Wednesday, 22 November 2023

യുപിഐ ഇടപാടിൽ നിർണായക മാറ്റം; ​ഗൂ​ഗിൾ പേ, ഫോൺ പേ, പേടിഎം ഉപഭോക്താക്കൾക്ക് പണികിട്ടും; ശ്രദ്ധിക്കാം

SHARE
 യുപിഐ അഥവാ യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് എന്നൊക്കെ പറഞ്ഞാൽ വേറെ ലോകമാണെന്ന് ആള് തെറ്റിദ്ധരിക്കും. ​​ഗൂ​ഗിൾ പേ, അതാണ് മലയാളി ശീലം. കടയിൽ കയറി സാധനം വാങ്ങി കഴിഞ്ഞാൽ ​ഗൂ​ഗിൾ പേ ചെയ്യാമെന്ന് പറയുന്നതാണ് പുതിയ കാലത്തെ രീതി. ​ഫോൺ പേ, പേടിഎം, ആമസോൺ പേ എന്നിങ്ങനെ യുപിഐ സേവനം നൽകുന്ന കമ്പനി ഏതാണെങ്കിലും പൊതുവെയുള്ള പേര് ​ഗൂ​ഗിൾ പേയാണ്. സം​ഗതി എന്താലായലും മാസന്തോറും യുപിഐ ഇടപാടുകൾ വർധിച്ചു വരികയാണ്.

ഒക്ടോബർ മാസത്തിൽ 17.16 ലക്ഷം കോടി രൂപ മൂല്യമുള്ള 11 ബില്യൺ ഇടപാടാണ് യുപിഐ വഴി നടന്നത്. സൗകര്യപ്രദമായ ഇടപാടിലേക്ക് മാറുമ്പോഴും പലരും യുപിഐ അക്കൗണ്ടുകൾക്ക് വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ല. ബാങ്കുകൾ വഴിയും തേഡ് പാർട്ടി ആപ്പ് വഴിയും യുപിഐ അക്കൗണ്ട് ഉണ്ടാക്കിയവരാണെങ്കിൽ അശ്രദ്ധ കുറവിന് വേണ്ട പണി കൊടുക്കാനാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)യുടെ തീരുമാനം.

ഉപയോ​​ഗത്തില്ലാത്ത യുപിഐ ഐഡികൾ നിർജ്ജീവമാക്കാനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്.

എല്ലാ ബാങ്കുകളും തേഡ് പാർട്ടി യുപിഐ സേവന ദാതാക്കളായ ​ഗൂ​ഗിൾ പേ, ഫോൺ പേ, പേടിഎം പോലുള്ള ആപ്പുകളും ഒരു വർഷത്തിലേറെയായി ഇടപാടുകൾ നടത്താത്ത യുപിഐ ഐഡികൾ കണ്ടെത്താനാണ് നിർദ്ദേശം.

ഡിസംബർ 31-ന് ശേഷം ഈ കാര്യത്തിൽ നടപടികളിലേക്ക് എൻപിസിഐ നടക്കും. അതായത് കഴിഞ്ഞ വർഷം ഇടപാട് നടത്താത്ത ഐഡികളായിരിക്കും എൻപിസിഐ ബ്ലോക്ക് ചെയ്യുക.

നടപടികൾ ഇങ്ങനെ നിഷ്‌ക്രിയമായ യുപിഐ ഐഡിയും ഉപഭോക്താവ് ലിങ്ക് ചെയ്‌ത മൊബൈൽ നമ്പറും പുതിയ മാർ​ഗ നിർദ്ദേശത്തിന് അനുസൃതമായി പേയ്മെന്റ് സർവീസ് പ്രൊവൈഡർ (പിഎസ്പി) ബാങ്കുകളും എല്ലാ മൂന്നാം കക്ഷി ആപ്പുകളും പരിശോധിച്ചുറപ്പിക്കും.

യുപിഐ ഐഡി ഉപയോഗിച്ച് ക്രെഡിറ്റ്, ഡെബിറ്റ് ഇടപാടുകൾ നടന്നിട്ടില്ലെങ്കിൽ ഐഡികൾ ക്ലോസ് ചെയ്യാനാണ് തീരുമാനം. പുതിയ വർഷം മുതൽ ഉപഭോക്താക്കൾക്ക് പഴയ ഐഡികൾ ഉപയോഗിച്ച് ഇടപാട് നടത്താൻ കഴിയില്ല.

ഉപയോ​ഗത്തില്ലാത്ത യുപിഐ ഐഡികൾ തിരിച്ചറിയാൻ പിഎസ്പി ബാങ്കുകൾക്കും മൂന്നാം കക്ഷി ആപ്പുകൾക്കും എൻപിസിഐ ഡിസംബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.



SHARE

Author: verified_user