കലവൂർ (ആലപ്പുഴ): കെഎസ്ഇബിയുടെ വൈദ്യുതിവിതരണ കമ്പികളിൽനിന്നുണ്ടായ അമിതമായ വൈദ്യുതിപ്രവാഹത്തിൽ 40- ഓളം വീടുകളിൽ ഇലക്ട്രോണിക്സ് ഇലക്ട്രിക്കൽ ഉപകരണങ്ങൾ കത്തിനശിച്ചു. കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്തുനിന്നു വടക്കോട്ടുള്ള വീടുകളിലേക്ക് കഴിഞ്ഞദിവസം രാത്രി പതിനൊന്നോടെയാണ് അമിതമായ വൈദ്യുതിപ്രവാഹമുണ്ടായത്.
എസി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, ടിവി, സിസിടിവി, മിക്സി, ബൾബുകൾ, കംപ്യൂട്ടർ, മോട്ടോർ തുടങ്ങിയവയാണ് നശിച്ചത്. തീയും പുകയുംവന്ന് നിന്നുപോകുകയായിരുന്നു ഉപകരണങ്ങളെല്ലാമെന്ന് വീട്ടുകാർ പറയുന്നു. ഇതിനുപിന്നാലെ വോൾട്ടേജ് കുറഞ്ഞാണ് വൈദ്യുതിവിതരണം ഉണ്ടായിരുന്നതെന്നും പ്രദേശവാസികൾ പറയുന്നു. വെളിയിൽ ഷാജിമോൻ, തകിടിവെളി വിജയൻ, മോഹനൻ മോഹനം, പുഷ്പജം അശ്വതി ഭവൻ, മോഹനൻ തകിടിവെളി തുടങ്ങിയ നാല്പതോളം വീടുകളിലാണ് നാശം സംഭവിച്ചത്.
ശനിയാഴ്ച വൈകിട്ടോടെയാണ് തകരാർ പരിഹരിച്ച് വൈദ്യുതിവിതരണം പൂർവസ്ഥിതിയിലായത്. മോഹനം വീട്ടിൽ അമിതമായ വൈദ്യുതിപ്രവാഹത്തെ തടയാൻ സ്ഥാപിച്ചിരുന്ന ഉപകരണത്തിനും വെള്ളിയാഴ്ച രാത്രിയിൽ തകരാർ സംഭവിച്ചു. പിറ്റേദിവസം ഈ ഉപകരണത്തിന്റെ തകരാർ പരിഹരിച്ചപ്പോൾത്തന്നെ അമിതവൈദ്യുതി പ്രവാഹമുണ്ടായി ഫ്രിഡ്ജ്, റേഡിയോ, വൈദ്യുതി ഉപകരണങ്ങൾ എന്നിവ നശിച്ചുപോയതായി വീട്ടുകാർ പറയുന്നു.
വെളിയിൽ ഷാജിമോന്റെ വീട്ടിൽ സിസിടിവിയും അനുബന്ധ ഉപകരണങ്ങളും പുഷ്പജത്തിന്റെ വീട്ടിൽ ടിവിയും തകിടിയിൽ മോഹനന്റെ വീട്ടിൽ കുഴൽക്കിണറിന്റെ മോട്ടോറുമാണ് നശിച്ചത്. ഈ പ്രദേശത്ത് കഴിഞ്ഞദിവസങ്ങളിൽ തുടർച്ചയായി വോൾട്ടേജ് വ്യതിയാനം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. തക്കസമയത്ത് ഈ പ്രശ്നം പരിഹരിക്കാത്തതാണ് വലിയ നാശത്തിനിടയാക്കിയതെന്നു നാട്ടുകാർക്ക് പരാതിയുണ്ട്.
ബ്ലോക്ക് ഓഫീസ് ട്രാൻസ്ഫോർമറിൽനിന്നു പോകുന്ന ത്രീ ഫേസ് ലൈനിലെ ന്യൂട്രൽ തകരാറായതാണ് അമിതമായി വൈദ്യുതി പ്രവാഹത്തിനിടയാക്കിയതെന്നും പരാതി ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ പരിഹരിച്ചുവെന്നും കെഎസ്ഇബി എസ്എൽ പുരം സെക്‌ഷൻ അസിസ്റ്റന്റ് എൻജിനിയർ സജിത്ത് പറഞ്ഞു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക