Monday, 17 June 2024

വീട്ടുമുറ്റത്ത് നിലക്കവേ ദേഹത്ത് പന മറിഞ്ഞുവീണു; വൃദ്ധയ്ക്ക് ദാരുണാന്ത്യം

SHARE

 


കോഴിക്കോട്: പെരുമണ്ണ പുത്തൂർ മഠത്ത് കൂറ്റൻ പന ദേഹത്തേക്ക് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. പെരുമണ്ണ പുത്തൂർ മഠം വടക്കേപറമ്പ് അരമ്പചാൽ ചിരുത കുട്ടി 88 ആണ് മരിച്ചത്. വീടിനുമുറ്റത്ത് നിൽക്കുകയായിരുന്ന ചിരുത കുട്ടിയുടെ ദേഹത്തേക്ക് തൊട്ടടുത്ത പറമ്പിലെ കൂറ്റൻ പന വീഴുകയായിരുന്നു. ഇന്ന് രാവിലെ 11:30 ഓടെയാണ് അപകടം നടന്നത്.

വീടിന് തൊട്ടു താഴെയുള്ള പറമ്പിൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പന പിഴുതെടുക്കുന്ന ജോലി നടന്നിരുന്നു. ഈ സമയത്ത് കൊച്ചുമകളോടൊപ്പം മുറ്റത്ത് നിൽക്കുകയായിരുന്നു ചിരുത കുട്ടി. പെട്ടെന്ന് തൊട്ടടുത്ത പ്ലാവിനു മുകളിലൂടെ പന ഇവരുടെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞുവീണു. ഈ സമയം മുറ്റത്ത് നിന്ന ചിരുത കുട്ടിയുടെ ദേഹത്തേക്കാണ് പന വീണത്.

നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. മരത്തിനടിയിൽ കുടുങ്ങിയ ഇവരെ പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ ടിഡിആർഎഫ് വളണ്ടിയർമാരും സ്ഥലത്തെത്തി. മരത്തിന്‍റെ കൊമ്പ് മുറിച്ചു നീക്കിയാണ് പരിക്കേറ്റ ചിരുത കുട്ടിയെ പുറത്തെടുത്തത്. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ പേരക്കുട്ടി എട്ടു വയസ്സുകാരിയായ ആരാധനയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടിയെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. പന്തിരങ്കാവ് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user