ഏറണാകുളം : ഇനി KL 01 -ന് പകരം KL 99, സര്‍ക്കാർ വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പർ സീരീസ് അനുവദിച്ചു.
ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഉടന്‍ തന്നെ ഇറങ്ങും. ബുധനാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ സംബന്ധിച്ചുള്ള ഈ
നിർണ്ണായക തീരുമാനം എടുത്തത്.
KL 15 എന്ന് KSRTC-ക്ക് അനുവദിച്ചിരിക്കുന്നതിന് സമാനമാണിത്. കൂടാതെ ഇതിനായി പ്രത്യേക ഓഫീസും സർക്കാർ ആരംഭിക്കും.
സര്‍ക്കാർ വാഹനങ്ങളുടെ ഉയർന്നു വരുന്ന ദുരുപയോഗം തടയുന്നതിനാണ് പ്രത്യേക സീരിസ് ഏര്‍പ്പെടുത്തുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.
KL 99 -A എന്ന സീരീസ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും
KL 99 -B സീരീസ് സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും
KL 99 -C തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും
KL 99 -D പൊതുമേഖലാസ്ഥാപനങ്ങള്‍ക്കുമാണ് നല്‍കുക.
ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മോട്ടോര്‍ വാഹന വകുപ്പ് മുമ്പോട്ടുവെച്ച ഈ ശിപാര്‍ശ മുമ്പ് പരിഗണിച്ചിരുന്നു. തുടര്‍ന്ന് നയപരമായ തീരുമാനം ആവശ്യമായതിനാല്‍ വിഷയം മുഖ്യമന്ത്രിക്ക് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു.
സര്‍ക്കാര്‍വാഹനങ്ങളില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും എംവിഡി മുമ്പ് അറിയിച്ചിരുന്നു. കേരളസര്‍ക്കാര്‍ എന്ന ബോര്‍ഡ് വ്യാപകമായി സര്‍ക്കാരിന്റേത് അല്ലാത്ത വാഹനങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണം എന്നും അധികൃതർ നിർദ്ദേശിച്ചിരുന്നു.
അടുത്തിടെ നൽകിയ ശിപാർശയിൽ, മുഖ്യമന്ത്രി മുതൽ അഡീഷണൽ ചീഫ് സെക്രട്ടറി വരെയുള്ള അധികാരികളുടെ വാഹനങ്ങളിൽ മാത്രമേ 'കേരള സ്റ്റേറ്റ്' എന്ന ബോർഡ് പ്രദർശിപ്പിക്കാവൂ എന്ന് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടു.