ഭോപ്പാല്‍: നര്‍മ്മദാ നദിയില്‍ വിശ്വാസത്തിന്റെ പേരുപറഞ്ഞ് ലിറ്റര്‍ കണക്കിന് പാലൊഴുക്കിയ സംഭവം വിവാദത്തില്‍. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലാണ് സംഭവം. സത്ദേവ് ഗ്രാമത്തിലെ ശ്രീ ദാദാജി ദര്‍ബാര്‍ പാതാളേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന ചൈത്ര നവരാത്രിയുടെ ഭാഗമായാണ് നര്‍മ്മദാ നദിയില്‍ 11,000 ലിറ്റര്‍ പാല് ഒഴുക്കിക്കളഞ്ഞത്. 21 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ 41 ടണ്‍ നെയ്യ് ഉപയോഗിച്ചുളള യജ്ഞവും ശിവമഹാപുരാണ പാരായണവും 151 ഭക്തന്മാരുടെ ദുര്‍ഗാപഥ പാരായണവും ഉള്‍പ്പെടെ ഉണ്ടായിരുന്നു. അതിനിടെയാണ് നദിയിലേക്ക് പാലൊഴുക്കുന്ന വീഡിയോ വൈറലായത്. ശിവാനന്ദ് മഹാരാജിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
വീഡിയോ വൈറലായതിന് പിന്നാലെ നദിയില്‍ പാലൊഴുക്കിയ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന രാജ്യത്താണ് ഇത്രയധികം പാല് അനാവശ്യമായി നദിയില്‍ ഒഴുക്കിക്കളയുന്നത് എന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. നദിയില്‍ ഇത്രയധികം പാല് ഒഴുക്കുന്നത് ജലത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്കുന്ന മുന്നറിയിപ്പ്. ജലത്തിലെ ജീവജാലങ്ങളുടെ നിലനില്‍പ്പിനെ ഇത് ബാധിക്കുമെന്നും ബാക്ടീരിയ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും വിമര്‍ശനമുയരുന്നുണ്ട്.
സംഭവത്തില്‍ ചടങ്ങ് സംഘടിപ്പിച്ച ശിവാനന്ദ് മഹാരാജിനെ ന്യായീകരിച്ച് വിശ്വാസികളും രംഗത്തെത്തിയിട്ടുണ്ട്. 'ബാബയ്ക്ക് നര്‍മ്മദാ നദി അമ്മയെപ്പോലെയാണെന്നും നദിയെ അഭിഷേകം ചെയ്യുന്നതും ജനങ്ങളെ സേവിക്കുന്നതുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നുമാണ് വിശ്വാസികളുടെ ന്യായീകരണം. നദിയെ ശുദ്ധീകരിക്കാനും തീര്‍ത്ഥാടകരുടെ ക്ഷേമത്തിനായും പ്രാദേശികവാസികളുടെ സന്തോഷത്തിനും ഐശ്വര്യത്തിനുമായാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ് സംഘാടകരുടെ വിശദീകരണം. സ്വകാര്യ ഫണ്ട് ഉപയോഗിച്ചാണ് ചടങ്ങുകള്‍ ചെയ്യുന്നതെന്നും ആചാരങ്ങളെ ചോദ്യംചെയ്യരുതെന്നും സംഘാടകര്‍ പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.