലക്ഷത്തിലധികം വീടുകളുടെ പടിപ്പുരകളില്‍ കിടക്കുന്ന കാരന്‍സ് അതിന്റെ സാക്ഷ്യം.

ഇനി ക്ലാവിസിനെക്കുറിച്ച് അറിയാം. 11.49 ലക്ഷം രൂപ മുതല്‍ എന്തും തികഞ്ഞ ഒരു ഏഴുസീറ്ററിനെ തിരയുന്നവരുടെ മുന്നിലേക്കാണ് ക്‌ളാവിസിന്റെ വരവ്.

അറിയാം കാരന്‍സ് ക്‌ളാവിസിനെ

പറയത്തക്ക മാറ്റമൊന്നും ഒറ്റനോട്ടത്തില്‍ ദൃശ്യമല്ലെങ്കിലും പുതിയ ട്രെന്‍ഡായ വൈദ്യുതവാഹനങ്ങളുടെ ഛായ അലിഞ്ഞിട്ടുണ്ട്. ഒതുങ്ങിയിറങ്ങുന്ന ബോക്‌സി രൂപം വേണമെങ്കില്‍ വിഖ്യാതമായ ഇവി 9-മായി ഒന്ന് ഒത്തുനോക്കാം. പ്രീമിയം കാറുകളിലെ ഓപ്പോസിറ്റ്‌സ് അട്രാക്ട് എന്ന ഡിസൈന്‍ ഭാഷ്യത്തിന്റെ കടമെടുപ്പാണിത്.

ത്രീ-പോഡ് ഹെഡ്ലൈറ്റുകള്‍ക്കായി ത്രികോണാകൃതിയിലൊരുക്കിയ ഹൗസിങ്ങുകളും ഇല്ലാത്തഗ്രില്ലിനുമുകളിലൂടെ ഒഴുകുന്ന ലെറ്റ്ബാറുമൊക്കെ അടിപൊളിയാണ്. 17 ഇഞ്ച് ഡയമണ്ട്-കട്ട് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളിലും പുതുമയുണ്ട്. റൂഫ് റെയിലുകളും എല്‍ഇഡി ടെയില്‍ലൈറ്റുകളെ ബന്ധിപ്പിക്കുന്ന കട്ടിയുള്ള ലൈറ്റ്ബാറും പിന്‍ഭാഗത്തെ പുതുമയുള്ളതാക്കുന്നു.

വിശാലമായ ഷോറൂമിലേക്ക് കയറുന്ന ഫീല്‍. കാഴ്ചയില്‍ ആദ്യം പതിയുക വിശാലമായ സ്‌ക്രീനുകളാണ്. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേയും മോഡിനനസരിച്ച് നിറം മാറുന്ന 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും.


ഫ്‌ളാറ്റ്-ബോട്ടംഡ് സ്റ്റിയറിങ് വീലും കിയയുടെ പുതിയ രൂപത്തിലേക്ക് മാറിയിട്ടുണ്ട്. മൂന്നു നിറങ്ങളിലുള്ള ഡാഷ്‌ബോര്‍ഡും കാണാന്‍ കൊള്ളാം. സീറ്റിങ്ങുകളിലും ഉഷാര്‍. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പിന്നില്‍ രണ്ട് ക്യാപ്റ്റന്‍ സീറ്റുകള്‍ക്ക് സ്ഥലം ഏക്കറുകണക്കിന്ന്.

ഡ്രൈവര്‍ സീറ്റ് നാലുതരത്തില്‍ ക്രമീകരിക്കാം. 8-സ്പീക്കര്‍ ബോസ് ഓഡിയോ സിസ്റ്റം, വലിയ പനോരമിക് സണ്‍റൂഫ്, 60 ഡിഗ്രി ക്യാമറയും കിയയുടെ കണക്ടഡ് കാര്‍ ടെക് സ്യൂട്ടും ഒക്കെ വരുന്നുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഫ്രണ്ട് കൊളീഷന്‍ അസിസ്റ്റ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളുള്ള ലെവല്‍ 2 അഡാസാണ് കാരന്‍സ് ക്‌ളാവിസില്‍ വരുന്നത്.


കാരന്‍സിലെ എല്ലാ എന്‍ജിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ക്ലാവിസിലേക്കും അതേപടി പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍, 113.4 ബിഎച്ച്പി കരുത്തില്‍ 143.8 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന നാച്വറലി ആസ്പിറേറ്റഡ് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് 6-സ്പീഡ് മാനുവല്‍ മാത്രമാണ് ഏക ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. 1.5 ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 158 ബിഎച്ച്പി പവറില്‍ 253 എന്‍എം ടോര്‍ക്ക് വരെ നല്‍കും.

ഇതില്‍ വൈവിധ്യമാര്‍ന്ന ട്രാന്‍സ്മിഷന്‍ ചോയ്സുകളുണ്ട്. 6-സ്പീഡ് മാനുവല്‍, ഐഎംടി ഗിയര്‍ബോക്‌സുകള്‍ക്കൊപ്പം 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക്കും ടര്‍ബോ പതിപ്പിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 114.4 എച്ച്പി കരുത്തില്‍ ഏകദേശം 250 എന്‍എം പീക്ക് ടോര്‍ക്ക് പുറപ്പെടുവിക്കും. ഡീസല്‍ എന്‍ജിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമുണ്ട്.

സസ്‌പെന്‍ഷനിലെ മാറ്റങ്ങള്‍ ഇരിത്തത്തില്‍ അറിയുന്നുണ്ട്. കുണ്ടും കുഴിയുമെല്ലാം അത്രപെട്ടെന്ന് അറിയില്ല. സ്ഥലത്തിന്റെ ധാരാളിത്തം ഒരളവോളം മൂന്നാം നിരയിലുമുണ്ട്. ഫാമിലികാറുകളുടെ കൂട്ടത്തില്‍ എന്തുകൊണ്ടും തങ്ങളുടെ സ്ഥാനം ഒന്നുകൂടെ ഉറപ്പിക്കാന്‍ കാരന്‍സ് ക്‌ളാവിസിന് കഴിയും.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user