കോട്ടയം : ബ്രിട്ടണിൽ മെയ്സർ സാങ്കേതിക വിദ്യയുടെ വികസനത്തിന് യുവ മലയാളി ശാസ്ത്രജ്ഞയ്ക്ക് അഞ്ചു കോടിയോളം രൂപയുടെ ഗവേഷണ സ്കോളർഷിപ്പ്. നോർത്തംബ്രിയ യൂണിവേഴ്സിറ്റിയിൽ മാത്തമാറ്റിക്സ് ഫിസിക്സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറായ പാലാ സ്വദേശി ഡോ. ജൂണ സത്യനാണ് ഈ നേട്ടത്തിന് അർഹയായത്.
യു.കെയിലെ എൻജിനീയറിങ് ആൻഡ് ഫിസിക്കൽ സയൻസ് റിസർച്ച് കൗൺസിലാണ് (ഇ.പി.എസ്.ആർ.സി.) മെയ്സർ സാങ്കേതികവിദ്യയുടെ (മൈക്രോവേവ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ) വികസനത്തിനായി വ്യക്തിഗത സ്കോളർഷിപ്പ് നൽകുന്നത്. സാധാരണ താപനിലയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന മെയ്സർ ഡിവൈസസ് വികസിപ്പിച്ചെടുത്തതിന്റെ ഗവേഷണ പുരോഗതിക്കാണ് റിസർച്ച് കൗൺസിൽ തുക ഗ്രാന്റായി അനുവദിച്ചത്.
ഇവർ വികസിപ്പിച്ച ഉപകരണം ചെറിയ വലിപ്പത്തിൽ കൂടുതൽ മെച്ചപ്പെടുത്തി വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സ്കോളർഷിപ്പ്. പാലാ അൽഫോൻസാ കോേളജിൽനിന്ന് ഫിസിക്സിൽ ബിരുദവും സെയ്‌ന്റ് തോമസ് കോേളജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ ജൂണ ഓസ്ട്രേലിയയിൽ നിന്ന് ഡോക്ടറേറ്റ് നേടിയാണ് ലണ്ടനിലെത്തിയത്. ലണ്ടൻ ഇംപീരിയൽ കോളജിലായിരുന്നു മെയ്സർ ഗവേഷണ തുടക്കം.
2019-ലാണ് നോർത്തംബ്രിയ യൂണിവേഴ്സിറ്റിയിൽ ലക്ചററായി എത്തിയത്. പാലാ സ്രാമ്പിക്കൽ തോമസ് -ഡെയ്സി ദമ്പതിമാരുടെ മകളാണ്.
ഭർത്താവ് ചാലക്കുടി സ്വദേശി സത്യൻ ഉണ്ണി റോയൽ മെയിൽ ഉദ്യോഗസ്ഥനാണ്. ഫുട്ബോൾ പരിശീലകനായും പ്രവർത്തിക്കുന്നു. വിദ്യാർഥികളായ മിലൻ സത്യ, മിലിന്ദ് സത്യ എന്നിവരാണ് മക്കൾ.