വാഹനം ഓടിക്കുന്ന ആൾക്ക് ചക്കപ്പഴം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥ. അരിഷ്ടം കുടിച്ചയാളും കുടുങ്ങി. മദ്യപിച്ചവരെ കുടുക്കാനാണ് ബ്രെത്തലൈസർ. എന്നാലിപ്പോ കുടിച്ചവരും കുടിക്കാത്തവരും കുടുങ്ങുന്ന സ്ഥിതിയാണ്. ഇനി മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകളിൽ ബ്രെത്തലൈസർ ഉപയോഗിക്കുന്നതിനു മുമ്പ് എയർ ബ്ലാങ്ക് ടെസ്റ്റ് നിർബന്ധമാക്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് കേരള ഹൈക്കോടതി. ഈ സമയം ഉപകരണത്തിൽ '0.000' റീഡിങ് കാണിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. ഇതിനായി ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ പൊലീസ് ഡയറക്ടർ ജനറലിന് കേരള ഹൈക്കോടതി നിർദ്ദേശം നൽകി.
ബ്രെത്തലൈസർ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും മുൻ പരിശോധനകളിൽ നിന്നുള്ള ആൽക്കഹോളിന്റെ അശം അതിൽ കലർന്നിട്ടില്ലെന്നും ഉറപ്പാക്കുക എന്നതാണ് ബ്ലാങ്ക് ടെസ്റ്റിന്റെ പ്രാഥമിക ലക്ഷ്യമെന്നും കോടതി കൂട്ടിച്ചേർത്തു. പരിശോധന നടത്തിയ സമയത്തെ ബ്ലാങ്ക് ടെസ്റ്റ് റീഡിങ് '0.000' എന്നതിനെ ആശ്രയിച്ചാണ്ബ്രെത്തലൈസർ പരിശോധനയുടെ ആധികാരികതയും സ്വീകാര്യതയും, വിലയിരുത്തുന്നതെന്നും കോടതി വിശദമാക്കി.
തിരുവനന്തപുരം സ്വദേശി ശരൺ കുമാർ എസിനെതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവ് പുറപ്പെടുവിച്ചത്. 2024 ഡിസംബർ 30 നായിരുന്നു കേസിന് ആസ്പദമായ സംഭവം. അന്ന് രാത്രി ഏകദേശം 8:30 ന് മെഡിക്കൽ കോളേജ്-കുമാരപുരം റോഡിൽ വച്ച് ഹർജിക്കാരൻ തന്റെ സ്കൂട്ടർ അശ്രദ്ധമായി ഓടിച്ചെന്ന ആരോപണത്തിൻ മേലാണ് കേസ് രജിസ്റ്റർ ചെയ്തത്. വാഹനം തടഞ്ഞുനിർത്തുകയും, മദ്യപിച്ചിട്ടുണ്ടെന്ന സംശയത്തിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ബ്രെത്തലൈസർ പരിശോധന നടത്തിയ ശേഷം സ്വയം ജാമ്യത്തിൽ വിട്ടയക്കുകയാണ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പരിശോധന റിപ്പോർട്ടിൽ ഹർജിക്കാരന്റെ ശ്വസന സാമ്പിൾ എടുക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ ബ്ലാങ്ക് ടെസ്റ്റിലെ റീഡിങ് 412 mg/100 ml ആണ്. ഹർജിക്കാരന് മറ്റ് വൈദ്യപരിശോധന ഒന്നും നടത്താത്തതിനാല്‍ രക്തത്തിൽ മദ്യത്തിന്റെ അളവ് തെളിയിക്കുന്നതിനുള്ള തെളിവുകളൊന്നും ഇല്ല. അതിനാൽ തന്നെ ഇത്തരം സാഹചര്യങ്ങളിൽ സെക്ഷൻ 185 ((മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കൽ) പ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക