മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പാങ്ങ് ജിഎല്‍പി സ്കൂളിന് നഷ്ടമായത് അഞ്ച് അധ്യാപകരെയാണ്. പ്രിയപ്പെട്ട അധ്യാപകരുടെ വിയോഗം വലിയ വിടവാണ് സ്കൂളിനുണ്ടാക്കിയത്. ഇപ്പോഴിതാ അതിനാശ്വാസമെന്നോണം പുതിയ അധ്യാപകര്‍ ചുമതലയേറ്റിരിക്കുകയാണ്. കെ കെ രാഖി, വി പി ഫസീല, പി ഷമീന, അബ്ദുള്‍ മജീദ് കൊട്ടക്കാരന് എന്നിവരാണ് പാങ്ങ് ജിഎല്‍പി സ്കൂളിലെത്തിയ പുതിയ അധ്യാപകര്‍. പാങ്ങ് ഗവ. യുപി സ്കൂളിലെ പ്രധാനാധ്യാപകന് കെ അഹമ്മദ് കുട്ടിക്ക് ജിഎല്‍പി സ്കൂളിന്റെ അധിക ചുമതല നല്കി. രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന സംഘം സ്കൂളില്‍ ഒത്തുചേര്‍ന്ന് പുതിയ അധ്യാപകരെ സ്വീകരിച്ചു.
ഏപ്രിൽ പതിനേഴിനാണ് വാല്‍പ്പാറയില്‍ അപകടമുണ്ടായത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സര്‍ക്കാര്‍ എല്‍ പി സ്കൂളില്‍ നിന്നുള്ള അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ അന്ന് തന്നെ ഒമ്പത് പേര്‍ക്ക് ജീവൻ നഷ്ടമായി. ചികിത്സയിലായിരുന്ന നൗഷാദ് അലി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇതോടെ വാൽപ്പാറ അപകടത്തിൽ ജീവൻ നഷ്ടമായവരുടെ എണ്ണം പത്തായി. കോയമ്പത്തൂരില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്നു നൗഷാദ് അലി ചികിത്സയില്‍ കഴിഞ്ഞത്. ഷഹദിന്, മുഹമ്മദ് ഫായിസ് എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്.
പാങ്ങ് ജിഎല്‍പി സ്കൂളിലെ പ്രധാനാധ്യാപിക അജിത (54), അധ്യാപകരായ റംല (52), സുഹറ(43), ആശ(41), മജീദ് (43), മജീദിന്റ ഭാര്യ റുഖിയ (39), സ്കൂളിലെ പാചകത്തൊഴിലാളി സാജിത (45), പാങ്ങ് ജിഎല്‍പി സ്കൂളില്‍ നിന്നും സമീപത്തെ പാങ്ങി ജിയുപി സ്കൂളിലേക്ക് അടുത്തിടെ മാറിയ അധ്യാപിക ഷക്കീന (47) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. സുഹറയുടെ മകന് ഹിഷാം (12) പൊള്ളാച്ചി ആശുപത്രിയില്‍ എത്തിയ ശേഷവും മരിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
അതേസമയം അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്നാണ് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഇറക്കത്തില്‍ ഗിയര്‍ ഡൗണ്‍ ചെയ്യാതെ ഇറങ്ങിയതും അപകടത്തിന് കാരണമായിട്ടുണ്ടാവാം. വളവില്‍ വേണ്ട ജാഗ്രത പുലര്‍ത്തിയിട്ടുണ്ടാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനത്തിന് സാങ്കേതിക പ്രശ്നങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചുരം റോഡിന്റെ വശങ്ങളില് എല്ലായിടത്തും സുരക്ഷാ ബാരിക്കേഡ് സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.