ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധസാഹചര്യം മുൻനിർത്തി രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുദ്ധസാഹചര്യത്തിൽ അനിവാര്യമായ നടപടികൾ സ്വീകരിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടതിന്റെ തെളിവുകളാണ് പ്രധാനമന്ത്രിയുടെ ഏറ്റവും പുതിയ നിർദേശങ്ങളെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. എക്സിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
'സ്വർണം വാങ്ങരുത്, വിദേശപര്യടനങ്ങൾ വേണ്ട, കുറഞ്ഞ അളവിൽ മാത്രം പെട്രോൾ വാങ്ങുക, വർക്ക് ഫ്രം ഹോം വീണ്ടും ശീലിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങൾ കേവലം ഉപദേശങ്ങൾ മാത്രമല്ല, മറിച്ച് ഈ സർക്കാരിന്റെ 12 വർഷത്തെ ഭരണപരാജയത്തിന്റെ തെളിവ് കൂടിയാണ്. സ്വന്തം നിലക്ക് സംഭവിച്ച പരാജയങ്ങൾ മറച്ചുവെക്കുന്നതിനായി കഴിഞ്ഞ 12 വർഷമായി അവർ ഇത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സ്വന്തം കഴിവുകേടുകൾ മറച്ചുവെച്ചുകൊണ്ട് ജനങ്ങളുടെ മേൽ പുതിയ ഉത്തരവാദിത്തങ്ങൾ കെട്ടിവെക്കുകയാണ് അവർ'. രാഹുൽ എക്സിൽ കുറിച്ചു.
പശ്ചിമേഷ്യൻ യുദ്ധം വീണ്ടും രൂക്ഷമാകുന്നത് മുൻനിർത്തി വർക്ക് ഫ്രം ഹോം രീതിക്ക് പ്രാധാന്യം നൽകുക, സ്വർണം വാങ്ങൽ കുറയ്ക്കുക തുടങ്ങിയ നിർദേശങ്ങളുമായി ജനങ്ങളോട് ജീവിതശൈലിയിൽ മാറ്റം വരുത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ആഗോളതലത്തിൽ അസംസ്കൃത എണ്ണവില വർധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശയാത്രകളും വിദേശത്ത് വെച്ച് നടത്തുന്ന വിവാഹങ്ങളും ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് രാഹുലിന്റെ വിമർശനം. അതേസമയം, ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും കുറ്റപ്പെടുത്തി. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് പകരം സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആവശ്യമായ കരുതൽ ശേഖരം ഒരുക്കുകയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നെന്നും കെ.സി പ്രതികരിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.