Tuesday, 14 April 2026

ജാതീയത തലപൊക്കുന്ന ആശങ്ക ജനിപ്പിക്കുന്ന വാർത്തകൾക്കിടയിലാണ് നാം: നിതിൻ്റെ മരണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

ജാതീയത തലപൊക്കുന്ന ആശങ്ക ജനിപ്പിക്കുന്ന വാർത്തകൾക്കിടയിലാണ് നാം: നിതിൻ്റെ മരണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ കടുത്ത ജാതീയത തലപൊക്കുന്ന ആശങ്ക ജനിപ്പിക്കുന്ന വാർത്തകൾക്കിടയിലാണ് നാമിന്നുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ ശില്പിയായ ഡോ ബി ആർ അംബേദ്ക്കറുടെ ജന്മദിനത്തോട് അനുബന്ധിച്ച് പങ്കിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്.

ഒരു സമൂഹമെന്ന നിലയിൽ കേരളം ആർജിച്ച മൂല്യങ്ങൾ കൈമോശം വന്നോ എന്ന് പരിശോധിക്കേണ്ട ഘട്ടമാണിത്. പുരോഗമന കേരളത്തിന് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത വിവരങ്ങളാണ് നിതിന്റെ മരണത്തെ തുടർന്ന് പുറത്തുവരുന്നത്. നിതിനെ മരണത്തിലേക്ക് തള്ളിവിട്ടത് മാപ്പർഹിക്കാത്ത തെറ്റാണെന്നും കേരളമാകെ നിതിൻ രാജിന്റെ കുടുംബത്തിനൊപ്പമാണെന്നും മുഖ്യമന്ത്രി കുറിപ്പിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ക്യാമ്പസുകളിലെ ജാതീയ വിവേചനങ്ങൾ നിയമംമൂലം ഇല്ലാതാക്കാൻ രോഹിത് വെമുല ആക്ട് നടപ്പിലാക്കണമെന്ന ആവശ്യം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഇനിയും തയ്യാറായിട്ടില്ലെന്നും മുഖ്യമന്ത്രി പോസ്റ്റിൽ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം:

ഇന്ന് ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം. ജാതീയമായ വേർതിരിവുകൾ ഇല്ലാത്ത സമൂഹം സൃഷ്ടിക്കാനായി ജീവിതം മുഴുവൻ സമർപ്പിച്ച മഹാനാണ് അംബേദ്കർ. ജാതിവ്യവസ്ഥക്കെതിരെ അദ്ദേഹം നടത്തിയ നിർഭയമായ പോരാട്ടങ്ങളും സാമൂഹിക നീതിക്കായുള്ള ഉറച്ച ഇടപെടലുകളും എക്കാലവും രാജ്യത്തിന് വഴികാട്ടുന്നവയാണ്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പെടെ കടുത്ത ജാതീയത തലപൊക്കുന്ന ആശങ്ക ജനിപ്പിക്കുന്ന വാർത്തകൾക്ക് നടുവിലാണ് നാമിന്നുള്ളത്. ഒരു സമൂഹമെന്ന നിലയിൽ കേരളം ആർജിച്ച മൂല്യങ്ങൾ കൈമോശം വന്നോ എന്നു പരിശോധിക്കേണ്ട ഘട്ടമാണിത്. കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണ്.

പുരോഗമന കേരളത്തിന്‌ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത വാർത്തകളാണ് തിരുവനന്തപുരം ഉഴമലക്കൽ സ്വദേശി നിതിൻരാജിന്റെ മരണത്തെ തുടർന്ന് പുറത്തു വരുന്നത്. മിടുക്കനായ വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പർഹിക്കാത്ത കുറ്റമാണ് അത്. കേരളമാകെ നിതിൻ രാജിന്റെ കുടുംബത്തിനൊപ്പമാണ്.

ക്യാമ്പസ്സുകളിലെ ജാതീയ വിവേചനങ്ങൾ നിയമംമൂലം അവസാനിപ്പിക്കാൻ രോഹിത് വെമുല ആക്റ്റ് നടപ്പിലാക്കണമെന്ന ദീർഘകാല ആവശ്യം പരിഗണിക്കാൻ കേന്ദ്രസർക്കാർ ഇനിയും തയ്യാറായിട്ടില്ല. പകരം കൊണ്ടുവന്ന യുജിസി മാർഗ നിർദ്ദേശങ്ങൾ സുപ്രീം കോടതി മരവിപ്പിച്ചിരിക്കുകയുമാണ്. ജാതിവിവേചനമുൾപ്പെടെയുള്ള വിഭജനവും വിദ്വേഷവും വളർത്തുന്ന പ്രവണതകൾക്കെതിരെ നാം ഒരുമിച്ച് നിലകൊള്ളേണ്ട സമയം കൂടിയാണിത്. സമത്വത്തിലും സാമൂഹ്യ നീതിയിലുമധിഷ്ഠിതമായ ഒരു സമൂഹസൃഷ്ടിക്കായി അംബേദ്കറിന്റെ ആശയങ്ങളും ഓർമ്മകളും നമുക്ക് ശക്തി പകരട്ടെ. എല്ലാവർക്കും അംബേദ്കർ ജയന്തി ആശംസകൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിഷുത്തലേന്ന് ഗോള്‍ഡന്‍ ഷോക്ക്; സ്വര്‍ണവില കുതിച്ചു; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

വിഷുത്തലേന്ന് ഗോള്‍ഡന്‍ ഷോക്ക്; സ്വര്‍ണവില കുതിച്ചു; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

ഡോളര്‍ കരുത്താര്‍ജ്ജിച്ചതോടെ സംസ്ഥാനത്തെ സ്വര്‍ണ വില ഉയര്‍ന്നു. സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. പവന് ഒറ്റയടിക്ക് 1,080 രൂപയാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണം, ഒരു പവന് 1,12,880 രൂപയും ഗ്രാമിന് 14,110 രൂപയുമാണ് ഇന്നത്തെ വില. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് മാത്രം 135 രൂപ വര്‍ധിച്ചു.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,700 ഡോളറിന് മുകളില്‍ തുടരുകയാണ്. വിഷുവും വിവാഹ സീസണും അക്ഷയതൃതീയയും വരാനിരിക്കെ സ്വര്‍ണവിലക്കയറ്റം ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകും. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനകളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് റെക്കോര്‍ഡ് നിരക്ക്. കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങളുണ്ടാകുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആഗോള അംഗീകാരം നേടിയ മലയാളി ശാസ്ത്രജ്ഞൻ: ആനന്ദ് സെബാസ്റ്റ്യൻ പട്ടകുന്നേലിന് “  ജിയോസ്പേഷ്യൽ റൈസിങ്ങ് സ്റ്റാർ 2026 ” ബഹുമതി

ആഗോള അംഗീകാരം നേടിയ മലയാളി ശാസ്ത്രജ്ഞൻ: ആനന്ദ് സെബാസ്റ്റ്യൻ പട്ടകുന്നേലിന് “ ജിയോസ്പേഷ്യൽ റൈസിങ്ങ് സ്റ്റാർ 2026 ” ബഹുമതി

കുറവിലങ്ങാട്:ജിയോസ്പേഷ്യൽ ശാസ്ത്രലോകത്ത് മലയാളി പ്രതിഭയുടെ തിളക്കമായി കടപ്ലാമറ്റം ഇലയ്ക്കാട് സ്വദേശി ആനന്ദ് സെബാസ്റ്റ്യൻ പട്ടകുന്നേൽ. ഇൻറഗ്രേറ്റഡ് റൂറൽ ടെക്നോളജി സെൻറർ  (IRTC), പാലക്കാട് ജിയോസ്പേഷ്യൽ സയൻസ് ആൻഡ് ടെക്നോളജി ഡിവിഷന്റെ സീനിയർ സയന്റിസ്റ്റും വിഭാഗം മേധാവിയുമായ അദ്ദേഹം, ലോകപ്രശസ്തമായ "ജിയോസ്പേഷ്യൽ റൈസിങ്ങ് സ്റ്റാർ 2026 ” (Geospatial Rising Star 2026 ) പട്ടികയിൽ ഇടം നേടി അന്താരാഷ്ട്ര ശ്രദ്ധ നേടി.

ലോകമെമ്പാടുമുള്ള 40 വയസ്സിന് താഴെയുള്ള പ്രതിഭാധനരായ ജിയോസ്പേഷ്യൽ ശാസ്ത്രജ്ഞരും നവോത്ഥാന  ജിയോസ്പേഷ്യൽ നേതാക്കളുമടങ്ങിയ 50 അംഗങ്ങളുടെ പട്ടികയിൽ ഇടംനേടിയതിലൂടെ ആനന്ദ് കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്.
ജിഐ‌എസ്, റിമോട്ട് സെൻസിങ്, കൃത്രിമബുദ്ധി എന്നിവ സംയോജിപ്പിച്ച് പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര വികസനത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന ശാസ്ത്രജ്ഞനാണ് ആനന്ദ്. കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണ സംവിധാനം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ നിർണായക മേഖലകളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിരവധി പദ്ധതികൾ നടപ്പിലാക്കപ്പെടുന്നു.
ഗ്രാമ പഞ്ചായത്തുകളിൽ കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതികളും സ്പേഷ്യൽ പ്ലാനിങ് പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശ്രദ്ധേയ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. ശാസ്ത്രസാങ്കേതിക വിദ്യ ഗ്രാമീണ വികസനത്തിനായി ഫലപ്രദമായി ഉപയോഗിക്കുന്നതിൽ ആനന്ദ് മാതൃകയായി മാറിയിരിക്കുകയാണ്.
പാലക്കാട് പ്രവർത്തനങ്ങളോടൊപ്പം, ഡെൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ ജിയോസ്പേഷ്യൽ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ പി.എച്ച്.ഡി ഗവേഷകനായും അദ്ദേഹം പ്രവർത്തിക്കുന്നു. പരിസ്ഥിതി–കാലാവസ്ഥാ വെല്ലുവിളികൾക്ക് ജിയോസ്പേഷ്യൽ സാങ്കേതികവിദ്യയിലൂടെ നവീന പരിഹാരങ്ങൾ കണ്ടെത്തുന്നതാണ് അദ്ദേഹത്തിന്റെ ഗവേഷണ ലക്ഷ്യം.
ജിയോസ്പേഷ്യൽ സാങ്കേതികവിദ്യയെ ജനകീയവൽക്കരിക്കുന്ന പരിശീലന–കപ്പാസിറ്റി ബിൽഡിങ് പരിപാടികളിലൂടെ വിദ്യാർത്ഥികൾക്കും യുവ ഗവേഷകർക്കും ഉദ്യോഗസ്ഥർക്കും പൊതുപ്രവർത്തകർക്കും വലിയ പ്രചോദനമായി മാറിയിരിക്കുകയാണ് ആനന്ദ്.

പിതാവ് സെബാസ്റ്റ്യൻ ജോസഫ് പൊതുപ്രവർത്തകനും, മാതാവ് ത്രേസ്യാമ്മ സെബാസ്റ്റ്യൻ കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്. ഭാര്യ ഡോ. ടോസ്മി ടോമി ജില്ലാ ആയുർവേദ ആശുപത്രിയിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റാണ്.

ഈ ബഹുമതി, കേരളത്തിലെ ഗവേഷകരുടെ ആഗോള സാന്നിധ്യവും ഗ്രാമീണ വികസനത്തിൽ ജിയോസ്പേഷ്യൽ സാങ്കേതികവിദ്യയുടെ ഉയർന്നുവരുന്ന പ്രാധാന്യവും വീണ്ടും തെളിയിക്കുന്നതാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്തെ ബിഎല്‍ഒമാര്‍ക്ക് വേതനം ലഭിച്ചില്ല; എസ്‌ഐആര്‍ ഉള്‍പ്പെടെയുള്ള ജോലികളുടെ പണം നല്‍കിയില്ലെന്ന് പരാതി

സംസ്ഥാനത്തെ ബിഎല്‍ഒമാര്‍ക്ക് വേതനം ലഭിച്ചില്ല; എസ്‌ഐആര്‍ ഉള്‍പ്പെടെയുള്ള ജോലികളുടെ പണം നല്‍കിയില്ലെന്ന് പരാതി

സംസ്ഥാനത്തെ ബിഎല്‍ഒമാര്‍ക്ക് വേതനം ലഭിച്ചില്ലെന്ന് പരാതി. എസ്‌ഐആര്‍ ഉള്‍പ്പെടെയുള്ള ജോലികളുടെ വേതനം ലഭിച്ചിട്ടില്ലെന്നാണ് പരാതി. കുടിശ്ശിക നിരവധി ആയെന്നാണ് പരാതി. എന്തുകൊണ്ടാണ് വേതനം വൈകുന്നതെന്ന് ബന്ധപ്പെട്ട അധികൃതരോട് ചോദിക്കുമ്പോള്‍ അവര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും ബിഎല്‍ഒമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. 

എസ്.ഐ.ആര്‍ന്റെ ഭാഗമായുള്ള ജോലികളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബൂത്ത് ലെവല്‍ പ്രവര്‍ത്തനങ്ങളും നടത്തിയെങ്കിലും അതിനുള്ള വേതനം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഉയരുന്ന പരാതി. എസ്‌ഐആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പിന്നാലെ വന്ന തദ്ദേശ തിരഞ്ഞെടുപ്പും ശേഷം ഇപ്പോള്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പും ബിഎല്‍ഒമാര്‍ക്ക് വലിയ ജോലി സമ്മര്‍ദം നല്‍കിയെന്നത് ഏറെ ചര്‍ച്ചയായിരുന്നു. ജോലി സമ്മര്‍ദം മൂലം ബിഎല്‍ഒമാര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ കേരളത്തിലുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തു. കഠിനമായ സമ്മര്‍ദത്തിലും കൃത്യമായി ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കിയെങ്കിലും തങ്ങളുടെ വേതനം മറ്റ് സംസ്ഥാനങ്ങളിലെ ബിഎല്‍ഒമാരെ അപേക്ഷിച്ച് കുറവാണെന്നും ഇതുതന്നെ തന്ന് തീര്‍ക്കുന്നില്ലെന്നുമാണ് ബിഎല്‍ഒമാരുടെ പരാതി.

ഇവര്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക നിരവധിയാണ്. വോട്ടെടുപ്പ് ദിനത്തില്‍ സഹായ കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട 900 രൂപ, വീടുകളില്‍ പോയി വോട്ട് ചെയ്യിപ്പിച്ച വകയിലെ 650 രൂപ, സ്ലിപ്പ് വിതരണത്തിനുള്ള 600 രൂപ എന്നിങ്ങനെ ഈ തിരഞ്ഞെടുപ്പ് കൂടി കഴിയുമ്പോള്‍ ഒരാള്‍ക്ക് 6000 രൂപ ലഭിക്കേണ്ടതാണെന്നാണ് ബിഎല്‍ഒമാര്‍ ചൂണ്ടിക്കാട്ടുന്നത്. ബിഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ബിഎല്‍ഒമാര്‍ക്ക് 6000 രൂപ നല്‍കുമ്പോള്‍ കേരളത്തിലെ ബിഎല്‍ഒമാര്‍ക്ക് ലഭിക്കുന്നത് 2000 രൂപ മാത്രമാണെന്നും ഇവര്‍ ആരോപിക്കുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒടുവിൽ ഉറ്റസുഹൃത്ത് മെലോണിയും ട്രംപിനെ കൈവിട്ടു, യുഎസ് പ്രസിഡന്‍റിന്‍റെ നടപടി അസ്വീകാര്യമെന്ന് പ്രസ്താവന

ഒടുവിൽ ഉറ്റസുഹൃത്ത് മെലോണിയും ട്രംപിനെ കൈവിട്ടു, യുഎസ് പ്രസിഡന്‍റിന്‍റെ നടപടി അസ്വീകാര്യമെന്ന് പ്രസ്താവന

റോം മാർപ്പാപ്പക്കെതിരെ പരാമർശം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി രം​ഗത്ത്. ട്രംപിന്റെ ഉറ്റ സുഹൃത്തായ മെലോണി ആദ്യമായാണ് ട്രംപിനെ എതിർത്ത് രം​ഗത്തെത്തുന്നത്. പോപ് ലിയോക്കെതിരായ ട്രംപിന്റെ ആക്രമണം അസ്വീകാര്യമാണെന്ന് മെലോണി തിങ്കളാഴ്ച പറഞ്ഞു. യൂറോപ്പിലെ മിക്ക രാഷ്ട്രത്തലവന്മാരും പോപ്പിനെ പ്രതിരോധിക്കാൻ രംഗത്തെത്തി. പരിശുദ്ധ പിതാവിനോടുള്ള പ്രസിഡന്റ് ട്രംപിന്റെ വാക്കുകൾ അസ്വീകാര്യമാണെന്നും കത്തോലിക്കാ സഭയുടെ തലവനാണ് പോപ്പെന്നും, സമാധാനത്തിനായി ആഹ്വാനം ചെയ്യുന്നതും എല്ലാത്തരം യുദ്ധങ്ങളെയും അപലപിക്കുന്നതും സാധാരണവുമാണെന്നും മെലോണി പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റുമായി അടുത്ത ബന്ധം വളർത്തിയെടുത്ത മെലോണി ട്രംപിനെതിരെ ആദ്യമായാണ് പരസ്യ വിമർശനം നടത്തുന്നത്. പോപ്പ് ലിയോയ്‌ക്കെതിരായ അദ്ദേഹത്തിന്റെ പരസ്യ നിലപാടിനെതിരെ ഇറ്റലിയിൽ വ്യാപകമായ പ്രതിഷേധം നടന്നിരുന്നു. നാല് രാജ്യങ്ങൾ സന്ദർശിക്കുന്നതിനായി ആഫ്രിക്കയിലേക്ക് പോയ ലിയോയെ പിന്തുണച്ച് മെലോണി, ട്രംപിന്റെ പൊതുശൈലിയെക്കുറിച്ച് പ്രത്യേക പരാമർശമൊന്നും നടത്തിയില്ല. അതേസമയം, ട്രംപിനെ നേരിട്ട് വെല്ലുവിളിക്കാൻ മെലോണിക്ക് ധൈര്യമില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ​ഗത്യന്തരമില്ലാതെയാണ് മെലോണി ട്രംപിനെതിരെ പ്രസ്താവന ഇറക്കിയതെന്നും പ്രതിപക്ഷം ആരോപിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളം ചുട്ടുപൊള്ളുന്നു; വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്, ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഉയർന്ന ഉപഭോ​ഗം

കേരളം ചുട്ടുപൊള്ളുന്നു; വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്, ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഉയർന്ന ഉപഭോ​ഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് കനത്തതിനാൽ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്. ഇന്നലെ വൈകുന്നേരം മാത്രം 5933 മെഗാവാട്ട് ആയിരുന്നു വൈദ്യുതി ഉപഭോ​ഗം. ആദ്യമായിട്ടാണ് വൈദ്യുതി ഉപഭോ​ഗം ഇത്രയുമധികം ഉയരുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗവും ഇന്നലെ രേഖപ്പെടുത്തിയതായിരുന്നു. 112.16ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്.

അതേസമയം, സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. പകൽ സമയത്ത് പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം. ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ്.

കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണം. ഇന്നലെ പാലക്കാടാണ് സംസ്ഥാനത്തെ ഉയർന്ന താപനില രേഖപ്പെടുത്തിയത്, 39.2 ഡിഗ്രി സെൽഷ്യസ്. ഇന്നും പാലക്കാട് 40 ഡിഗ്രിയിലേക്ക് ചൂടെത്തുമെന്നാണ് അറിയിപ്പ്. നിർജലീകരണം തടയാനും നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശമേൽക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞു, തുടർച്ചയായി മുക്കിലിടിക്കുകയും തലമുടി പിടിച്ചുവലിക്കുകയും ചെയ്തു'; മാലദ്വീപ് സ്‌കൂളിലെ വിദ്യാർഥിയുടെ ക്രൂര മർദനത്തിനിരയായ അധ്യാപിക

'ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞു, തുടർച്ചയായി മുക്കിലിടിക്കുകയും തലമുടി പിടിച്ചുവലിക്കുകയും ചെയ്തു'; മാലദ്വീപ് സ്‌കൂളിലെ വിദ്യാർഥിയുടെ ക്രൂര മർദനത്തിനിരയായ അധ്യാപിക

ചെങ്ങന്നൂർ: ക്രൂര മർദനത്തെക്കുറിച്ച് വിവരിച്ച് മാലദ്വീപ് സ്‌കൂളിലെ വിദ്യാർഥിയുടെ ആക്രമണത്തിൽ പരിക്കേറ്റ മലയാളി അധ്യാപിക സ്മിത. ക്ലാസിൽ വളരെ ശാന്തമാക്കിയിരിക്കുന്ന കുട്ടിയാണ് അവൻ. ഇതിന് മുമ്പ് ഇത്തരത്തിൽ സംഭവിച്ചിട്ടില്ലെന്നും അധ്യാപിക  പറഞ്ഞു. ഒരു വർഷമായി താൻ ഇവിടെ ജോലി ചെയ്യുന്നു. അവൻ ലാബിൽ ഇരുന്ന് ഗെയിം കളിക്കുന്നത് സ്ഥിരമാണ്. അപ്പോഴൊക്കെയും വിലക്കിയിട്ടുണ്ട്. ഒരു കുട്ടി ചെയ്യുന്നത് കണ്ടാൽ മറ്റു കുട്ടികളും അത് ചെയ്യും. എന്നാൽ വിലക്കിയാലും പിന്നെയും അവൻ ഗെയിം കളിക്കും. ഇന്നലെ ഗെയിം കളിച്ചുകൊണ്ടിരുന്നപ്പോൾ വിലക്കിയിട്ടും അവൻ കേട്ടില്ല. വിഡിയോ എടുത്ത് പ്രിൻസിപ്പലിനോട് കാണിക്കുമെന്ന് പറഞ്ഞു. പെട്ടെന്ന് കുട്ടി എഴുന്നേറ്റ് തന്റെ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞു. ഫോൺ എടുക്കാൻ പോകുമ്പോഴേക്കും അവൻ ഇടിച്ചു. 

മൂന്ന് നാല് തവണ തുടർച്ചയായ മുക്കിലിടിച്ചു. തിരിഞ്ഞപ്പോഴേക്കും തലമുടി പിടിച്ച് വലിക്കുകയും തലയുടെ ബാക്കിൽ ഇടിക്കുകയും ചെയ്തു. അവിടെ ഉണ്ടായിരുന്ന ടീച്ചർമാരാണ് പെട്ടെന്ന് തന്നെ പുറത്തേക്ക് എത്തിച്ചത്. അതുകൊണ്ടാണ് രക്ഷപ്പെട്ടത്. ഇല്ലെങ്കിൽ ഇതിലും വലിയ അപകടം ഉണ്ടാകുമായിരുന്നുവെന്നും പരിക്കേറ്റ അധ്യാപിക പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. അപ്പോഴാണ് മൂക്കിന് പൊട്ടലുണ്ടെന്ന് അറിഞ്ഞത്. നേരത്തെ രാജിക്കത്ത് കൊടുത്തിരുന്നു. ഇപ്പോൾ നോട്ടീസ് പീരീഡിലാണ് ഉള്ളത്. ഏപ്രിൽ 30നാണ് അത് കഴിയുന്നത്. ഞാൻ പോകും, എന്നാൽ ഇനിയുള്ള അധ്യാപകർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകരുതെന്നുണ്ട്. താൻ അനുഭവിച്ച മാനസികമായും ശാരീരികമായും നേരിട്ട പീഡനത്തിന് അധികൃതർ പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സ്മിത പറഞ്ഞു.

ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യയാണ് പരിക്കേറ്റ സ്മിത എൻ പിള്ള. മാലദ്വീപിലെ ഗധൂ ദ്വീപിൽ ഗഫ് ധാൽ അടോൾ സ്കൂളിൽ ഏപ്രിൽ 12നായിരുന്നു സംഭവം. മൂക്കിന്റെ എല്ലിന് പൊട്ടലേറ്റിട്ടുള്ള സ്മിതയ്ക്ക് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. മാലദ്വീപ് ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്മിതയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ദീപക് വ്യക്തമാക്കി. മാലദ്വീപിൽ ജോലി ചെയ്യുന്ന രണ്ടായിരത്തോളം അധ്യാപകരിൽ 75 ശതമാനവും മലയാളികളാണെന്നും ഇവരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.