Friday, 27 February 2026

'മകൾ പൂളിനടിയിലാണ്,എനിക്ക് നീന്താൻ അറിയാത്തതുകൊണ്ട് ഇറങ്ങിയില്ല'; 4വയസുകാരിയുടെ മരണത്തിൽ നിർണായക വിവരം പുറത്ത്

'മകൾ പൂളിനടിയിലാണ്,എനിക്ക് നീന്താൻ അറിയാത്തതുകൊണ്ട് ഇറങ്ങിയില്ല'; 4വയസുകാരിയുടെ മരണത്തിൽ നിർണായക വിവരം പുറത്ത്

വാഷിംങ്ടൺ: അമേരിക്കയിൽ നാല് വയസുകാരി വാടക വീട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണു മരിച്ച സംഭവത്തിൽ ഇന്ത്യൻ വംശജയും ഡോക്ടറുമായ അമ്മക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. സംഭവ ദിവസം ഡോ. നേഹ ഗുപ്ത എമർജൻസി നമ്പറിലേക്ക് വിളിച്ചതിന്റെ അസ്വാഭാവികത തോന്നുന്ന ഫോൺ സന്ദേശമാണ് അന്വേഷണ സംഘം പുറത്തുവിട്ടത്.

മകൾ പൂളിൽ വീണുവെന്ന് അറിയിക്കാനും അടിയന്തര സഹായത്തിനുമായി നീന ഗുപ്ത വിളിച്ച കോളിൽ മകളെ നീന്തൽകുളത്തിൽ കണ്ടുവെന്നും എന്നാൽ തനിക്ക് നീന്തൽ അറിയാത്തതിനാൽ ഇറങ്ങാൻ കഴിയുന്നില്ലെന്നും പറഞ്ഞിരുന്നു

2025 ജൂണിലാണ് കേസിനാസ്പദമായ സംഭവം. അമേരിക്കയിലെ ശിശുരോഗ വിദഗ്ധയായ നേഹ ഗുപ്ത മകൾക്കൊപ്പം എൽ പോർട്ടിലെ വാടക കെട്ടിടത്തിൽ താമസിക്കുകയായിരുന്നു. ഇവിടെയുള്ള സ്വിമ്മിംഗ് പൂളിലാണ് നാല് വയസുകാരി മകൾ ആരിയ തലാത്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

'ഞങ്ങൾ ഉറങ്ങുകയായിരുന്നു, അതിനിടെ ഒരു ശബ്ദം കേട്ടു. ശബ്ദം കേട്ട് അടുത്തേക്ക് പോയി നോക്കി. അവിടെ മകളെ നീന്തൽ കുളത്തിൽ കണ്ടു. ഞാൻ രക്ഷിക്കാൻ ശ്രമിച്ചു. എനിക്ക് നീന്തൽ അറിയില്ലായിരുന്നു. അതുകൊണ്ട് കുളത്തിൽ ഇറങ്ങാൻ കഴിഞ്ഞില്ല. അവൾ നീന്തൽകുളത്തിന്റെ അടിത്തട്ടിലേക്ക് പോയി, അവൾ അനങ്ങുന്നില്ല' എന്നായിരുന്നു നീന പൊലീസിനോട് പറഞ്ഞത്.

കുഞ്ഞിനെ രക്ഷിക്കാൻ നിങ്ങളാൽ കഴിയുന്നത് ചെയ്യൂവെന്ന് പൊലീസുകാർ പറഞ്ഞപ്പോൾ താൻ പരിശ്രമിക്കുന്നുണ്ടെന്നും എന്നാൽ പൂളിന് ഒമ്പത് അടിയോളം ആഴമുണ്ടെന്നാണ് കരുതുന്നതെന്നുമാണ് നീന ഗുപ്ത മറുപടി നൽകിയത്. കോൾ ലഭിച്ച ഉടൻ വീട്ടിലെത്തിയ പൊലീസ് പൂളിനടിയിൽ കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. പുറത്തെടുത്തപ്പോഴേക്കും കുഞ്ഞിന്റെ ജീവൻ നഷ്ടമായിരുന്നു.

എന്നാൽ കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസകോശത്തിലോ വയറ്റിലോ വെള്ളത്തിന്റെ അംശം കണ്ടെത്തിയിരുന്നില്ല. എന്നാൽ കുഞ്ഞിന്റെ മുഖത്തും വായിലും മുറിവുകളും കവിളിനുള്ളിൽ ചതവും കണ്ടെത്തിയിരുന്നു. ഇതോടെ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം നീന്തൽ കുളത്തിൽ ഉപേക്ഷിച്ചതാകാം എന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേരുകയായിരുന്നു. പിന്നാലെ നീന ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം മുൻ ഭർത്താവുമായി കുഞ്ഞിന്റെ കസ്റ്റഡി കേസ് നടന്നിരുന്നുവെന്നും ഇത് പരാജയപ്പെട്ടതാണ് നീന ഗുപ്ത സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താനുള്ള കാരണമെന്നും ആരോപണം ഉയർന്നിരുന്നെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്

മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരം: വിവിധ പീഡനക്കേസുകളിലെ പ്രായപൂർത്തിയാകാത്ത ഇരകളുടെ അടക്കം പേരും വിവരങ്ങളും വെളിപ്പെടുത്തിയ സംഭവത്തിൽ മുൻ ഡിജിപിയും നിലവിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖയ്ക്കെതിരേ പോക്സോ കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് നടപടി.

ഡൽഹി നിർഭയ കേസ്, കിളിരൂർ-കവിയൂർ കേസുകൾ, സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ പീഡനക്കേസ് തുടങ്ങി കേരളത്തെയും രാജ്യത്തെയും നടുക്കിയ നിരവധി കേസുകളിലെ ഇരകളുടെ സ്വകാര്യ വിവരങ്ങൾ ശ്രീലേഖ പരസ്യപ്പെടുത്തിയെന്നാണ് പരാതി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആർ ജയചന്ദ്രന്റെ പരാതിയിലാണ് നടപടി.

ഇരകളുടെ പേരും തിരിച്ചറിയാൻ സഹായിക്കുന്ന മറ്റ് വിവരങ്ങളും വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജയചന്ദ്രൻ പോലീസിനെ സമീപിച്ചത്. ആദ്യം മ്യൂസിയം പോലീസിൽ പരാതി നൽകിയെങ്കിലും മുൻ ഡിജിപി എന്ന നിലയിലുള്ള സ്വാധീനം കാരണം കേസെടുക്കാൻ പോലീസ് തയാറായില്ല. തുടർന്ന് പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു. പരാതിയും പ്രാഥമിക തെളിവുകളും പരിശോധിച്ച കോടതി, ശ്രീലേഖയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പോലീസിനോട് നിർദേശിച്ചു. പരാതിക്കാരനുവേണ്ടി അഭിഭാഷകനായ അഡ്വ. എം അനിൽ കുമാർ കോടതിയിൽ ഹാജരായി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'സുഹൃത്തിനപ്പുറം ഒരു സഹോദരൻ' ഇസ്രായേൽ പാർലമെന്റിൽ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് നെതന്യാഹു

'സുഹൃത്തിനപ്പുറം ഒരു സഹോദരൻ' ഇസ്രായേൽ പാർലമെന്റിൽ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് നെതന്യാഹു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'മഹാനായ സുഹൃത്ത്' എന്നും 'സഹോദരൻ' എന്നും വിശേഷിപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ പാർലമെന്റായ ക്നെസെറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ മഹത്തായ ശക്തി എന്നാണ് പാർലമെന്റിലെ പ്രസംഗത്തിൽ നെതന്യാഹു വിശേഷിപ്പിച്ചത്. ഒൻപത് വർഷത്തിന് ശേഷം ഇസ്രായേലിലെത്തിയ പ്രധാനമന്ത്രി മോദിക്ക് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ പാർലമെന്റ് അംഗങ്ങൾ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.

"എന്റെ പ്രിയ സുഹൃത്തേ നരേന്ദ്ര, നിങ്ങളുടെ സന്ദർശനത്തിൽ ഞാൻ വളരെയധികം വികാരാധീനനാണ്. ഇസ്രായേലിന്റെ വലിയ സുഹൃത്തായ, ഇന്ത്യ-ഇസ്രായേൽ സഖ്യത്തിന്റെ പോരാളിയായ, ലോകവേദിയിലെ മഹാനായ നേതാവായ താങ്കളുടെ സാന്നിധ്യം പോലെ എന്നെ മറ്റൊന്നും സ്പർശിച്ചിട്ടില്ല," നെതന്യാഹു പറഞ്ഞു.

മോദി വെറുമൊരു സുഹൃത്തല്ല, അതിനപ്പുറം ഒരു സഹോദരനാണെന്ന് പറയാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള വ്യാപാരം ഇരട്ടിയായെന്നും പ്രധാന മേഖലകളിലെ സഹകരണം മൂന്നിരട്ടിയായി വർദ്ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യത്തിന് വേണ്ടിയും ഇസ്രായേലിന് വേണ്ടിയും നിലകൊള്ളുന്നതിന് അദ്ദേഹം മോദിയെ അഭിനന്ദിക്കുകയും ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് നഗരത്തിലെ എണ്ണക്കടി നിർമാണകേന്ദ്രങ്ങളിൽ പരിശോധന; നാലുകടകൾ അടപ്പിച്ചു

കോഴിക്കോട് നഗരത്തിലെ എണ്ണക്കടി നിർമാണകേന്ദ്രങ്ങളിൽ പരിശോധന; നാലുകടകൾ അടപ്പിച്ചു

കോഴിക്കോട്: നഗരത്തിലെ ഹോട്ടലുകളിലേക്കും കടകളിലേക്കും എണ്ണക്കടികൾ നിർമിച്ചുനൽകുന്ന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ബുധനാഴ്ച പുലർച്ചെ ഭക്ഷ്യസുരക്ഷാവിഭാഗം ഏഴിടങ്ങളിൽ നടത്തിയ പരിശോധനയിൽ എല്ലായിടത്തും പ്രശ്‌നങ്ങൾ കണ്ടെത്തി. ഇതിൽ തീർത്തും വൃത്തിഹീനമായ സാഹചര്യത്തിൽ എണ്ണക്കടികൾ നിർമിച്ചുനൽകിയ നാല് നിർമാണകേന്ദ്രങ്ങൾ അടപ്പിച്ചു. ബാക്കി മൂന്നുസ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി.

പാളയത്തെ അഖിൽ ട്രേഡേഴ്സ്, വലിയങ്ങാടിയിലെ ആയിഷ ഫുഡ് പ്രൊഡക്ട്സ്, യു.കെ.എസ്. റോഡിലെ ജെ.കെ. ഫുഡ്സ്, കറുത്തപാണ്ടിസ് ഫുഡ്സ് എന്നീ സ്ഥാപനങ്ങളാണ് അടപ്പിച്ചത്. വൃത്തിഹീനമായ സാഹചര്യം, മലിനമായ വെള്ളം, പഴകിയ എണ്ണയുടെ ഉപയോഗം, ഫിറ്റ്നസ് ഇല്ലാത്ത മറുനാടൻതൊഴിലാളികൾ ഉൾപ്പെടെയുള്ള ജോലിക്കാർ തുടങ്ങിയ നിയമലംഘനങ്ങളാണ് ഇവിടെ കണ്ടെത്തിയത്. ഇതിൽ ഒരു സ്ഥാപനത്തിൽ ചെളിനിറത്തിലുള്ള വെള്ളമാണ് അടുക്കളയിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.

അർധരാത്രി പ്രവർത്തനമാരംഭിച്ച് പുലർച്ചയോടെ നിർമാണം പൂർത്തിയാക്കുന്ന കേന്ദ്രങ്ങളാണിവയിലേറെയും. ഈ എണ്ണക്കടികൾ ശരിയായ മാനദണ്ഡംപാലിക്കാതെയാണ് മറ്റുകടകളിലേക്ക് വിതരണം ചെയ്യുന്നത്. ഫുഡ് ഗ്രേഡ് പാത്രങ്ങൾ ഉപയോഗിച്ചായിരിക്കണം വിതരണവും സൂക്ഷിക്കലും നടത്തേണ്ടത്. എന്നാൽ, പ്ലാസ്റ്റിക് സഞ്ചികളിലാണ് നഗരത്തിൽ ഇവ വിതരണംചെയ്യുന്നത്. പുലർച്ചെ ഇരുചക്രവാഹനങ്ങളിൽ തൂക്കിയിട്ടും മറ്റും ഇത്തരം സഞ്ചികളുമായി പോകുന്ന വിതരണക്കാരെ കാണാനാകും. ഉപയോഗിച്ച എണ്ണയിൽ പുതിയത് വീണ്ടും പാകംചെയ്യാൻ ഉപയോഗിക്കുന്ന പ്രവണതയും ഇവിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണർ ടി.എസ്. വിനോദ് കുമാർ, അസി. കമ്മിഷണർ ബിബി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാകിസ്ഥാൻ താലിബാൻ സർക്കാരുമായി 'തുറന്ന യുദ്ധം'; കാബൂളിലും കാണ്ടഹാറിലും ബോംബാക്രമണം

പാകിസ്ഥാൻ താലിബാൻ സർക്കാരുമായി 'തുറന്ന യുദ്ധം'; കാബൂളിലും കാണ്ടഹാറിലും ബോംബാക്രമണം

അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരുമായി പാകിസ്ഥാൻ വെള്ളിയാഴ്ച 'തുറന്ന യുദ്ധം' പ്രഖ്യാപിച്ചു. മാസങ്ങളായി തുടരുന്ന അതിർത്തി തർക്കങ്ങൾക്കും വ്യോമാക്രമണങ്ങൾക്കും പിന്നാലെ അയൽരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ഇതോടെ നാടകീയമായ തലത്തിലേക്ക് ഉയർന്നു. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫാണ് പ്രഖ്യാപനം നടത്തിയത്.

അതിർത്തിയിലെ പുതിയ ഏറ്റുമുട്ടലുകൾക്ക് പിന്നാലെ കാബൂൾ, കാണ്ടഹാർ, പക്തിയ തുടങ്ങിയ അഫ്ഗാൻ നഗരങ്ങളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തി. "ഞങ്ങളുടെ ക്ഷമ പരിധി ലംഘിച്ചിരിക്കുന്നു. ഇനി നമുക്കിടയിൽ ഇത് തുറന്ന യുദ്ധമാണ്," എന്ന് ആസിഫ് എക്‌സിൽ കുറിച്ചു.

കാബൂളിലും കാണ്ടഹാറിലും യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും രണ്ട് മണിക്കൂറിലധികം വെടിവയ്പ്പും സ്ഫോടനങ്ങളും നടന്നതായും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ ആക്രമണം നടത്തിയതായി താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് സ്ഥിരീകരിച്ചെങ്കിലും ആൾനാശം റിപ്പോർട്ട് ചെയ്തിട്ടില്ല.

അഫ്ഗാൻ സൈന്യം പാകിസ്ഥാൻ അതിർത്തി രക്ഷാസേനയെ ആക്രമിച്ചതിനെത്തുടർന്നാണ് സൈനിക നടപടിയെന്നും ഇത് ഉചിതമായ മറുപടി ആണെന്നും പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി പറഞ്ഞു. വ്യാഴാഴ്ച രാത്രി അഫ്ഗാൻ സേന നടത്തിയ അതിർത്തി കടന്നുള്ള ആക്രമണത്തിന് മറുപടിയായാണ് പാകിസ്ഥാൻ നടപടിയെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്ക അതിർത്തിയായ 'ഡ്യൂറൻഡ് ലൈനിലെ' പാകിസ്ഥാൻ സൈനിക താവളങ്ങളെയാണ് ലക്ഷ്യം വെച്ചതെന്ന് അഫ്ഗാൻ അധികൃതർ അവകാശപ്പെട്ടു. എന്നാൽ അഫ്ഗാൻ ആക്രമണം പ്രകോപനമില്ലാതെയായിരുന്നുവെന്ന് പാകിസ്ഥാൻ തിരിച്ചടിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

260 കോടി രൂപയുടെ ആനക്കൊമ്പുകള്‍ ആദ്യം കത്തിക്കും; ചാരം വില്‍ക്കാന്‍ ആലോചിച്ച് സര്‍ക്കാര്‍

260 കോടി രൂപയുടെ ആനക്കൊമ്പുകള്‍ ആദ്യം കത്തിക്കും; ചാരം വില്‍ക്കാന്‍ ആലോചിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കേസുകളില്‍ പിടിച്ചെടുത്തതും ചരിഞ്ഞ കാട്ടാനകളുടെയും നാട്ടാനകളുടെയും അടക്കം വനംവകുപ്പിന്റെ കൈവശമുള്ള ആനക്കൊമ്പുകള്‍ കത്തിച്ചതിന് ശേഷമുള്ള വിപണന സാധ്യത പരിശോധിക്കുന്നു. 13 ടണ്ണിലേറെ ആനക്കൊമ്പാണ് വകുപ്പിന്റെ കൈവശമുള്ളത്. ഇതിന് 260 കോടി രൂപയുടെ മൂല്യമുണ്ട്.

സംസ്ഥാനത്തിന്റെ കൈവശമുള്ള ആനക്കൊമ്പുകള്‍ 2023ലെ നിയമപ്രകാരം കത്തിച്ചു നശിപ്പിക്കണമെന്നാണ് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇത് പ്രകാരമാണ് ആനക്കൊമ്പുകള്‍ കത്തിച്ചു കളയാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഈ ആനക്കൊമ്പുകള്‍ കത്തിച്ചതിന് ശേഷമുള്ള ചാരത്തിന്റെ വിപണനമാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. ഔഷധ കമ്പനികളുമായി ചര്‍ച്ച നടത്തിയെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

സൗദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. പത്തനാപുരം കുണ്ടയം സ്വദേശിനി ഷീബ (42), നിലമ്പൂർ സ്വദേശി ഇസ്മാഈൽ നിസാമി (48) എന്നിവരാണ് മരിച്ചത്. റിയാദിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം -മക്ക റോഡിലെ മഹ്‌ലൂമിയ എന്ന് സ്ഥലത്തായിരുന്നു അപകടം.

വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഹോത്ത ബനീ തമീമിൽ നിന്ന് തീർത്ഥാടകരുമായി പുറപ്പെട്ട ബസ് ബ്രേക്കിന് തകരാർ സംഭവിച്ചതിന് പിന്നാലെ വർക്ക് ഷോപ്പിൽ കയറ്റി അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിന് ശേഷം യാത്ര തുടരുന്നതിനിടെ മഹ്‌ലൂമിയയിൽവെച്ച് ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. ടയർ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിർദിശയിലുള്ള റോഡിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു.

ഷീബയും ഇസ്മാഈലും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ബസിലുണ്ടായിരുന്ന 50ഓളം യാത്രക്കാർക്ക് പരിക്കേറ്റതായാണ് വിവരം. മലയാളികൾക്ക് പുറമെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബംഗ്ലാദേശിൽ നിന്നുള്ളവരും ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശ്രീലങ്കയിലെ ഈസ്റ്റർദിന ഭീകരാക്രമണത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്; രഹസ്യാന്വേഷണ വിഭാഗം മുൻ തലവൻ അറസ്റ്റിൽ

ശ്രീലങ്കയിലെ ഈസ്റ്റർദിന ഭീകരാക്രമണത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്; രഹസ്യാന്വേഷണ വിഭാഗം മുൻ തലവൻ അറസ്റ്റിൽ

കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ ലോകത്തെ മുഴുവൻ നടുക്കിയ വാർത്തയായിരുന്നു ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലുണ്ടായ ഭീകരാക്രമണ പരമ്പര. 45 വിദേശികളടക്കം 279 പേർ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

ശ്രീലങ്കയുടെ രഹസ്യാന്വേഷണ വിഭാഗം മുൻ മേധാവി റിട്ട. മേജർ ജനറൽ സുരേഷ് സാലേയ്ക്ക് ആക്രമണത്തിന്റെ ആസൂത്രണത്തിൽ നിർണായക പങ്കുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ബുധനാഴ്ചയാണ് സുരേഷ് സാലേ അറസ്റ്റിലായത്. ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തി, സഹായവും പ്രേരണയും നൽകി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ഏറെ നാളായി തുടരുന്ന അന്വേഷണത്തിലെ ഏറ്റവും നിർണായകമായ അറസ്റ്റാണിത്. അറസ്റ്റിൽ പ്രതികരിക്കാനോ അഭിഭാഷകനെ ചുമതലപ്പെടുത്താനോ സുരേഷ് സാലേ തയ്യാറായിട്ടില്ല എന്നാണ് വിവരം.

അന്താരാഷ്ട്ര ബന്ധമുള്ള ശ്രീലങ്കയിലെ തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളായിരുന്നു ആക്രമണത്തിന് പിന്നിലെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ 2019ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഗോതബായ രജപക്‌സെയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കാനായി ആസൂത്രണം ചെയ്ത ആക്രമണമായിരുന്നു ഇതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ആക്രമണം നടത്തിയവരുമായി സുരേഷ് സാലേ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും ഇപ്പോഴും ഇവരുമായി ഇയാൾ അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും എഎഫ്പിയ്ക്ക് നൽകിയ പ്രതികരണത്തിൽ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുണ്ട്.

2019ൽ ഭീകരാക്രമണം നടന്ന് രണ്ട് ദിവസത്തിന് ശേഷം രജപക്‌സെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരും എന്നായിരുന്നു രജപക്‌സെയുടെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വാഗ്ദാനവും മുദ്രാവാക്യവും. ഗോതബായ ആ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം കുറഞ്ഞ സമയം കൊണ്ട് തന്നെ സുരേഷ് സാലേയെ രഹസ്യാന്വേഷണ വിഭാഗം തലവനായി നിയമിക്കുകയും ചെയ്തു.
പിന്നീട് നാഷണൽ പീപ്പിൾസ് പവർ അധികാരത്തിലെത്തുകയും അനുര കുമാര ദിസനായകെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുകയും ചെയ്തതിന് പിന്നാലെ സുരേഷ് സാലെയെ സ്റ്റേറ്റ് ഇന്റലിജൻസ് സർവീസിന്റെ മേധാവിത്വത്തിൽ നിന്നും പുറത്താക്കി.

ഭീകരാക്രമണം ആസൂത്രണം ചെയ്തവരെ കണ്ടെത്തണമെന്ന ആവശ്യം ശ്രീലങ്കയിലെ കാത്തോലിക്കാ സഭ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതു കൂടി മുൻനിർത്തിയാണ് വീണ്ടും അന്വേഷണം ശക്തമാക്കിയത്. സുരേഷ് സാലേയെ അറസ്റ്റ് ചെയ്ത നടപടിയെ കത്തോലിക്ക സഭാനേതൃത്വം സ്വാഗതം ചെയ്തിട്ടുണ്ട്. സംഭവത്തിലെ സത്യം പുറത്തുവരണമെന്നും ഇരകളായവർക്ക് നീതി ലഭിക്കണമെന്നും മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നത് എന്നാണ് ഫാ. സിറിൽ ഫെർണാണ്ടോയുടെ പ്രതികരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഭിനയിച്ചു നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വമില്ലായ്മ, മന്ത്രിയുടെ കയ്യിൽ കാനുല ഉണ്ട്; നഴ്സിന്‍റെ കുറിപ്പ്

അഭിനയിച്ചു നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വമില്ലായ്മ, മന്ത്രിയുടെ കയ്യിൽ കാനുല ഉണ്ട്; നഴ്സിന്‍റെ കുറിപ്പ്

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുകയായിരുന്ന മന്ത്രി വീണാ ജോർജിനൊപ്പം ഫോട്ടോ എടുത്തതിൽ വിശദീകരണവുമായി നഴ്‌സ്. പരിയാരം മെഡിക്കൽ കോളെജിലെ നഴ്‌സ് പി സി സ്മിതയാണ് ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്. കടുത്ത ശരീര വേദനയ്‌ക്കൊപ്പം മന്ത്രിക്ക് മാനസിക വിഷമവും ഉണ്ടായിരുന്നുവെന്നും മന്ത്രി അഭിനയിച്ചുവെന്നും നാടകം കളിച്ചു എന്നെല്ലാമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മയാണ്. മന്ത്രിക്കൊപ്പം ഫോട്ടോ എടുത്തതും പോസ്റ്റ് ചെയ്തതും പിന്തുണ അറിയിക്കാനാണെന്നും സ്മിത ഫേസ്ബുക്കിൽ കുറിച്ചു

മന്ത്രിക്ക് എംആർഐ സ്‌കാൻ ചെയ്തിരുന്നു. കടുത്ത കഴുത്തു വേദനയും ഉയർന്ന രക്തസമ്മർദവുമുണ്ടായിരുന്നു. രാത്രിയിൽ മന്ത്രി ഭക്ഷണം കഴിച്ചില്ല. രണ്ടു മണിക്കൂർ മാത്രമാണ് ഉറങ്ങിയത്. കടുത്ത ശരീര വേദനക്കൊപ്പം മന്ത്രി മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നുവെന്ന് തങ്ങൾക്ക് മനസ്സിലായെന്നും സ്മിത പറയുന്നു.

രാവിലെയും ഭക്ഷണം വേണ്ടെന്ന് പറഞ്ഞ മന്ത്രിയെ തങ്ങൾ നിർബന്ധിച്ച് ഒരു ഇഡലി കഴിപ്പിച്ചു. ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുൻപ് ഐസിയുവിലെ നഴ്‌സുമാരായ തങ്ങൾ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മന്ത്രിയോട് ചോദിക്കുകയായിരുന്നു. മന്ത്രിയെ ചേർത്ത് പിടിച്ചുള്ള ഫോട്ടോ അങ്ങനെ എടുത്തതാണ്. തന്റെ ഉൾപ്പടെ പിന്തുണ അറിയിക്കൽ കൂടിയാണത്. മന്ത്രിയെന്നതിന് അപ്പുറം സഹോദരതുല്യമായാണ് അവർ തങ്ങളോട് ഇടപെട്ടത്. അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത്. മന്ത്രി അഭിനയിച്ചു, നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വം ഇല്ലായ്മയാണ്. മന്ത്രി കാനുല ഇട്ടിട്ടുണ്ട്. ഭക്ഷണസമയം അത് ഡിസ്‌കണക്ട് ചെയ്തതാണ് .സൂചി ഇട്ടിട്ടുണ്ട്. മുൻപ് ഇട്ടയിടത്തു നിറം മാറ്റം ഉണ്ടായതു കൊണ്ട് കൈത്തണ്ടയുടെ ലോവർ ഭാഗത്താണ് ഇട്ടത്. ഇത്ര ക്രൂരത അരുത്. ദയവായി അല്പം ദയ കാണിക്കുക എന്ന് കുറിപ്പിൽ പറയുന്നു.

മന്ത്രിക്കൊപ്പം ഐസിയുവിൽവെച്ച് നഴ്‌സുമാർ എടുത്ത ചിത്രം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മന്ത്രി കയ്യിലൊരു സൂചി പോലും വെക്കാതെയാണ് ആശുപത്രിയിൽ കഴിയുന്നത് എന്നടക്കമായിരുന്നു വിമർശനം.

അതേസമയം വീണാ ജോർജ് ഇന്ന് പുലർച്ചെ ആശുപത്രി വിട്ടു. കണ്ണൂരിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ റോഡ് മാർഗം മന്ത്രി തലസ്ഥാനത്തേക്ക് തിരിക്കുകയായിരുന്നു. തുടർ ചികിത്സകൾ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ നടക്കും. ഇന്നലെ രാത്രിയിൽ ഓൺലൈനായി ചേർന്ന ഡോക്ടർമാരുടെ മെഡിക്കൽ ബോർഡ് യോഗത്തിൽ മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയും ഡിസ്ചാർജ് ആവശ്യപ്പെട്ടിരുന്നു.

ഈ മാസം 25ന് വൈകീട്ടാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് പരീക്ഷാപ്പേടി മാറ്റാൻ ബാധ ഒഴിപ്പിക്കാമെന്ന വ്യാജേന 14കാരിയെ പീഡിപ്പിച്ചു; പൂജാരി കുറ്റക്കാരൻ

തിരുവനന്തപുരത്ത് പരീക്ഷാപ്പേടി മാറ്റാൻ ബാധ ഒഴിപ്പിക്കാമെന്ന വ്യാജേന 14കാരിയെ പീഡിപ്പിച്ചു; പൂജാരി കുറ്റക്കാരൻ

തിരുവനന്തപുരം: പരീക്ഷാപ്പേടി മാറ്റുന്നതിന് ബാധ ഒഴിപ്പിക്കാമെന്ന വ്യാജേന 14കാരിയെ പീഡിപ്പിച്ച കേസിൽ പൂജാരി കുറ്റക്കാരൻ. എറണാകുളം സ്വദേശിയായ പൂജാരി ബിനീഷിനെയാണ് തിരുവനന്തപുരം പോക്‌സോ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. കേസിൽ 28ന് കോടതി വിധി പറയും.

2019ലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം കണ്ണമ്മൂല ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു പ്രതി. പരീക്ഷാപേടിയുണ്ടായിരുന്ന 14കാരിയെ പൂജയ്ക്കായി അമ്മ പൂജാരിയുടെ അടുക്കൽ കൊണ്ടുവന്നതായിരുന്നു. പൂജാരി കുട്ടിക്ക് ബാധയേറ്റതാണെന്നും ഒഴുപ്പിക്കണമെന്നും ഇതിനായി പ്രത്യേക പൂജ നടത്തണമെന്നും അമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇത് മുതലെടുത്ത പ്രതി കുട്ടിയെ പൂജാമുറിക്കുള്ളിലെത്തിച്ച് പല തവണ പീഡിപ്പിച്ചു എന്നാണ് പരാതി. കുട്ടിയുടെ പരീക്ഷാപ്പേടി മാറാതെ വന്നതോടെ അമ്മ തൊട്ടടുത്തുള്ള ഒരു മെന്റൽ എയ്ഡ് ക്യാമ്പിലെത്തിക്കുകയും ഇവിടെനിന്ന് ഡോക്ടറുമായുള്ള സംസാരത്തിനിടെ കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയുമായിരുന്നു. ഡോക്ടർ പൊലീസിൽ വിവരമറിയിച്ചതിന് പിന്നാലെയാണ് സംഭവത്തിൽ കേസ് എടുത്തത്.