അതിഗംഭീരം എന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല പൊന്നിയിൻ സെൽവൻ എന്ന സിനിമാ അനുഭവത്തെ. മണിരത്നം എന്ന സംവിധായകന്റെ മാഗ്നം ഓപസ് എന്ന് ഒറ്റ വാക്കിൽ പറയാവുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചോള രാജവംശത്തിന്റെ ചരിത്രത്തിലൂടെ കഥപറഞ്ഞുപോകുന്ന രണ്ട് ഭാഗങ്ങളുള്ള ഒരു വലിയ നോവലിനെ അതിന്റെ തീക്ഷ്ണത ഒട്ടും ചോർന്നുപോകാതെ തന്നെ സിനിമയാക്കാൻ മണിരത്നത്തിനല്ലാതെ മറ്റാർക്കെങ്കിലും കഴിയുമോ എന്ന കാര്യത്തിൽ സംശയമാണ്. അത്രയ്ക്കും ഗംഭീരമായിരുന്നു പൊന്നിയിൻ സെൽവൻ എന്ന മണിരത്നം ചിത്രത്തിലെ ഓരോ ഫ്രെയിമുകളും ഓരോ രംഗങ്ങളും പ്രകടനങ്ങളും.
പൊന്നിയിൻ സെൽവൻ ആദ്യ ഭാഗത്തിൽ കഥയെയും കഥാപാത്രങ്ങളെയും ഇതിവൃത്തവും സജ്ജീകരിച്ച ശേഷം നോവലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുകയാണ് രണ്ടാം ഭാഗത്തിൽ മണിരത്നം ചെയ്തിരിക്കുന്നത്. ചോളരാജവംശത്തിന്റെ അടുത്ത കിരീടാവകാശി ആദിത കരികാലനും അനാഥയായ നന്ദിനിയും തമ്മിലുള്ള പ്രണയം പൂവിടുന്നതും അത് നഷ്ടപ്പെടുമ്പോളുണ്ടാകുന്ന വേദനയും അധികം ഡയലോഗുകളുടെ അകമ്പടിയില്ലാതെ സംവിധായകൻ നമുക്ക് കാട്ടിത്തരുന്ന ആമുഖത്തോടെയാണ് പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം ആരംഭിക്കുന്നത്.
ഒരു ഐശ്വര്യ റായ് ഷോ തന്നെയായിരുന്നു പൊന്നിയിൻ സെൽവൻ 2. നന്ദിനിയായി ഐശ്വര്യ റായ് എത്തുന്ന ഓരോ രംഗങ്ങളിലും ഉണ്ടാകുന്ന എനർജി തന്നെയാണ് അതിന് ഉദാഹരണം. വെെകാരിക രംഗങ്ങളിൽ ഉൾപ്പടെയുള്ള ഗംഭീരപ്രകടനം സിനിമയിലുടനീളം കഥാപാത്രം ഉണ്ടാക്കിയ ഇംപാക്ടും പ്രേക്ഷകരും അഭിപ്രായങ്ങളും ഇത് വെളിവാക്കുന്നതാണ്.
പ്രകടനങ്ങളുടെ കാര്യത്തിലേക്ക് വരുമ്പോൾ വിക്രം എന്ന നടന്റെ കരിയറിലെ മികച്ച പെർഫോമൻസുകളിലൊന്നു തന്നെയാണ് ആദിത കരികാലൻ എന്ന കഥാപാത്രത്തിലൂടെ ലഭിച്ചത്. കടമ്പൂർ കൊട്ടാരത്തിലെ ആദിത കരികാലനും നന്ദിനിയും മുഖാമുഖം വരുന്ന രംഗം ചിത്രത്തിലെ തന്നെ ഏറ്റവും മികച്ച രംഗങ്ങളിലൊന്നാണ്. പ്രണയവും പകയും പ്രതികാരവുമെല്ലാം ഒത്തുചേരുന്ന അപൂർവ്വങ്ങളിൽ അപുർവമായ പ്രകടനം സമ്മാനക്കുന്ന ഒരു രംഗം. ഇരു അഭിനേതാക്കളുടെയും കരിയറിലെ തന്നെ മികച്ച അഭിനയമുഹൂർത്തങ്ങളിലൊന്നുതന്നെയാണ് ആ രംഗത്തിൽ പിറന്നത്.
അതുപോലെ തന്നെ പ്രണയരംഗങ്ങൾ എടുക്കുന്നതിൽ മാസ്റ്റർ തന്നെയാണ് താൻ എന്ന് മണിരത്നം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന രംഗമാണ് കുന്ദവായും വന്ദിയതേവനും വീണ്ടും കണ്ടുമുട്ടുന്ന രംഗം. എ.ആർ.റഹ്മാന്റെ പശ്ചാത്തല സംഗീതം കൂടിയാകുമ്പോൾ കണ്ടിരിക്കുന്നവർ ഒരിക്കലും മറക്കാത്ത പ്രണയരംഗമായി അത് മാറുന്നുണ്ട്.
ടെെറ്റിൽ കഥാപാത്രമായ പൊന്നിയിൻ സെൽവനെ അവതരിപ്പിക്കുന്ന ജയം രവി, കുന്ദവായ് ആയി എത്തുന്ന തൃഷ, വന്ദിയതേവനായി എത്തുന്ന കാർത്തിയുടെയും പ്രകടനങ്ങൾ എടുത്ത് പറയേണ്ടതാണ്. ആൾവാർകടിയൻ നമ്പിയായി എത്തുന്ന ജയറാമും കാർത്തിയുമായി ഉള്ള കോന്പിനേഷൻ രംഗങ്ങൾ മികച്ച നർമ്മ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട്. ഇവരെ പ്രകാശ് രാജ്, ശരത്ത് കുമാർ, പാർഥിപൻ, നാസർ, വിക്രം പ്രഭു, ബാബു ആന്റണി, ഐശ്വര്യ ലക്ഷ്മി, ശോഭീത ദുലിപാലാ തുടങ്ങിയവരും തങ്ങൾക്ക് ലഭിച്ച വേഷം ഗംഭീരമാക്കി. ആദ്യ ഭാഗത്ത് കാർത്തിയാണങ്കിൽ രണ്ടാം ഭാഗത്ത് ഐശ്വര്യ റായിക്കാണ് പ്രകടനത്തിനു കൂടുതൽ സാധ്യതയുണ്ടായിരുന്നത്. മറ്റു താരങ്ങൾക്ക് സ്ക്രീൻ സ്പേസ് കുറവാണെങ്കിലും പ്രകടനങ്ങൾ കൊണ്ട് മികച്ചു നിൽക്കുന്നുണ്ട്.
മികച്ച സംവിധാനത്തിന്റെയും രവി വർമ്മന്റെ ക്യാമറയുടെയും കൂടെ എ.ആർ റഹ്മാൻ എന്ന ഇതിഹാസത്തിന്റെ പശ്ചാത്തലസംഗീതവും കൂടി ചേരുന്നതോടെ പ്രേക്ഷകർക്ക് വേറെ ലെവൽ തീയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്നുണ്ട് പൊന്നിയിൻ സെൽവൻ.മൂന്ന് മണിക്കൂറോളം ദെെർഖ്യമുള്ള ചിത്രത്തിൽ ഒരിക്കലും ലാഗ് അനുഭവപ്പെടില്ല. മികച്ച ആദ്യ പകുതിയും അതിനേക്കാൾ ഗംഭീരമായ രണ്ടാം പകുതിയും പ്രേക്ഷകനെ ചോളസാമ്രാജ്യത്തിൽ പിടിച്ചിരുത്തുകയാണ് മണിരത്നം എന്ന മാസ്റ്റർ ഡയറക്ടർ ചെയ്യുന്നത്.
തമിഴിലെ തന്നെ ഏറ്റവും മികച്ച കലാസൃഷ്ടികളിലൊന്നാണ് കൽക്കിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവൽ. അതിനോട് പൂർണമായും നീതി പുലർത്തിക്കൊണ്ട് തന്നെയാണ് മണിരത്നം അത് സിനിമയാക്കിയിരിക്കുന്നതെന്ന് നിസ്സംശയം പറയാം. സ്ഥിരം കച്ചവടസിനിമകളിലെ മാസ്സ് രംഗങ്ങൾ കുത്തിനിറച്ച് കെെയടി വാങ്ങാനുള്ള യാതൊരു ശ്രമവും ചിത്രത്തിൽ ഒരു ഭാഗത്തും സംവിധായകൻ നടത്തിയിട്ടില്ല. യുദ്ധരംഗങ്ങളിലുൾപ്പടെ അമാനുഷികമായി ഒന്നും സ്ക്രീനിൽ നമുക്ക് കാണാൻ കഴിയില്ല. തീർച്ചായായും തീയേറ്ററിൽ തന്നെ കണ്ട് അനുഭവിച്ച് അറിയേണ്ട ഒരു മാഗ്നം ഓപസ് തന്നെയാണ് പൊന്നിയിൻ സെൽവൻ 2.
തമിഴിലെ തന്നെ ഏറ്റവും മികച്ച കലാസൃഷ്ടികളിലൊന്നാണ് കൽക്കിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവൽ. അതിനോട് പൂർണമായും നീതി പുലർത്തിക്കൊണ്ട് തന്നെയാണ് മണിരത്നം അത് സിനിമയാക്കിയിരിക്കുന്നതെന്ന് നിസ്സംശയം പറയാം. സ്ഥിരം കച്ചവടസിനിമകളിലെ മാസ്സ് രംഗങ്ങൾ കുത്തിനിറച്ച് കെെയടി വാങ്ങാനുള്ള യാതൊരു ശ്രമവും ചിത്രത്തിൽ ഒരു ഭാഗത്തും സംവിധായകൻ നടത്തിയിട്ടില്ല. യുദ്ധരംഗങ്ങളിലുൾപ്പടെ അമാനുഷികമായി ഒന്നും സ്ക്രീനിൽ നമുക്ക് കാണാൻ കഴിയില്ല. തീർച്ചായായും തീയേറ്ററിൽ തന്നെ കണ്ട് അനുഭവിച്ച് അറിയേണ്ട ഒരു മാഗ്നം ഓപസ് തന്നെയാണ് പൊന്നിയിൻ സെൽവൻ 2.