കോഴിക്കോട്: ദേശീയപാതയില്‍ വെങ്ങളത്തിന് സമീപം വണ്‍വേ തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു. മൂന്നുമാസത്തേക്കാണ് ബസിന്‍റെ ഡ്രൈവർ ജി എസ് ശരത് ലാലിന്‍റെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്‌തത്. കോഴിക്കോട്-കണ്ണൂർ റൂട്ടില്‍ സർവീസ് നടത്തുന്ന ഒമേഗ ബസാണ് അപകടകരമായ യാത്ര നടത്തിയതായി കോഴിക്കോട് എൻഫോഴ്‌സ്മെന്‍റ് വിഭാഗം കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്‌ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. ദേശീയപാതയുടെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇരുദിശയിലേക്കും രണ്ട് വ്യത്യസ്‌ത റോഡുകളിലൂടെ വണ്‍വേ ആയിട്ടാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. കണ്ണൂർ ഭാഗത്തേക്ക് ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. അതിനിടെയാണ് കുരുക്ക് മറിക്കടക്കാൻ ബസ് ഡ്രൈവർ വെങ്ങളത്തിനു സമീപത്തുവെച്ച് വണ്‍വേ തെറ്റിച്ച് ഏറെ ദൂരം ഓടിച്ചത്.
ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. വാഹനയാത്രക്കാർ ഇടപെട്ടതോടെ മെയിൻ റോഡില്‍നിന്ന് മാറി സർവീസ് റോഡിലൂടെ തെറ്റായ ദിശയിലൂടെതന്നെ യാത്ര തുടരുകയായിരുന്നെന്നും ഗുരുതരമായ നിയമലംഘനമാണ് ഡ്രൈവർ നടത്തിയതെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് ഡ്രൈവറുടെ ലൈൻസ് സസ്‌പെൻഡ് ചെയ്‌തതെന്നും എൻഫോഴ്‌സ്മെന്‍റ് ആർടിഒ, ബി ഷെഫീഖ് അറിയിച്ചു.
സംഭവത്തിന്‍റെ ദൃശ്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് ഡ്രൈവർക്ക് ചേവായൂർ എൻഫോഴ്‌സ്മെന്‍റ് ഓഫീസില്‍ ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് കൊടുത്തിരുന്നു. വെള്ളിയാഴ്‌ച ഓഫീസില്‍ ഹാജരായ ഡ്രൈവറുടെ മറുപടികേട്ട ശേഷമാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്‌തത്. ചേവായൂരില്‍ നടക്കുന്ന റോഡ് സേഫ്റ്റി ക്ലാസില്‍ പങ്കെടുക്കണമെന്നും ഡ്രൈവറെ അറിയിച്ചിട്ടുണ്ട്.
സമാനമായ രീതിയിൽ കോഴിക്കോട് കല്ലാച്ചി-വളയം റോഡിലൂടെ യുവാക്കള്‍ അപകടകരമായരീതിയില്‍ കാറോടിച്ച സംഭവത്തിലും ഡ്രൈവറുടെ ലൈസൻസ് ഒരുമാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തു. കോഴിക്കോട് എൻഫോഴ്‌സ്മെന്‍റ് ആർടിഒ ബി ഷെഫീക്കാണ് വാഹനമോടിച്ച ആയഞ്ചേരി സ്വദേശി മുഹമ്മദ് മാസിന്‍റെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തത്. ഇതിനുപുറമെ ചേവായൂരില്‍ നടക്കുന്ന ഒരുദിവസത്തെ റോഡ് സേഫ്റ്റി ക്ലാസിലും പങ്കെടുക്കണം.
ആയഞ്ചേരിയില്‍നിന്ന് വിവാഹപാർട്ടിയുടെ കൂടെ വരുകയായിരുന്ന കാറില്‍ പിന്നിലെ ഇരുവശങ്ങളിലെയും ഡോറിനുമുകളില്‍ യുവാക്കള്‍ ഇരുന്ന് അപകടകരമായരീതിയില്‍ യാത്രചെയ്യുകയായിരുന്നു. പിന്നിലെ വാഹനത്തിലെ യാത്രക്കാർ സംഭവം മൊബൈലില്‍ പകർത്തി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തത്.